Latest News

ഭരണി മഹോത്സവം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ പുഴയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു

നീലേശ്വരം: (www.malabarflash.com)പാലക്കുന്ന് ഭരണി മഹോത്സവം കഴിഞ്ഞ് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച നാനോ കാര്‍ നിയന്ത്രണം വിട്ട് കാര്യങ്കോട് പുഴയിലേക്ക് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂര്‍ ഏഴിലോട്ടെ പത്മിനിയുടെ മകള്‍ രാധിക (14) യാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.

പരിക്കേറ്റ രാധികയുടെ മാതാവ് പത്മിനി, ബന്ധുക്കളായ നാരായണന്‍, ശാരദ, ഷിജു, വിഷ്ണു (17), വിജിന (14) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാധികയുടെ മൃതദേഹം ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുഴയില്‍ നിന്നും കാര്‍ ഉയര്‍ത്തിയ ശേഷമാണ് പുറത്തെടുത്തത്.

മറ്റുള്ളവര്‍ കാര്‍ പുഴയിലേക്ക് മറിയുന്നതിന് മുമ്പ് പുറത്തേക്ക് തെറിച്ചു വീണതിനാലാണ് രക്ഷപ്പെട്ടത്. ഭരണി ഉത്സവം കഴിഞ്ഞ് പയ്യന്നൂര്‍ ഏഴിലോട്ടേക്ക് പോവുകയായിരുന്ന കെ.എല്‍. 13 എ.സി 3072 നമ്പര്‍ നാനോ കാറാണ് പുഴയിലേക്ക് മറിഞ്ഞത്. കാര്‍ കാര്യങ്കോട് പാലത്തിന് മുകളില്‍ കയറുന്നതിന് തൊട്ടുമുമ്പാണ് 15 അടിയോളം താഴ്ചയിലേക്ക് വീണ് പുഴയിലേക്ക് പതിച്ചത്.


വിവരമറിഞ്ഞ് ചന്തേര പോലീസും കാഞ്ഞങ്ങാട് നിന്നും തൃക്കരിപ്പൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് പുഴയില്‍ നിന്നും കാര്‍ പുറത്തെടുക്കാന്‍ കഴിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്ഥംഭിച്ചു. കയര്‍ കെട്ടിയാണ് തലകീഴായി മറിഞ്ഞ കാര്‍ പൊക്കിയെടുത്ത് പുഴയില്‍ നിന്നും പുറത്തെത്തിച്ചത്.

കാഞ്ഞങ്ങാട് അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഷാജി ജോസഫ്, ലീഡിംഗ് ഫയര്‍മാന്‍ കെ.എ. മനോജ് കുമാര്‍, ഫയര്‍മാന്മാരായ രാധാകൃഷ്ണന്‍, പ്രജീഷ്, കെ.ടി. ചന്ദ്രന്‍, ശ്രീലേഷ്, ശ്രീകുമാര്‍, ഹോംഗാര്‍ഡുമാരായ നാരായണന്‍, ശ്രീധരന്‍, തൃക്കരിപ്പൂര്‍ ഫയര്‍സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍, ചന്തേര പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.



Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.