കാസര്‍കോട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെദ്രഡുക്കയിലെ ഭെല്‍ ഇലക്ട്രിക്കല്‍ മെഷിന്‍സ് ലിമിറ്റഡ്(ഭെല്‍ ഇ.എം.എല്‍) വികസിപ്പിക്കാനാവശ്യമായ നടപടികള്‍ക്ക് തുടക്കമാകുന്നു. എം.പി.മാരായ പി.കരുണാകരന്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കള്‍ കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ഗീഥെയുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് പുതിയ നീക്കം.
രണ്ട് എം.പിമാരും കമ്പനി സന്ദര്‍ശിക്കുകയും മാേജ്‌മെന്റില്‍ നിന്നും തൊഴിലാളി യൂണിയനുകളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുകയും ചെയ്തിരുന്നു. 2014 നവംബര്‍ 24നും 2015 മാര്‍ച്ച് മൂന്നിനും കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പുതിയ ഉല്‍പ്പന്നങ്ങളും നിക്ഷേപവും സാങ്കേതിക വിദ്യയും കൊണ്ടുവന്ന് ആധൂനികവല്‍ക്കരണം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി എം.പിമാര്‍ക്ക് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ രൂപരേഖ തയാറാക്കാന്‍ ഭെല്ലിനോട് ആവശ്യപ്പെട്ടു. ഭെല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ ജനറല്‍ മാനേജര്‍മാരടങ്ങിയ എട്ടംഗ സമിതി ഇതിനോടകം രൂപീകരിച്ചു.
രണ്ടു ഘട്ടങ്ങളിലായി വികസനം പൂര്‍ത്തിയാക്കുവാനാണ് ആലോചന. നിലവിലുള്ള സാങ്കേതിക വിദ്യയും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ടുള്ള വികസനമാണ് ഒന്നാംഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ ഓര്‍ഡറുകള്‍ ഭെല്ലില്‍നിന്നു തന്നെ ലഭ്യമാക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ ഭെല്‍ അധികൃതര്‍ രൂപ കല്‍പ്പന ചെയ്ത് വികസിപ്പിച്ചുവരികയാണ്. ഇത് പൂര്‍ത്തീകരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം നടത്തുന്നത് കാസര്‍കോട് യൂണിറ്റില്‍ നിന്ന് ആയിരിക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേ, പ്രതിരോധ വകുപ്പ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകള്‍ക്ക് ആവശ്യമായ വിവിധതരം ആള്‍ട്ടര്‍നേറ്ററുകള്‍ നിര്‍മ്മിക്കുന്നതിന് പുറമെ 15 കെ.വി.എ. മുതല്‍ 1500 കെ.വി.എ. വരെയുള്ള ജനറല്‍ പര്‍പ്പസ് ആള്‍ട്ടര്‍നേറ്ററുകളും ബെദ്രഡുക്കയിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചുവരുന്നുണ്ട്. ആവശ്യത്തിന് ഓര്‍ഡറുകള്‍ ലഭ്യമാവാതെ പ്രതിസന്ധിയിലായ കമ്പനിയെ രക്ഷിക്കുന്നതിനുള്ള നടപടികളോടൊപ്പം കാസര്‍കോട്ട് നിര്‍മ്മിച്ച് വിജയം കണ്ട 960 കെ.ഡബ്ല്യു ആള്‍ട്ടര്‍നേറ്ററുകളുടെ നിര്‍മ്മാണം പുനരാരംഭിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു.
ഭെല്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ എം.പിമാരുടെ സാന്നിധ്യത്തില്‍ ഉന്നത തല യോഗം വിളിച്ചുചേര്‍ക്കുമെന്ന് എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കരുണാകരന്‍ എന്നിവരെ കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി അറിയിച്ചു.
No comments:
Post a Comment