Latest News

പ്രതിപക്ഷ ബഹളം; നിയമസഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു

തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ധനവിനിയോഗബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കിയശേഷമാണു സഭപിരിഞ്ഞത്. ഏപ്രില്‍ ഒമ്പതു വരെയായിരുന്നു സഭ ചേരേണ്ടിയിരുന്നത്. 

തിങ്കളാഴ്ച രാവിലെ സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷബഹളം ശക്തമായതിനെ തുടര്‍ന്നു നടപടികള്‍ തടസപ്പെട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയതോടെ ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കല്‍, ശൂന്യവേള എന്നിവ സ്പീക്കര്‍ റദ്ദു ചെയ്തു. മന്ത്രിമാര്‍ പേപ്പറുകള്‍ മേശപ്പുറത്തു വച്ചാല്‍ മതിയെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. വനിത എംഎല്‍എമാരെ അക്രമിച്ചതു സംബന്ധിച്ചു പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും സ്പീക്കര്‍ തള്ളി.

തുടര്‍ന്നാണു സഭാസമ്മേളനത്തിലെ നടപടിക്രമങ്ങള്‍ ചുരുക്കി സമ്മേളനം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കുന്ന സസ്‌പെന്‍ഷന്‍ പ്രമേയം മുഖ്യമന്ത്രി സഭയിലവതരിപ്പിച്ചത്. ഇതു സഭ അംഗീകരിച്ചതിനെ തുടര്‍ന്നു ധനകാര്യബില്ലവതരിപ്പിച്ച ധനവിനിയോഗബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും വേഗത്തില്‍ പാസാക്കി മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.

രാവിലെ പ്രതിപക്ഷനേതാവിന്റെ മുറിയില്‍ യോഗം ചേര്‍ന്ന പ്രതിപക്ഷാംഗങ്ങള്‍ പ്രകടനമായാണു സഭയിലെത്തിയത്. തുടര്‍ന്നു സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെയുള്ള നടപടി ഏകപക്ഷീയമാണെന്നും അതു പിന്‍വലിക്കണമെന്നും വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ഒപ്പം ബജറ്റവതരണം നടന്നിട്ടില്ലെന്നും ബജറ്റു വീണ്ടും അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ അതിക്രമം കാണിച്ച എംഎല്‍എമാര്‍ക്കെതിരെയുള്ള നടപടി ഒരു കാരണവശാലും പിന്‍വലിക്കില്ല. വനിതകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ കാര്യത്തില്‍ ഒരുമിച്ചിരുന്നു ദ്യശ്യങ്ങള്‍ കണ്ടശേഷം നടപടി സ്വീകരിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

ഭരണപക്ഷം ദൃശ്യങ്ങള്‍ കണ്ടതില്‍ വനിതകള്‍ക്കെതിരെ യാതൊരു അതിക്രമവും നടന്നതായി കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണു പ്രതിപക്ഷ ബഹളം ശക്തമായതു സഭ അനിശ്ചിത കാലത്തേക്കു പിരിയുന്നതിലേക്കു കാര്യങ്ങള്‍ എത്തിയതും.

മാര്‍ച്ച് 13നു ധനകാര്യമന്ത്രി കെ.എം മാണി ബജറ്റവതരിപ്പിച്ചപ്പോഴായിരുന്നു സഭയില്‍ നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. മാണിയെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ ഇരച്ചു കയറി. സ്പീക്കറുടെ കസേരയെടുത്തെറിയുകയും ഡയസിലെ കംപ്യൂട്ടര്‍, മൈക്ക് എന്നിവ നശിപ്പക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രതിപക്ഷവും ഭരണപക്ഷ എംഎല്‍എമാരും തമ്മിലും പ്രതിപക്ഷവും വാച്ച് ആന്‍ഡ് വാര്‍ഡും തമ്മിലും ഏറ്റുമുട്ടലണ്ടാകുകയും 20 പ്രതിപക്ഷ എംഎല്‍എമാര്‍ക്കും നിരവധി വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രതിപക്ഷത്തെ വനിത അംഗങ്ങളെ കയ്യേറ്റം ചെയ്‌തെന്ന ആരോപണവും ഉണ്ടായി. പിന്‍വാതിലിലൂടെ സഭയിലെത്തിയ കെ.എം മാണി ബജറ്റിന്റെ ആമുഖം വായിച്ച ശേഷം ബജറ്റു മേശപ്പുറത്തു വയ്ക്കുകയായിരുന്നു ചെയ്തത്. ഇരിക്കാന്‍ കസേര ലഭിക്കാത്ത സ്പീക്കര്‍ ആംഗ്യത്തിലൂടെയാണു ബജറ്റവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. ചട്ടപ്രകാരം ബജറ്റവതരണം നടന്നിട്ടില്ലെന്നായിരുന്നു അന്നു മുതല്‍ പ്രതിപക്ഷത്തിന്റെ വാദം.

തുടര്‍ന്നു സഭ ചേര്‍ന്നപ്പോള്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത അഞ്ച് എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡു ചെയ്തു. തങ്ങളെ ഭരണപക്ഷ എംഎല്‍എമാര്‍ അതിക്രമിച്ചെന്ന പരാതി വനിതാ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു നല്‍കി. ഇതും സംബന്ധിച്ചു നിയമസഭയുടെ പുറത്തു നടന്ന വാദപ്രതിവാദങ്ങളും ഏറെ വിവാദമാവുകയും ചെയതിരുന്നു. ഇതിന്റെ ബാക്കി പത്രമായാണു പതിമൂന്നാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം അനിശ്ചിത കാലത്തേക്കു പിരിഞ്ഞത്.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.