Latest News

തൂണേരി വീട് തീവെപ്പ്, കൊള്ള: രണ്ട് സി.പി.എമ്മുകാര്‍കൂടി അറസ്റ്റില്‍

നാദാപുരം: [www.malabarflash.com] തൂണേരി വീട് തീവെപ്പ്, കൊള്ള കേസുകളില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍. കോടഞ്ചേരിതാഴെ വടക്കയില്‍ ബിജിത് (27), ചെക്യാട് പുളിയാവ് കിഴക്കയില്‍ വിജേഷ് (32) എന്നിവരെയാണ് നാദാപുരം എസ്.ഐ കെ.ടി. ശ്രീനിവാസന്‍ അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മതസ്പര്‍ധയുണ്ടാക്കിയതിന് 153എ വകുപ്പുകൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതിനിടെ, തീവെച്ചു നശിപ്പിച്ച വീടുകളില്‍നിന്ന് കവര്‍ച്ചചെയ്ത മുതലുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായി നേരത്തേ അറസ്റ്റിലായ 20 പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇവരെ ചോദ്യംചെയ്യുന്നതോടെ, കൊള്ളമുതലുകളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

വീടാക്രമണത്തിന്‍െറ വിഡിയോ ദൃശ്യങ്ങളും മറ്റും പരിശോധിച്ചതില്‍നിന്ന് ലഭിച്ച കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിലാാണ് റിമാന്‍ഡില്‍ കഴിയുന്ന 20 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ നേരത്തേ 10 പവന്‍ സ്വര്‍ണാഭരണങ്ങളുമായി അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകന്‍ കൊള്ളിയന്‍റവിട രാജീവന്‍, രണ്ടര പവന്‍ സ്വര്‍ണ ബ്രേസ്ലറ്റ് കവര്‍ച്ചചെയ്ത ചാമപറമ്പത്ത് ലിനീഷ് എന്നിവരും ഇതിലുള്‍പ്പെടും.

വീട് തീവെപ്പും കൊള്ളയും നടന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കവര്‍ച്ചമുതലുകള്‍ വീണ്ടെടുക്കാന്‍ കഴിയാത്തതില്‍ പൊലീസിനെതിരെ വന്‍ ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഇതിനുള്ള അന്വേഷണം ഊര്‍ജിതമാക്കാന്‍ പ്രത്യേക ടീമിനെതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തീവെച്ചു നശിപ്പിക്കപ്പെട്ട വീടുകളില്‍നിന്ന് നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കാനുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കസ്റ്റഡിയിലെടുത്ത പ്രതികളെ വിവിധ സ്ക്വാഡുകളാണ് ചോദ്യംചെയ്യുന്നത്.
അതിനിടെ, കൊള്ളമുതലുകള്‍ വീണ്ടെടുക്കുന്നതില്‍ പൊലീസിനു മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത് രാഷ്ട്രീയസമ്മര്‍ദമാണെന്ന് ആക്ഷേപമുയര്‍ന്നു. വീടാക്രമണ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് പ്രത്യക്ഷത്തില്‍ രംഗത്തിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടി കവര്‍ച്ചകേസില്‍കൂടി ഉള്‍പ്പെട്ടവര്‍ക്കുവേണ്ടി അണിയറയിലാണ് സമ്മര്‍ദവുമായി രംഗത്തുള്ളതത്രെ.

Keywords: Kasaragod, Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.