Latest News

സഹോദര ഭാര്യയെ പൊള്ളിക്കാന്‍ കൂട്ടുനിന്ന വനിതാ ഡോക്ടര്‍ ഗാര്‍ഹിക പീഡനം തടയാനുള്ള സീതാലയം പദ്ധതിയുടെ ചുമതലക്കാരി

നീലേശ്വരം: കാഞ്ഞങ്ങാട് കൂളിയങ്കാലിലെ സി അബ്ദുള്ളക്കുഞ്ഞിയുടെ മകള്‍ നാസിയയെ (29) നീലേശ്വരം പേരോലിലുള്ള ഭര്‍തൃ ഗൃഹത്തില്‍ വെച്ച് ഭര്‍ത്താവ് ഫൈസല്‍ കൊല്ലാകൊല ചെയ്തു വരുമ്പോള്‍ അതിനൊക്കെ കൂട്ടുനിന്ന ഫൈസലിന്റെ സഹോദരി ഡോക്ടര്‍ നാദിറ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ഗാര്‍ഹികപരമായുമുള്ള പീഡനത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനും ബോധവല്‍ക്കരണം നടത്താനും സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച പ്രത്യേക സംരംഭത്തിന്റ ചുമതലക്കാരി.

ഗാര്‍ഹിക പീഡനത്തിനെതിരെയുള്ള പ്രത്യേക കമ്മിറ്റിയുടെ ചുമതലക്കാരി തന്നെ സ്വന്തം സഹോദരന്റെ ഭാര്യയോട് സമാനതകളില്ലാതെ മാസങ്ങളായി ക്രൂരത തുടര്‍ന്നു വരികയായിരുന്നു.
തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടറായ നാദിറക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ച് ഈ അടുത്ത കാലത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച സീതാലയം പദ്ധതിയില്‍ ആഴ്ചയില്‍ ഒരു ദിവസം ചുമതലയുണ്ട്.
സ്ത്രീകളുടെയും പ്രത്യേകിച്ച് അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും അവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കതിരെ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന പ്രത്യേക സമിതിയാണ് സീതാലയം.

ഗാര്‍ഹിക പീഡനം, ജോലി സ്ഥലത്തുള്ള പീഡനം, പൊതു സ്ഥലത്തുള്ള പീഡനം, സ്ത്രീ സഞ്ചാര സ്വാതന്ത്ര്യ നിഷേധം, സ്ത്രീകളനുഭവിക്കുന്ന മാനസീകവും ശാരീരികവുമായ വിഷമതകള്‍ തുടങ്ങിയ വിഷയങ്ങള്‍ സീതാലയം പരിഗണിക്കുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു വരികയാണ്. 

സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ്, ആഭ്യന്തര വകുപ്പ്, നിയമ വകുപ്പ്, വനിതാ കമ്മീഷന്‍ എന്നീ സ്ഥാപനങ്ങളുടെ സേവനം ആവശ്യമായ ഘട്ടത്തില്‍ ലഭ്യമാക്കാനുള്ള അധികാരവും സീതാലയത്തിനുണ്ട്.
മൊത്തത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിനെതിരെ നിലകൊള്ളുന്ന കാസര്‍കോട് ജില്ലയിലെ സ്ഥാപനത്തിന്റെ ചുമതലക്കാരിലൊരാളായ നാദിറ സഹോദരന്റെ ഭാര്യയോട് പെരുമാറിയത് നീതീകരിക്കാനാവാത്ത നിലപാടുകള്‍.
മൂന്ന് മക്കളുടെ മാതാവായ നാസിയയുടെയും ഡോക്ടര്‍ നാദിറയുടെ സഹോദരന്‍ ഫൈസലിന്റെയും വിവാഹം നടന്നത് 14 വര്‍ഷം മുമ്പാണ്.  വിവാഹ സമയത്ത് 60 പവന്‍ സ്വര്‍ണാഭരണം സ്ത്രീധനമായി നല്‍കി. പിന്നീട് പല ഘട്ടത്തിലും ഫൈസല്‍ നാസിയയുടെ വീട്ടുകാരോട് പലതും പറഞ്ഞ് പണം കൈക്കലാക്കിയിട്ടുണ്ട്. എന്നിട്ടും നാസിയക്ക് അനുഭവിക്കേണ്ടി വന്നത് കൊടും ക്രൂരതയാണ്.
പട്ടിണിക്കിടുക, കൈകാലുകള്‍ തല്ലിയൊടിക്കുക, ദേഹത്ത് ഇസ്തിരിപ്പെട്ടി കൊണ്ട് ചുട്ടു പൊള്ളിക്കുക, മരുഭൂമിയിലെ ഒട്ടകങ്ങളെ ചാട്ടവാറു കൊണ്ട് അടിച്ച് പീഡിപ്പിക്കുന്നതിനു തുല്യമായി ബെല്‍ട്ട് കൊണ്ട് പുറം അടിച്ച് പൊട്ടിക്കുക ഇതൊക്കെയായിരുന്നു ഫൈസലും വനിതാ ഡോക്ടറും മാതാവും നാസിയയോട് കാണിച്ച കൊടും ക്രൂരതകള്‍. 

കഴിഞ്ഞ വ്യാഴാഴ്ച രാത്രി വളരെ വൈകുവോളം നാസിയ ഭര്‍തൃ ഗൃഹത്തില്‍ പീഡനത്തിനിരയായി.
വിവരമറിഞ്ഞ് നാസിയയെ സ്വന്തം സഹോദരനെത്തിയാണ് ആ വീട്ടില്‍ നിന്ന് രക്ഷപ്പെടുത്തി അതിഞ്ഞാലിലെ മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചത്. 

നാസിയ ഇപ്പോള്‍ സര്‍ക്കാരിന്റെ സൗജന്യ നിയമ -വൈദ്യ സഹായം ഉറപ്പു വരുത്തുന്നതിന് സ്ത്രീ സുരക്ഷാ ഓഫീസര്‍ വി സുലജയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ ഫൈസലും ഡോക്ടര്‍ നാദിറയും അടങ്ങുന്ന കുടുംബം മംഗലാപുരത്ത് രഹസ്യ കേന്ദ്രത്തില്‍ കഴിഞ്ഞതായി പോലീസിന് സൂചന ലഭിച്ചു. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചപ്പോഴാണ് മംഗലാപുരത്തുള്ള കാര്യം തെളിഞ്ഞത്.
തിങ്കളാഴ്ച രാത്രിയോട് കൂടി ഇവര്‍ മംഗലാപുരത്ത് നിന്ന് തടിതപ്പി. മൊബൈല്‍ ഫോണ്‍ മംഗലാപുരം ടവര്‍ ലൊക്കേഷന് പുറത്തേക്ക് മാറിയിട്ടുണ്ട്. ഏതായാലും ഇവര്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമം 307- വധശ്രമം, 323-326 ക്രൂര മര്‍ദ്ദനമുറകള്‍ നടത്തി കൊല്ലാക്കൊല ചെയ്യുക, 498- സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നീലേശ്വരം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കേരളാ ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ട്രഷറര്‍ കൂടിയാണ് ഡോ. നാദിറ.

Keywords: Kerala News,Kasaragod News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.