Latest News

സ്വപ്ന സാക്ഷാത്ക്കാരത്തോടെ ആബിദ് വിടവാങ്ങി

മലപ്പുറം: [www.malabarflash.com] തിങ്കളാഴ്ച പുലര്‍ച്ചെ മഞ്ചേരി നെല്ലപ്പറമ്പിന് സമീപമുണ്ടായ ബൈക്കപടകത്തില്‍ മരിച്ച, എസ് വൈ എസിന്റെ ഔദ്യോഗിക വാര്‍ത്താ വിഭാഗമായ ഇസ്ലാമിക് മീഡിയാ മിഷന് കീഴില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ചാനലിന്റെ കോര്‍ഡിനേറ്റര്‍ അരീക്കോട് തെക്കുമുറി സ്വദേശി ആബിദിന്റെ മയ്യിത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

സുന്നി സംഘടനാ പരിപാടികള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് എത്തിച്ചുകൊടുത്ത പ്രിയ സുഹൃത്തിന് യാത്രാമൊഴിയേകാന്‍ നാടും നഗരവും ഒഴുകിയെത്തുകയായിരുന്നു. നാല് ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌കാരങ്ങള്‍ക്ക് ശേഷം വൈകീട്ട് അഞ്ച് മണിയോടെയാണ് തെക്കുമുറി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കിയത്.[www.malabarflash.com]

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളജ് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മര്‍ക്കസ് മസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി.


 വൈകീട്ട് മൂന്നരയോടെ തെക്കുമുറിയിലെ വീട്ടിലെത്തിച്ച മയ്യിത്ത് പിന്നീട് സമീപത്തെ മദ്‌റസയില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരക്കണക്കിന് പേരാണ് ആബിദിന് യാത്രയയപ്പ് നല്‍കാന്‍ ഇവിടെ എത്തിച്ചേര്‍ന്നത്. നാല് മണിയോടെ രണ്ട് ഘട്ടങ്ങളിലായി നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. 

സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി തങ്ങള്‍, പി എം എസ് എ ജിഫ്രി തങ്ങള്‍, വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മജീദ് കക്കാട്, എസ് ഷറഫുദ്ദീന്‍, പി എം എ റഹീം, എന്‍ എം സ്വാദിഖ് സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, മജീദ് അരിയല്ലൂര്‍, സ്വാദിഖ് വെളിമുക്ക്, വി പി എം പറവന്നൂര്‍, കലാം മാവൂര്‍, കെ സൈനുദ്ദീന്‍ സഖാഫി, അബ്ദുര്‍റഷീദ് നരിക്കോട്, സി കെ ഷക്കീര്‍ അരിമ്പ്ര, വി പി എം ഷാഫി തുടങ്ങി നിരവധി പ്രസ്ഥാന നേതാക്കളും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേരും പരേതന്റെ വസതിയിലെത്തി.[www.malabarflash.com]


തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആബിദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ആബിദിനൊപ്പമുണ്ടായിരുന്ന ഇസ്ലാമിക് മീഡിയാ മിഷന്‍ പ്രവര്‍ത്തകന്‍ നൂഹിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എടരിക്കോട്ട് നിന്ന് എസ് വൈ എസ് സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 

എസ് വൈ എസ് സമ്മേളനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴി തത്സമയ സംപ്രേഷണം നടത്തിയത് ആബിദിന്റെ നേതൃത്വത്തിലായിരുന്നു. 

സുന്നി സംഘടനാ പരിപാടികള്‍ തത്സമയ സംപ്രേഷണം ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്നു ആബിദ്. ആധുനിക സാങ്കേതിക വിദ്യകള്‍ സ്വയം പഠിച്ചെടുത്ത ആബിദ് ഈ രംഗത്ത് വന്‍ മുന്നേറ്റമാണ് നടത്തിയിരുന്നത്. സുന്നി സംഘടനകള്‍ക്ക് ഔദ്യോഗികമായ ഓണ്‍ലൈന്‍ ചാനല്‍ വേണമെന്നത് ആബിദിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇതിന് നേതാക്കളുടെ അനുമതി ലഭിച്ചതോടെ മാസങ്ങളായി ചാനല്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു ആബിദ്. 

ഒടുവില്‍ സമ്മേളന സമാപന വേദിയില്‍ ഓണ്‍ലൈന്‍ ചാനല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തതിന് പിന്നാലെ സ്വപ്ന സാക്ഷാത്ക്കാരത്തോടെ ആബിദ് വിടവാങ്ങി.
പിതാവ് പരേതനായ മോനുദ്ദീന്‍. മാതാവ് ആഇഷ. ഭാര്യ: മൈമൂന. മക്കള്‍: അഫ്‌ലഹ്, അഫ്‌ന.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.