Latest News

അതിഥിയെ യാത്രയാക്കാന്‍പോയ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വെള്ളത്തില്‍വീണ്‌ മരിച്ചു

കുമരകം:[www.malabarflash.com] അതിഥിയെ യാത്രയാക്കാന്‍ പോയ നാലുവയസുകാരായ ഇരട്ടക്കുട്ടികളില്‍ ഒരാള്‍ വെള്ളത്തില്‍ വീണുമരിച്ചു. പെരുമ്പളത്തുശേരി ജിജു- സൗമ്യ ദമ്പതികളുടെ മകന്‍ ജയിംസ്‌ ജിജു ജോര്‍ജ്‌ (മാത്തു) ആണ്‌ മരിച്ചത്‌. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന്‌ വീടിനു സമീപമുള്ള കായല്‍കടവിലാണ്‌ സംഭവം.

ഉച്ചകഴിഞ്ഞ്‌ വീട്ടിലെത്തിയ അതിഥിയെ യാത്രയാക്കാനാണ്‌ പിതൃമാതാവിനൊപ്പം ജിജുവിന്റെ മക്കളായ ജയിംസും ജയിനും ഏഞ്ചലും കായല്‍കടവില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന വാഹനത്തിനു സമീപം എത്തിയത്‌. 

അതിഥി പുറപ്പെട്ട ഉടനെ കുട്ടികള്‍ വീട്ടിലേക്ക്‌ ഓടിപ്പോയി. പിന്നാലെയെത്തിയ മുത്തശി മാത്തുവിനെ വീട്ടില്‍കണ്ടില്ല. തിരികെ കടവിലെത്തിയപ്പോള്‍ സമീപവാസി വെള്ളത്തില്‍നിന്നു കുട്ടിയെ കരയ്‌ക്കു കയറ്റുന്നതാണ്‌ കണ്ടത്‌. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടികളുടെ മാതാപിതാക്കളായ ജിജുവും സൗമ്യയും സൗദിയില്‍ നഴ്‌സുമാരാണ്‌. കുമരകം മരിയഭവന്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ്‌ മാത്തു. സ്‌കൂള്‍ യൂണിഫോം വാങ്ങി എത്തിയതിനു പിന്നാലെയാണ്‌ ദുരന്തം. 

ജയിംസ്‌, ജയിന്‍ എന്നിവരെ വളര്‍ത്തുന്നത്‌ ജിജുവിന്റെ മാതാപിതാക്കളാണ്‌. ഗള്‍ഫില്‍ പിറന്ന ഇളയ കുട്ടി നാലുമാസംപ്രായമുള്ള ജോജിയുടെ മാമോദീസ നടത്തുന്നതിനായി ജിജുവും സൗമ്യയും ഡിസംബറില്‍ അവധിക്ക്‌ വരാന്‍ ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. 

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.