Latest News

ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കുമായി ഒരു ദിനം

ഉദുമ: പുതിയ കാലത്ത് അണുകുടുംബങ്ങള്‍ നിറഞ്ഞ ഒരു സമൂഹത്തിലാണ് നാം ജീവിക്കന്നത്. ജോലിക്കാരനായ അച്ഛനും അമ്മയും പഠനം എന്നത് വലിയൊരു ഭാരമായി ചുമക്കേണ്ടി വരുന്ന മക്കള്‍ പരസ്പരം ആശയവിനിമയത്തിനോ നര്‍മ്മസല്ലാപങ്ങള്‍ക്കോ സമയമില്ലാത്ത വരണ്ടുണങ്ങിയ കുടുംബബന്ധങ്ങള്‍, സ്‌നേഹശൂന്യതയുടെ ഈ കൊടുംവരള്‍ച്ചയില്‍ സ്‌നേഹത്തിന്റെ കുളിര്‍മഴയായി നമ്മളെ തഴുകിയെത്തുന്നവരാണ് നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശിമാരും.

നീണ്ട കാലത്തെ ജീവിതാനുഭവങ്ങള്‍ ചാലിച്ച് അവര്‍ നമുക്ക് തരുന്ന ഓരോ കാര്യങ്ങളും അമൂല്യങ്ങളാണ്. ആദരവിനേക്കാള്‍ അനാദരവ്, പരിഗണനയേക്കാള്‍ അവഗണന ഇതാണ് പ്രതിഫലമായി ഇവര്‍ക്ക് നാം നല്‍കുന്നത്. ഈ അവഗണകളെയെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു. ഗ്രീന്‍വുഡ്‌സില്‍ നടന്ന ഗ്രാന്റ് പേരന്റസ് ഡേ ദിനാചരണം.
പാലക്കുന്നിലെ ഗ്രീന്‍വുഡ്‌സ് സ്‌കൂളിനെ സംബന്ധിച്ച് ഗ്രാന്റ് പേരന്റസ് ഡേ പ്രസക്തമാക്കുന്നതിന് പ്രധാന കാരണമായി പ്രിന്‍സിപ്പാള്‍ ചൂണ്ടി കാണിക്കുന്നത് വിദേശത്ത് ജോലി ചെയ്യുന്ന മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ സംരക്ഷണം ഏല്പിച്ചിരിക്കുന്നത് ഗ്രാന്റ് പേരന്റ്‌സിനെ ആണെന്നതാണ്. 

കുട്ടികളുടെ പിണക്കങ്ങളും പരാതികളും കുസൃതികളും ക്ഷമയോടെ കേള്‍ക്കാനും പരിഹരിക്കാനുമൊക്കെ കൂടുതല്‍ കഴിയുന്നത് നമ്മുടെ മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കുമാണ്. 

നൂറ് കണക്കിനാള്‍ക്കാര്‍ പങ്കെടുത്ത ദിനാചരണ പരിപാടിയില്‍ ഉദുമയിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകരിലൊരാളായ ശ്രീ. കെ.വി. കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും വിദ്യാലയത്തിന്റെ ആദരവ് ഏറ്റുവാങ്ങുകയും ചെയ്തു. ദേശീയ അധ്യാപക ജേതാവുകൂടിയായ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ എല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കാന്‍ പോന്നതായിരുന്നു. 


ഭാരതത്തിന്റെ സാംസ്‌കാരിക സാഹിത്യരംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ടാഗോറിന് നമ്മുടെ പിതാമഹന്റെ സ്ഥാനമാണുള്ളത്. പ്രശസ്ത ചിത്രകാരനായ ശ്രീ മോഹനചന്ദ്രന്‍ നമ്പ്യാര്‍ വരച്ച് ടാഗോറിന്റെ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു. പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ജി. ഹെഡ്മിസ്ട്രസ് ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് ഫാറൂഖ് കാസ്മി ആശംസകള്‍ നേര്‍ന്നു.
Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.