തൃക്കരിപ്പൂര്‍:[www.malabarflash.com] കൈകൊട്ടി പാടിയത് വീട്ടമ്മമാര്‍; മൊഞ്ചത്തിയായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഓരി എ കെ ജി ക്ലബ് രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വീട്ടമ്മമാരുടെ മെഗാ ഒപ്പനയിലാണ് ജനപ്രതിനിധികളും വീട്ടമ്മമാരും അണിനിരന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി സുബൈദയാണ് മൈലാഞ്ചിയിട്ട് പട്ടുസാരിയണിഞ്ഞ് മൊഞ്ചത്തിയായി വേദിയിലെത്തിയത്. 41 വീട്ടമ്മമാരാണ് ഒപ്പന പാടി വേദിയില്‍ നിറഞ്ഞത്. കസവ് സാരിയും കൊച്ചി തട്ടവുമിട്ട് 50 കഴിഞ്ഞ തങ്കമണി ചേച്ചി വരെ പാട്ടിനൊപ്പം ചുവടുവച്ചു.
നൃത്താധ്യാപകന്‍ പയ്യന്നൂരിലെ മനോഹരനാണ് 20 ദിവസം കൊണ്ട് ഒപ്പന പഠിപ്പിച്ചത്. തുറന്ന മൈതാനിയിലാണ് അവതരിപ്പിച്ചത്. അവസരം കിട്ടിയാല്‍ മറ്റിടങ്ങളിലും ഒപ്പന അവതരിപ്പിക്കാന്‍ ഒരുക്കമാണെന്ന് വീട്ടമ്മമാര്‍ പറഞ്ഞു.
രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അങ്കണവാടി കലോത്സവം പി സി സുബൈദ ഉദ്ഘാടനം ചെയ്തു. എ വി ലീന അധ്യക്ഷയായി. ടി വി വത്സല, പി കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലയില്‍ കഴിവുതെളിയിച്ചവര്‍ക്ക് എ വി രാഘവന്‍ ഉപഹാരം നല്‍കി. സി രാജന്‍ സ്വാഗതവും പി പി ജയേഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment