Latest News

വിവാദ പ്രസ്താവന: കെ.സി.അബു മാപ്പുപറഞ്ഞു

കോഴിക്കോട്: വനിതാ എംഎല്‍എമാര്‍ക്കെതിരേ വിവാദ പ്രസ്താവന നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബു മാപ്പു പറഞ്ഞു. പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയുന്നതായി പത്രക്കുറിപ്പിലൂടെയാണ് അബു അറിയിച്ചത്.

നിയമസഭയിലെ അക്രമത്തിനിടെ ഷിബു ബേബി ജോണ്‍ തടഞ്ഞതു ബിജിമോള്‍ എംഎല്‍എ ആസ്വദിച്ചെന്നായിരുന്നു അബുവിന്റെ പ്രസ്താവന. ഷിബു തടഞ്ഞതില്‍ ബിജിമോള്‍ക്കു പരാതിയുണ്ടാവാന്‍ ഇടയില്ലെന്നും. ജമീലാ പ്രകാശം ശിവദാസന്‍നായരെ കടിച്ചതെന്തിനാണെന്നും കരിമ്പുപോലുള്ള പി.കെ. ബഷീറിനെ കടിക്കാമായിരുന്നില്ലേയെന്നും അബു ചോദിച്ചിരുന്നു. ഇതാണു വിവാദമായത്.

ഇതേത്തുടര്‍ന്ന് അബുവിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും അബുവിന്റെ വീട്ടിലേക്കും ഓഫീസിലേക്കും നടത്തിയ മാര്‍ച്ച് അക്രമാസക്തമാവുകയും ചെയ്തു. കെപിസിസി സെക്രട്ടറി ലതിക സുഭാഷ് അടക്കമുള്ളവര്‍ അബുവിനെതിരേ രംഗത്തെത്തി.

ഒടുവില്‍ അബുവിനെ തള്ളി കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ തന്നെ രംഗത്തെത്തിയിരുന്നു. പ്രസ്താവന പിന്‍വലിച്ചു പരസ്യമായി മാപ്പു പറയാന്‍ അബു തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം അച്ചടക്കനടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സുധീരന്‍ നല്‍കി. ഇതേതുടര്‍ന്നാണ് പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയാന്‍ അബു തയാറായത്.

അബുവിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരേ ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഡിജിപിക്കു പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kerala, KC ABU, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.