Latest News

ആറു വയസ്സുകാരിയെ മണിക്കൂറുകളോളം സ്‌കൂള്‍ ബസ്സില്‍ മറന്നു

അജ്മാന്‍:[www.malabarflash.com] സ്‌കൂളിലെത്തും മുന്‍പ് ഉറങ്ങിപ്പോയ ആറു വയസ്സുകാരി ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മണിക്കൂറുകളോളം ബസ്സില്‍ മറന്നു. അജ്മാനിലാണ് സംഭവം. 

ഡ്രൈവറുടെയും സൂപ്പര്‍വൈസറുടെയും അശ്രദ്ധ കാരണം രാവിലെ ഏഴു മണി മുതല്‍ 10 മണി വരെയാണ് കുട്ടി ബസ്സില്‍ കഴിയേണ്ടി വന്നത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പാര്‍ക്ക് ചെയ്ത ബസ്സില്‍ കൊച്ചു കുട്ടി ഇരിക്കുന്നത് കണ്ടെന്ന സുഡാനി പൗരന്റെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അജ്മാന്‍ പൊലീസ് കുതിച്ചെത്തിയതിനാലാണ് അപകടം ഒഴിവായത്. പൊലീസെത്തുന്നതു വരെ ബസ്സില്‍ കുട്ടി കരഞ്ഞിരിക്കുകയായിരുന്നു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കുതിച്ചെത്തിയ പൊലീസ് ഭയവും വിശപ്പും മൂലം കരയുന്ന കുട്ടിയെയാണ് കണ്ടതെന്ന് അജ്മാന്‍ പൊലീസ് ഡയറക്ടര്‍ കേണല്‍ അലി സഈദ് അല്‍ മത്രൗഷി പറഞ്ഞു. ഉടന്‍ തന്നെ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും മാതാവിനെ വിളിച്ചുവരുത്തുകയും ചെയ്തു.

അന്വേഷണം തുടരുന്നതിന്റെ ഭാഗമായി ഏഷ്യക്കാരനായ ഡ്രൈവറെയും സൂപ്പര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടി ബസ്സില്‍ നിന്നിറങ്ങാത്തത് സൂപ്പര്‍വൈസറുടെ ലിസ്റ്റില്‍ ഇല്ലായിരുന്നെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. മാത്രമല്ല ബസ്സില്‍ കുട്ടികളാരും ഇല്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ഡ്രൈവറും സൂപ്പര്‍വൈസറും പരാജയപ്പെട്ടതായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ പാര്‍ക്കിങ്ങിനായി കൊണ്ടു പോകുമ്പോഴും കുട്ടി ഉറക്കത്തിലായിരുന്നു.

നിയമമനുസരിച്ച് യാത്ര അവസാനിപ്പിക്കുമ്പോള്‍ ഏത് ബസ്സായാലും യാത്രക്കാര്‍ ആരുമില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. കഴിഞ്ഞ ഒക്ടോബറില്‍ സ്‌കൂള്‍ ബസ്സില്‍ ഉറങ്ങിപ്പോയ കുട്ടി മരണപ്പെട്ടത് യു.എ.ഇയെ ഞെട്ടിച്ചിരുന്നു. അബുദാബിയിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.