Latest News

കുഞ്ഞുകൈകള്‍ വിത്തിട്ടു; ജില്ലയില്‍ വിളഞ്ഞത് 1416 മെട്രിക് ടണ്‍ പച്ചക്കറികള്‍

കാസര്‍കോട്: (www.malabarflash.com) കുഞ്ഞുക്കൈകള്‍ വിത്തിട്ട് വെളളം നനച്ചപ്പോള്‍ വിദ്യാലയ മുറ്റങ്ങളില്‍ വിളഞ്ഞത് 1416 മെട്രിക് ടണ്‍ പച്ചക്കറികള്‍. കൃഷി വകുപ്പ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ പച്ചക്കറി വികസനപദ്ധതി പ്രകാരം 16 മെട്രിക് ടണ്‍ പച്ചക്കറികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നതിന് രണ്ട് ലക്ഷം വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്ത് ഉല്‍പാദിപ്പിച്ചത് 1400 മെട്രിക് ടണ്‍ പച്ചക്കറികളുമാണ്.

ഇങ്ങനെ മുപ്പത് ലക്ഷത്തിലധികം രൂപ വിലവരുന്ന പച്ചക്കറികളാണ് കുഞ്ഞിക്കൈകള്‍ വിളവെടുത്തത്. വെണ്ട, പയര്‍, ചീര, വെള്ളരി തുടങ്ങി വിവിധയിനം നാടന്‍ പച്ചകറികളാണ് വിദ്യാലയമുറ്റങ്ങളില്‍ കൃഷി ചെയ്തത്. വകുപ്പ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ പച്ചക്കറി വികസന പദ്ധതി പ്രകാരം ഒമ്പത് ഹെക്ടര്‍ സ്ഥലത്താണ് കൃഷി ചെയ്തത്.
വിദ്യാര്‍ഥികള്‍ കൃഷി ചെയ്ത പച്ചക്കറികള്‍ കൊണ്ടാണ് സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിക്കുളള കറി തയ്യാറാക്കുന്നത്. മിച്ചം വരുന്ന പച്ചക്കറി വിറ്റ് കിട്ടുന്ന തുക വിദ്യാര്‍ത്ഥികള്‍ പിടിഎ ഫണ്ടിലേക്ക് സംഭാവന ചെയ്ത് മാതൃക കാട്ടുകയാണ്. ഇങ്ങനെ സ്വരൂപിക്കുന്ന തുക കൊണ്ട് വരും വര്‍ഷങ്ങളില്‍ സ്‌കൂളുകളിലെ പച്ചക്കറി വികസന പദ്ധതി വിപുലമാക്കുന്നു.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സമഗ്ര പച്ചക്കറി വികസന പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ചുരുങ്ങിയത് 10 സെന്റ് ഭൂമിയിലാണ് സ്‌കൂള്‍ പച്ചക്കറി കൃഷി നടത്തിയത്. സ്‌കൂളുകള്‍ക്ക് 4000 രൂപ വീതം ധനസഹായവും നല്‍കി. 

സ്‌കൂളുകളിലെ നാച്ച്വറല്‍ ക്ലബ്ബിന്റെയോ, ഇക്കോ ക്ലബ്ബിന്റെയോ സഹായത്തോടുകൂടിയാണ് പച്ചക്കറി കൃഷി യാഥാര്‍ത്ഥ്യമാക്കിയത്. കൂടാതെ അവശ്യമായ കാര്‍ഷികോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നതിനും സ്‌കൂളുകള്‍ക്ക് 1000 രൂപ വീതം അധിക ധസഹായവും അനുവദിച്ചു. ഇവയില്‍ തെരെഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകള്‍ക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിന് 10000 രൂപ വീതവും അനുവദിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച പച്ചക്കറി വിത്ത് വിതരണത്തിനും ജില്ലയില്‍ നല്ല പ്രതികരണമാണ് ഉണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം വിത്ത് പാക്കറ്റുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഇവ 800 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് 1400 മെട്രിക് ടണ്‍ പച്ചക്കറികള്‍ ഉണ്ടാക്കി. 

കൃഷി ഭവനുകളുടെ സാങ്കേതിക സഹായവും പരിശീലനവും വിദ്യാര്‍ത്ഥി- അധ്യാപക രക്ഷാകര്‍തൃ സമിതി എന്നിവയുടെ കൂട്ടായ പരിശ്രമത്തിലൂടെയുമാണ് പദ്ധതി വിജയത്തിലെത്തിച്ചത്. 

ഗുണമേന്മയുളളതും വിഷരഹിതവുമായ ജൈവ പച്ചക്കറി വിഭവങ്ങള്‍ സ്വന്തം വിദ്യാലയത്തിലും വീട്ടുവളപ്പിലും ലഭ്യമാക്കുന്ന മാതൃകാ പ്രവര്‍ത്തനത്തിനാണ് കൃഷിവകുപ്പ് നേതൃത്വം നല്‍കിയത്. കാര്‍ഷിക പൈതൃകത്തിന്റെ മഹത്വവും സംസ്‌കൃതിയും കുഞ്ഞു മനസ്സുകളില്‍ വളര്‍ത്തികൊണ്ടുവരുന്നതിന് തുടര്‍ പ്രവര്‍ത്തനം ഉണ്ടാകുമെന്ന് പദ്ധതിക്ക് ജില്ലാ തലത്തില്‍ മേല്‍നോട്ടം വഹിക്കുന്ന കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി പ്രദീപ് പറഞ്ഞു.


Keywords:  Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.