അബൂദാബി: (www.malabarflash.com)കുറഞ്ഞ ശമ്പളത്തില്‍ ജീവിതത്തിന്‍െറ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന മദ്രസ അധ്യാപകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ അബൂദാബി- കാസര്‍കോട് ജില്ലാ കെ.എം.സി.സി നേതൃത്വത്തില്‍ ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യുന്നു. സയ്യാറത്തുറഹ്മ (കാരുണ്യ വാഹനം) എന്ന് പേരിട്ട പദ്ധതിയിലൂടെയാണ് കാസര്‍കോട്ടെ അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത പത്ത് മദ്രസാ അധ്യാപകര്‍ക്ക് ഓട്ടോറിക്ഷകള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം മുസ്ലിം ലീഗും കെ.എം.സി.സിയും ചേര്‍ന്ന് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിന് നടപ്പാക്കുന്ന ‘ബൈത്തുറഹ്മ’ പദ്ധതിയുടെ മാതൃകയിലാണ് സയ്യാറത്തുറഹ്മ നടപ്പാക്കുന്നത്. കെ.എം.സി.സി കമ്മിറ്റികളില്‍ ആദ്യമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മറ്റ് കമ്മിറ്റികള്‍ക്ക് ഇത് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അബൂദാബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ജംഇയ്യത്തുല്‍ മുഅല്ലിമീന് ലഭിച്ച നൂറോളം അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് മദ്രസാ അധ്യാപകര്‍ക്കുളള ഓട്ടോറിക്ഷ വിതരണം ഏപ്രില്‍ രണ്ടിന് രാത്രി എട്ടിന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടക്കും. വാഹനത്തിന്‍െറ മുഴുവന്‍ ചെലവും അടക്കം അടച്ചുള്ള ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിപാടിയില്‍ വെച്ച് മണ്ഡലം ഭാരവാഹികള്‍ക്ക് അവര്‍ ഇത് അര്‍ഹര്‍ക്ക് കൈമാറുകയും ചെയ്യും.
പരിപാടിയില്‍ കെ.എം.സി.സിയുടെയും ഇസ്ലാമിക് സെന്‍ററിന്‍െറയും പ്രമുഖ ഭാരവാഹികള്‍ പങ്കെടുക്കും.ഇതോട് അനുബന്ധിച്ച് നടക്കുന്ന വിജ്ഞാനസദസ്സില്‍ പ്രമുഖ പ്രഭാഷകന്‍ ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തും.
20ലക്ഷത്തോളം രൂപയാണ് പദ്ധതിക്ക് ചെലവ് വന്നിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ ബൈത്തുറഹ്മ പദ്ധതികള്‍ വിജയകരമായി മുന്നോട്ടുപോകുന്നതായും ഭാരവാഹികള്‍ പറഞ്ഞു. 2012- 15 വര്‍ഷത്തില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ മാത്രം പാവപ്പെട്ടവര്‍ക്കായി 12 വീടുകളാണ് നിര്‍മിച്ചത്. ജില്ലയില്‍ വിവിധ മണ്ഡലം കമ്മിറ്റികളുടെയും മറ്റും നേതൃത്വത്തില്‍ മൊത്തം 35ഓളം വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്‍റ് പി.കെ. അഹമ്മദ് ബല്ലാ കടപ്പുറം, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ പൊവ്വല്‍, ട്രഷറര്‍ അഷ്റഫ് കീഴൂര്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, പ്രോഗ്രാം പബ്ളിസിറ്റി വിങ് ചെയര്‍മാന്‍ സി.എച്ച്. മുഹമ്മദ് അഷറഫ്, ഫൈനാന്‍സ് വിങ് ചെയര്‍മാന്‍ എം.എം. നാസര്‍, സംസ്ഥാന കെ.എം.സി.സി ട്രഷറര്‍ സി. മുഹമ്മദ് സമീര്‍, അബൂബക്കര്‍ സേഫ്ലൈന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
No comments:
Post a Comment