Latest News

യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ ഭര്‍ത്താവും സഹായിയും അറസ്റ്റില്‍

കോന്നി:  യുവതിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന കേസില്‍ ഭര്‍ത്താവിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് ആശുപത്രിക്കു സമീപം താമസിക്കുന്ന കിഴക്കേച്ചരുവില്‍ പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍ (45), തണ്ണിത്തോട് പ്ലാന്റേഷന്‍ സി- ഡിവിഷനിലെ താമസക്കാരനായ പ്രകാശ് (35) എന്നിവരെയാണ് കോന്നി സിഐ ബി. എസ്. സജിമോന്‍ അറസ്റ്റ് ചെയ്തത്.

സുനില്‍കുമാറിന്റെ ഭാര്യ ശ്രീജയാണ് (30) ആസിഡ് ആക്രമണത്തില്‍ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. പത്തനംതിട്ടയില്‍ വക്കീല്‍ ഗുമസ്തയായി ജോലി ചെയ്യുകയായിരുന്നു ശ്രീജ.

പൊലീസ് പറയുന്നത്: കഴിഞ്ഞ 21നു രാത്രി എട്ടിനാണ് സംഭവം. ആരോ മുട്ടിവിളിക്കുന്നതു കേട്ടു കതകു തുറന്ന ശ്രീജയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശ്രീജയ്ക്ക് അറിയാവുന്ന ആളുടെ പേര് പറഞ്ഞാണ് വിളിച്ചത്. പിന്നീട് ശ്രീജയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു പലരെയും ചോദ്യം ചെയ്തിരുന്നെങ്കിലും തുമ്പു കിട്ടിയില്ല. തുടര്‍ന്ന് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംശയം ഇവരുടെ ഭര്‍ത്താവിലേക്കു നീണ്ടത്.

അതേസമയം, ശ്രീജ നല്‍കിയ മൊഴിയില്‍ മറ്റൊരാളുടെ പേരാണ് സൂചിപ്പിച്ചിരുന്നത്. കുടപ്പന സ്വദേശിയായ സുനില്‍കുമാര്‍ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നാലു മാസം മുന്‍പാണ് തിരിച്ചെത്തിയത്. ഭാര്യയുമായുള്ള പ്രശ്‌നം സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും അവരുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതിനായി 40,000 രൂപയ്ക്കു കരാര്‍ ഉറപ്പിക്കുകയും 20,000 രൂപ കൈമാറുകയും ചെയ്തു. മൂന്നു മാസം മുന്‍പ് തണ്ണിത്തോട്ടില്‍ വച്ചാണ് കരാര്‍ ഉറപ്പിച്ചത്.

സംഭവ ദിവസം സുനില്‍കുമാറും പ്രകാശും മറ്റൊരാളും കാറില്‍ എത്തിയാണ് കൃത്യം നടത്തിയത്. ഭാര്യയ്ക്ക് അറിയാവുന്ന ആളുടെ പേര് പറഞ്ഞതും ശബ്ദം മാറ്റിയതും സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളാണ് സംഭവത്തിന്റെ കാരണമെന്നാണ് നിഗമനം.

സിഐയ്ക്കൊപ്പം എസ്‌ഐ വിപിന്‍ ഗോപിനാഥ്, ഷാഡോ പൊലീസുകാരായ അജി സാമുവല്‍, അനുരാഗ് മുരളീധരന്‍, എഎസ്‌ഐ തോമസ് കുട്ടി, രാജുക്കുട്ടന്‍, അജികുമാര്‍, ബിനു, പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ഒരു പ്രതിയെക്കൂടി കിട്ടാനുണ്ട്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.