Latest News

ഗോമാംസ നിരോധനം: ഇറച്ചി വ്യാപാരികള്‍ കോടതിയിലേക്ക്‌

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഗോമാംസ നിരോധനത്തിനെതിരെ സംസ്ഥാനത്തെ ഇറച്ചി വ്യാപാരികള്‍ കോടതിയിലേക്ക്. തൊഴിലിനെ ബാധിക്കും എന്നു ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നത്.

''ഗോമാംസ നിരോധനം കാരണം നല്ലൊരു ശതമാനം ആളുകളുടെ ജോലി പോകും. മറ്റ് മാംസങ്ങളുടെ വില വര്‍ധിക്കുകയും ചെയ്യും. ഞങ്ങള്‍ വില്‍ക്കുന്ന ഇറച്ചികളില്‍ പോത്തിറച്ചി വെറും 25 ശതമാനമാണ് ബാക്കി മുഴുവന്‍ ഗോമാംസമാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.'' - മുംബൈ സബര്‍ബന്‍ ബീഫ് ട്രേഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദലി ഖുറേഷി പറയുന്നു.

പ്രായമായ കാളകള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകും. അതിനെ തീറ്റിപ്പോറ്റാന്‍ അവര്‍ ബുദ്ധിമുട്ടും. സാധാരണ നിലയില്‍ അവര്‍ക്ക് ഇതിനെ ഇറച്ചി വ്യാപാരിക്ക് വിറ്റാല്‍ 10,000 മുതല്‍ 14,000 രൂപ വരെ കിട്ടുമായിരുന്നു. അതും ഇനി മുതല്‍ ഇല്ലാതാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്ന് കോടതിയില്‍ പോകുമെന്നോ അടുത്ത പരിപാടി എന്തെന്നോ വ്യാപാരികള്‍ വ്യക്തമാക്കുന്നില്ല.
ഇറച്ചി വ്യാപാരികള്‍ക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരന്തരം ആക്രമണമുണ്ടായപ്പോള്‍ അവര്‍ കഴിഞ്ഞമാസം തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധ സമരം നടത്തിയതാണ്. പിന്നീട് ഇവര്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഇറച്ചി വില്‍ക്കാനുള്ള സമാധാനാന്തരീക്ഷം ഒരുക്കിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും വ്യാപാരികള്‍ പറയുന്നു.

മുംബൈ നഗരത്തില്‍ മാത്രം ലൈസന്‍സുള്ള 900-ത്തോളം ഇറച്ചി വ്യാപാരികള്‍ ഉണ്ട്. ഇവിടെ വില്‍ക്കപ്പെടുന്ന ഇറച്ചിയാകട്ടെ 20,000 കിലോയോളം വരും. കാളകളെ കൊന്നുവില്‍ക്കുന്ന ദേവ്‌നറിലെ കേന്ദ്രത്തില്‍ മാത്രം 500-ഓളം കാളകളെയാണ് കൊല്ലുന്നത്. 30 മുതല്‍ 40 വരെ പോത്തുകളേയും. മുംബൈ കഴിഞ്ഞാല്‍ പുണെയിലാണ് ഏറ്റവും കൂടുതല്‍ മാട്ടിറച്ചി വില്‍ക്കുന്നത്. പ്രതിദിനം 14,000 കിലോ വരെ. പിംപ്രി, ചിഞ്ച്വാട്, ഷോലാപുര്‍, മാലെഗാവ്, കോലാപുര്‍, സാംഗ്ലി തുടങ്ങിയ ഇടങ്ങളില്‍ ലൈസന്‍സുള്ള 500-ലധികം ഇറച്ചി കച്ചവടക്കാരാണുള്ളത്.

മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചത് തൊട്ടടുത്ത സംസ്ഥാനമായ ഗോവയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇവിടെയും ഗോമാംസം വരുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസമായി പല ഇറച്ചിക്കടകളും അടഞ്ഞു കിടക്കുകയാണ്. മൃഗസ്‌നേഹികളില്‍ നിന്നുള്ള പ്രതിഷേധവും ഇവിടെ വര്‍ധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.