Latest News

ഹജ്ജ് ക്വാട്ട: കേരളത്തിന് 5633 സീറ്റ് മാത്രം; അപേക്ഷകരില്‍ 85 ശതമാനവും പുറത്ത്‌

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജ് ക്വാട്ട വീതിച്ചപ്പോള്‍ കേരളത്തിനു ലഭിച്ചത് 5,633 സീറ്റ് മാത്രം. വിവിധ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ഹജ്ജ് കമ്മിറ്റി 94,000 സീറ്റാണ് വീതിച്ചുനല്‍കിയത്. 2001ലെ ജനസംഖ്യാ കണക്കിലെ മുസ്‌ലിം ശതമാനമനുസരിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് സീറ്റ് അനുവദിച്ചത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് കേരളത്തില്‍നിന്നാണ്. 2001ലെ സെന്‍സസ് പ്രകാരം 5,349 സീറ്റാണ് കേരളത്തിന് ഹജ്ജ് ക്വാട്ടയായി ലഭിച്ചത്. അസം, ബിഹാര്‍, ത്രിപുര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഒഴിവുള്ള 6,427 സീറ്റ് വീതംവച്ചപ്പോള്‍ കേരളത്തിന് 284 സീറ്റ് കൂടി ലഭിച്ചു.

ഇതുകൂടി പരിഗണിച്ചാണ് സംസ്ഥാനത്തിന് 5,633 സീറ്റ് ലഭിച്ചത്. കേരളത്തില്‍ 65,201 പേരാണ് ഈ വര്‍ഷം അപേക്ഷ നല്‍കിയത്. ക്വാട്ട പ്രകാരം അപേക്ഷകരില്‍ 8.64 ശതമാനം പേര്‍ക്ക് മാത്രമാണ് ഹജ്ജിന് സീറ്റ് ലഭിച്ചത്.

ഹജ്ജ് ക്വാട്ട ഏറ്റവും കൂടുതല്‍ ലഭിച്ചത് ഉത്തര്‍പ്രദേശിനാണ്. 22,019 സീറ്റാണ് യു.പിക്ക് മാത്രമായി ലഭിച്ചത്. പശ്ചിമ ബംഗാളിന് 10,545 സീറ്റും ബിഹാറിന് 7912 സീറ്റും ലഭിച്ചു. അതേസമയം, അസമില്‍ 1,710, ബിഹാറില്‍ 1422, ത്രിപുരയില്‍ 72, പശ്ചിമ ബംഗാളില്‍ 3,223 സീറ്റുകള്‍ അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.

കേരളത്തില്‍ ഹജ്ജിന് അപേക്ഷ നല്‍കിയ 70 വയസ്സിന് മുകളില്‍ പ്രായമുള്ള എ വിഭാഗത്തില്‍ 1,851 പേരും അഞ്ചാംവര്‍ഷക്കാരുടെ ബി-പ്ലസ് വിഭാഗത്തില്‍പ്പെട്ട 3,068 പേരും ഉള്‍പ്പെടെ 4,919 പേര്‍ക്ക് നേരിട്ട് ഹജ്ജിന് അവസരം ലഭിക്കും. നാലാംവര്‍ഷക്കാരായ ബി വിഭാഗത്തില്‍ 10,124 അപേക്ഷകരാണുള്ളത്. ഇവരില്‍ 714 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കും. ശേഷിക്കുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്നതിനനുസരിച്ച് അവസരം നല്‍കും. നറുക്കെടുപ്പ് 21ന് രാവിലെ ഒമ്പതുമണിക്ക് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍നിന്നു കഴിഞ്ഞ വര്‍ഷം നേരിട്ട് അവസരം ലഭിക്കേണ്ട സംവരണവിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ ഹജ്ജിന് പ്രത്യേകം പരിഗണിക്കാമെന്നറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല. എന്നാല്‍, ഗുജറാത്തിന് അഞ്ചാംവര്‍ഷക്കാരെ പരിഗണിച്ച് കൂടുതല്‍ സീറ്റ് അനുവദിക്കുകയും ചെയ്തു.

കേരളത്തേക്കാള്‍ കുറവ് മുസ്‌ലിം ജനസംഖ്യയും ഹജ്ജ് അപേക്ഷകരുമുള്ള ഗുജറാത്തിന് 6,272 സീറ്റ് അനുവദിച്ചു. 2001ലെ സെന്‍സസ് പ്രകാരം ഗുജറാത്തിന് 3,124 സീറ്റും കഴിഞ്ഞ വര്‍ഷം ഹജ്ജിന് പോവാന്‍ കഴിയാത്ത നാലാംവര്‍ഷക്കാരെ പരിഗണിച്ച് 2,982 സീറ്റും നല്‍കി.

അസം, ബിഹാര്‍, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഒഴിവുള്ള സീറ്റ് വീതംവച്ചപ്പോള്‍ 166 സീറ്റ് കൂടി ലഭിച്ചു. ഇതുപ്രകാരം 6,272 സീറ്റാണ് ഗുജറാത്തിന് ലഭിച്ചത്. എന്നാല്‍, അഞ്ചാംവര്‍ഷക്കാരായ 3,068 അപേക്ഷകരുള്ള കേരളത്തിന് ഈ വിഭാഗത്തില്‍ ഒരു സീറ്റ് പോലൂം ലഭിച്ചില്ല.

Keywords: Kerala News, Hajj 2015,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.