Latest News

പാലക്കുന്നമ്മയുടെ തിരുസന്നിധിയില്‍ ആയിരത്തിരി കാണാന്‍ ആയിരങ്ങള്‍

ഉദുമ: പാലക്കുന്ന് ഭഗവതി ക്ഷേത്രം ഭരണി ഉല്‍സവത്തിന് സമാപനദിനം നടന്ന ആയിരത്തിരി മഹോത്സവത്തിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. പുലര്‍ച്ച നടന്ന ആയിരത്തിരി ഉല്‍സവത്തില്‍ പങ്കെടുത്തു ഭക്തര്‍ സായൂജ്യം അടഞ്ഞു. ആറരയോടെ കൊടിയിറക്കവും ശേഷം ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തും നടന്നതോടെ ഉല്‍സവം സമാപിച്ചു.
ചിറമ്മല്‍ പ്രദേശ് കമ്മിറ്റി ക്ഷേത്രസ്ഥാനികര്‍ക്കുള്ള ഊട്ടുപുര നിര്‍മിച്ചാണു കാഴ്ച സമര്‍പ്പണം നടത്തിയത്. പള്ളിക്കര-തണ്ണീര്‍പുഴ തിരുമുല്‍ക്കാഴ്ച കമ്മിറ്റി തുടര്‍ച്ചയായി 57ാം തവണയും ഉദുമ-പടിഞ്ഞാര്‍ക്കര കമ്മിറ്റി തുടര്‍ച്ചയായി 42ാം തവണയുമാണു കാഴ്ച സമര്‍പ്പണം നടത്തിയത്.

കണ്ണംവയല്‍-പാക്കം തിരുമുല്‍ക്കാഴ്ച കമ്മിറ്റി ദേവിയുടെ സന്നിധിയില്‍ വര്‍ണ മേക്കട്ടികള്‍ കാഴ്ചവസ്തുവാവിയ സമര്‍പ്പിക്കുകയായിരുന്നു. മംഗളൂരു തിരുമുല്‍ക്കാഴ്ച കമ്മിറ്റി ഇളയഭഗവതിക്ക് ചാര്‍ത്താനുള്ള അഞ്ചുപവന്‍ തൂക്കമുള്ള സ്വര്‍ണാഭരണമാണു കാഴ്ചയായി സമര്‍പ്പിച്ചത്. വൈദ്യുതി ദീപാലങ്കാരം, കരഗാട്ടം, തെയ്യം, ശിവപാര്‍വതി നൃത്തം, പഞ്ചവാദ്യം, പമ്പമേളം, ബാന്‍ഡ്‌മേളം, പൂക്കാവടി, താലപ്പൊലി, മുത്തുക്കുടകള്‍, ശിങ്കാരിമേളം, യക്ഷഗാനം, താലിം പ്രദര്‍ശനം, മാസ്‌ക് ഡാന്‍സുകള്‍, നിശ്ചല-ചലനദൃശ്യങ്ങള്‍, പുലിവേഷങ്ങള്‍, ബൊമ്മയാട്ടം തുടങ്ങിയ കലാരൂപങ്ങളും കലാപരിപാടികളും കാഴ്ചകള്‍ക്കു മിഴിവേകി. 
കാഴ്ച സമര്‍പ്പണത്തിനുശേഷം അതതു കമ്മിറ്റികളുടെയും ക്ഷേത്രകമ്മിറ്റിയുടെ വകയായും നടന്ന കരിമരുന്നുപ്രയോഗം മാനത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്തു.

ഉല്‍സവത്തിനെത്തിയവരെ നിയന്ത്രിക്കാന്‍ ക്ഷേത്രം വളന്റിയര്‍മാര്‍ക്കു പുറമെ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘവും ഉണ്ടായിരുന്നു. കാഴ്ച സമര്‍പ്പണത്തിന്റെ ഭാഗമായി ബേക്കല്‍ മുതല്‍ കളനാടുവരെ വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെവരെ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.




Keywords: Kasaragod, Kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.