ബേക്കല്‍:[www.malabarflash.com] തറക്കല്ലിട്ട് നാലുവര്‍ഷമായ ബേക്കല്‍ ടൂറിസം സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവൃത്തിക്ക് ഒടുവില്‍ തുടക്കമായി. പള്ളിക്കര പഞ്ചായത്തില്‍ പനയാലിനടുത്ത തച്ചങ്ങാട്ട് ഒരേക്കര്‍ സ്ഥലത്താണ് സാംസ്‌കാരികകേന്ദ്രം പണിയുന്നത്. ഉത്തരകേരളത്തിലെ തനത് കലകളുടെ അവതരണകേന്ദ്രവും മ്യൂസിയവുമടങ്ങുന്നതാണിത്.
ദേശീയപാതയില്‍ പെരിയാട്ടടുക്കത്തുനിന്ന് ഒന്നരക്കിലോമീറ്റര്‍ അകലെയാണിത്. 2011 ജൂലായില്‍ തറക്കല്ലിട്ടെങ്കിലും സ്ഥലം ബേക്കല്‍ ടൂറിസം ഡെവലപ്‌മെന്റ് കൗണ്‍സിലിന് വിട്ടുകിട്ടാന്‍ വൈകിയതാണ് നിര്‍മാണം നീളാന്‍ കാരണമായി പറയുന്നത്.
തെയ്യം, യക്ഷഗാനം, പൂരക്കളി, ആലാമിക്കളി, ദഫ്മുട്ട്, മംഗലംകളി തുടങ്ങിയ കലകളുടെ അവതരണത്തിനും കലാകാരന്മാരുമായുള്ള മുഖാമുഖത്തിനും വിപുലമായ സൗകര്യമുള്ള ആംഫി തീയേറ്റര്‍, ഓഡിറ്റോറിയം എന്നിവ സാംസ്‌കാരിക കേന്ദ്രത്തില്‍ ഉണ്ടാവും. തെയ്യം ഉള്‍പ്പെടെയുള്ള അനുഷ്ഠാനകലകള്‍ കാവുകളിലും ക്ഷേത്രങ്ങളിലും ചെന്നുകാണുന്ന വിദേശത്തുനിന്നടക്കമുള്ള ഗവേഷകര്‍ക്കും പഠിതാക്കള്‍ക്കും തെയ്യംകലാകാരന്മാരുമായി സംവദിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാവും.
അനുഷ്ഠാനകലകളുമായി ബന്ധപ്പെട്ട ഉടയാടകളും അണിയലങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം, വിദേശത്തുനിന്നുംമറ്റും എത്തുന്ന സഞ്ചാരികള്‍ക്ക് അനുഷ്ഠാനകലകളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, ഓര്‍മവസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനുള്ള സൗകര്യം, ഭക്ഷണശാല എന്നിവ സാംസ്‌കാരികനിലയത്തിന്റെ ഭാഗമായി ഉണ്ടാവും. ബേക്കല്‍ സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളെ ഉദ്ദേശിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ബി.ആര്‍.ഡി.സി.ക്കു വേണ്ടി കിറ്റ്‌കോ ആണ് പദ്ധതിരേഖ തയ്യാറാക്കിയത്. നാല് കോടി മുപ്പത്തേഴുലക്ഷം രൂപയാണ് അടങ്കല്‍ തുക. ഈ സാമ്പത്തികവര്‍ഷാവസാനത്തോടെ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.
No comments:
Post a Comment