Latest News

മോഷ്ടാവായി ചിത്രീകരിച്ചു വാര്‍ത്ത നല്‍കിയ പോലീസുകാര്‍ക്കെതിരേ യുവാവിന്റെ പരാതി

കൊച്ചി: [www.malabarflash.com]മോഷ്ടാവായി ചിത്രീകരിച്ചു മാധ്യമങ്ങള്‍ക്കു തെറ്റായ വാര്‍ത്ത നല്‍കിയ പോലീസുകാര്‍ക്കെതിരേ യുവാവ് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പോലീസ് കംപ്ലെയിന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

കണ്ണൂര്‍ ചുഴലി നടുമുണ്ട വീട്ടില്‍ ജോസ് (35) ആണ് എറണാകുളം ഷാഡോ എസ്‌ഐ എ.അനന്തലാലിനുംതന്നെ അറസ്റ്റുചെയ്ത നാലു പോലീസുകാര്‍ക്കുമെതിരേ പരാതി നല്‍കിയത്. വാര്‍ത്തമൂലം തനിക്കും കുടുംബത്തിനും സമൂഹത്തില്‍ നിന്നു വലിയ അപമാനം ഏല്‍ക്കേണ്ടി വന്നതായും ജോലി സംബന്ധമായി പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ജോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

പോലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടപ്പെടുത്തിയെന്ന പേരില്‍ 13 വര്‍ഷം മുമ്പു തളിപ്പറമ്പ് പോലീസ് എടുത്ത കേസിലാണു ജോസിനെ എറണാകുളം ഷാഡോ പോലീസ് അറസ്റ്റുചെയ്തത്. ജോസിന്റെ ഭാര്യാസഹോദരനും തളിപ്പറമ്പിലെ പോലീസുകാരനും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ ഇടപെട്ടതിന്റെ പേരിലാണു ജോസ് കുരുക്കിലായത്. അന്ന് സ്‌റ്റേഷന്‍ ജാമ്യത്തിലിറങ്ങിയ ജോസ് എറണാകുളത്ത് ജോലിതേടിയെത്തുകയായിരുന്നു.

കേസ് കോടതിയിലുള്ള കാര്യം അറിയാതെ എറണാകുളം കിഴക്കമ്പലത്ത് താമസിച്ചിരുന്ന തന്നെ മാര്‍ക്കറ്റ് റോഡിലേക്ക് വിളിച്ചുവരുത്തിയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് ജോസ് പറഞ്ഞു. സംശയാസ്പദ സാഹചര്യത്തില്‍ പിടികൂടിയെന്നാണു പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. 

സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ട തന്നെ വാറന്റിന്റെ പേരില്‍ അറസ്റ്റു ചെയ്ത പോലീസ്, നിരവധി മോഷണക്കേസുകളിലെ പ്രതി 13 വര്‍ഷത്തിനുശേഷം പിടിയില്‍ എന്നു ചൂണ്ടിക്കാട്ടി ചിത്രം സഹിതമാണ് മാധ്യമങ്ങള്‍ക്കു വാര്‍ത്ത നല്‍കിയതെന്ന് ജോസ് പറഞ്ഞു. 

പ്രേമന്‍ എന്ന പോലീസുകാരന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം മറച്ചുവച്ചു തന്നെ മോഷ്ടാവായി ചിത്രീകരിക്കുകയായിരുന്നുവെന്നു ജോസ് വ്യക്തമാക്കി.

ഫെബ്രുവരി നാലിന് ഷാഡോ പോലീസ് അറസ്റ്റു ചെയ്ത് തളിപ്പറമ്പ് പോലീസിന് കൈമാറിയ തന്നെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍തന്നെ ജാമ്യത്തില്‍ വിട്ടതായും ജോസ് ചൂണ്ടിക്കാട്ടി. 
കിഴക്കമ്പലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.കെ. അനില്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

അതേസമയം കണ്ണൂര്‍ പോലീസില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജോസിനെ അറസ്റ്റു ചെയ്തതെന്ന് ഷാഡോ എസ്‌ഐ എ.അനന്തലാല്‍ പറഞ്ഞു. മോഷണക്കേസില്‍ പ്രതിയാണെന്ന് കണ്ണൂര്‍ പോലീസില്‍നിന്ന് ലഭിച്ച വിവരം മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നുവെന്നും അനന്തലാല്‍ പറഞ്ഞു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.