Latest News

ഇ. സുലൈമാന്‍ മുസ്ലിയാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌

കോട്ടക്കല്‍:  [www.malabarflash.com]സമാദരണീയനായ പണ്ഡിത പ്രമുഖനും സൂക്ഷ്മജ്ഞാനിയുമായ ഇ സുലൈമാന്‍ മുസ്‌ലിയാരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഞായറാഴ്ച കോട്ടക്കലില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗം ഐകകണ്‌ഠ്യേനയാണ് നിലവില്‍ സമസ്തയുടെ ഉപാധ്യക്ഷനായ ഇ സുലൈമാന്‍ മുസ്‌ലിയാരെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാരെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാരുടെ വിയോഗത്തെ തുടര്‍ന്നാണ് സുലൈമാന്‍ മുസ്‌ലിയാരെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.

വേങ്ങര പഞ്ചായത്തിലെ ചെങ്ങാനിയില്‍ 1942ലാണ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ ജനിച്ചത്. പിതാവ് എടയാട്ടു അഹമ്മദ് മൊല്ല. മാതാവ് ഊരകം കോടലിട മൊയ്തീന്‍കുട്ടിയുടെ പുത്രി ആഇശ. പ്രഥമ വിദ്യാഭ്യാസം കാരാട്ടാലുങ്ങലിലെ ബീരാന്‍ മൊയ്തീന്‍ മൊല്ലയുടെ ഓത്തുപള്ളിയില്‍ നിന്ന്. പതിനൊന്നാം വയസ്സില്‍ പെരുവള്ളൂരിനടുത്ത മുടക്കില്‍ പള്ളിയില്‍ ശംസുദ്ദീന്‍ മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ഒരു മാസത്തിനകം തന്നെ പുകയൂരിലെ അച്ചിപ്ര ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സിലേക്ക് മാറി. തുടര്‍ന്ന് പണ്ഡിതനും സാഹിദുമായിരുന്ന അച്ചിപ്ര ഉണ്ണീന്‍കുട്ടി മുസ്‌ലിയാരുടെ കൂടെ മുടക്കീല്‍ പളളി, അരീക്കോട്, വിളയില്‍ വാവൂര്‍ ദര്‍സുകളില്‍ പഠിച്ചു. നാലു വര്‍ഷം. പ്രശസ്ത പണ്ഡിതന്‍ കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരായിരുന്നു അടുത്ത ഗുരുനാഥന്‍. നാല് വര്‍ഷം അദ്ദേഹത്തിന്റെ ദര്‍സിലും ഓതിപ്പടിച്ചു. [www.malabarflash.com]

ഉസ്താദുല്‍അസാതീദ് ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ചാലിയത്തെ ദര്‍സിലാണ് പിന്നീട് ചേര്‍ന്നത്. മൂന്ന് വര്‍ഷം അവിടെ കഴിഞ്ഞ ശേഷം ഒ കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ദയൂബന്തില്‍ പോയി ബിരുദം നേടി. അവിടെ നിന്നു വന്ന ശേഷം ഒ കെ ഉസ്താദ് സ്ഥാപിച്ച ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന അറബിക്കോളജില്‍ മുദരിസായി ചേര്‍ന്നു. നാല്‍പ്പത്തൊന്ന് വര്‍ഷമായി അവിടെ സേവനമനുഷ്ഠിച്ചു വരുന്നു.

ഒതുക്കുങ്ങലില്‍ ഒ കെ ഉസ്താദ് നിര്‍മിച്ച പള്ളിയില്‍ ചെറിയ തോതില്‍ ആരംഭിച്ച ദര്‍സാണ്, ഇപ്പോള്‍ കേരളത്തിലെ ഉന്നത മത കലാലയമായ ഇഹ്‌യാഉസ്സുന്നയായി വളര്‍ന്നത്. സ്ഥാപനത്തിന്റെ ഈ വളര്‍ച്ചയില്‍ ഒ കെ ഉസ്താദിനൊപ്പം സുലൈമാന്‍ മുസ്‌ലിയാര്‍ക്കും ഗഹനീയമായ പങ്കുണ്ട്.

നിരവധി ആത്മീയാചാര്യന്മാരുടെ ശിക്ഷണവും ഇജാസത്തും ലഭിച്ചിട്ടുണ്ട്. കൈപറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരില്‍ നിന്ന് ഖാദിരിയ്യ ത്വരീഖത്തിന്റെയും, ഒ കെ ഉസ്താദില്‍ നിന്ന് ബാഅലവിയ്യയുടെയും മൊറയൂര്‍ മുല്ലക്കോയ തങ്ങളില്‍ നിന്ന് ചിശ്തിയ്യയുടെയും കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്ന് ദലാഇലുല്‍ ഖൈറാത്തിന്റെയും ഇജാസത്തുകള്‍ നേടി.

വൈലത്തൂര്‍ എന്‍ ബാവ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (ഫാറൂഖ് കോളജ്), ചെര്‍ള അബ്ദുല്ല മുസ്‌ലിയാര്‍, ടി സി മുഹമ്മദ് മുസ്‌ലിയാര്‍, മാണൂര്‍ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ മുതുവല്ലൂര്‍ (കൊണ്ടോട്ടി ബുഖാരി) തരുവറ മുഹമ്മദ് മുസ്‌ലിയാര്‍ (കൊണ്ടോട്ടി ബുഖാരി) എന്നിവര്‍ സഹപാഠികളാണ്.

മലപ്പുറം ജില്ലാ സമസ്ത പ്രസിഡണ്ട്, കൊണ്ടോട്ടി ഇസ്‌ലാമിക് സര്‍വീസ് ട്രസ്റ്റ് പ്രസിഡണ്ട്, കൊണ്ടോട്ടി മസ്ജിദുല്‍ ഫതഹ് പ്രസിഡണ്ട,് കുണ്ടൂര്‍ ഗൗസിയ്യ രക്ഷാധികാരി, പെരുവളളൂര്‍ നജാത്ത് ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ വഹിക്കുന്നു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.