Latest News

തൂണേരി വീടുകൊള്ള: രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

നാദാപുരം:(www.malabarflash.com) ജനുവരി 22ന് തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വ്യാപകമായ വീടു കൊള്ളയുമായി ബന്ധപ്പെട്ട് രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി പൊലീസ് പിടിയില്‍. ചെക്യാട് സ്വദേശികളായ നിരവത്ത് ലിനീഷ് എന്ന ഗിരീശന്‍ (30), തട്ടാന്റവിട ഷാജി (33) എന്നിവരെയാണ് എസ്‌ഐ കെ.ടി. ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. ഈ സംഘത്തിലെ പ്രധാനി മനോജന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വലയിലായതായി സൂചനയുണ്ട്.

കോടഞ്ചേരിയിലെ പള്ളിപ്പറമ്പത്ത് ആയിശയുടെ വീട്ടില്‍ അക്രമം നടത്തുന്നതറിഞ്ഞ് ബന്ധുവായ കുല്‍സു ഓടിയെത്തിയപ്പോള്‍ അവരുടെ നാലുപവന്റെ മാല ഇവര്‍ അപഹരിച്ചിരുന്നു. ഇത് മനോജന്റെ കൈവശമാണുണ്ടായിരുന്നത്. ഗിരീശന്‍ വിഹിതം ആവശ്യപ്പെട്ടപ്പോള്‍ മനോജന്‍ നല്‍കിയത് മുക്കുപണ്ടത്തിന്റെ കഷണമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പാറാട്ട് ഇത് വില്‍ക്കാന്‍ ശ്രമിക്കവെയാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ, ഇരുവരും പിണങ്ങി.

പൊലീസ് ഗിരീശനെയും ഷാജിയെയും പിടികൂടിയതോടെയാണ് വിവിധ വീടുകളില്‍ നടന്ന കൊള്ള സംബന്ധിച്ചു വിവരം ലഭിക്കുന്നത്. വെള്ളച്ചാലില്‍ ആയിശയുടെ വീട്ടില്‍നിന്ന് അലമാര കുത്തിത്തുറന്ന് വിദേശവസ്തുക്കള്‍ കൈക്കലാക്കിയത് തട്ടാന്റവിട ഷാജിയാണെന്ന് സമ്മതിച്ചതായി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. കൊള്ള നടത്തിയ ദിവസം ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍, മനോജന്‍ കസ്റ്റഡിയിലായ വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

അറസ്റ്റിലായ രണ്ടുപേരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വീടുകളില്‍ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് കല്ലാച്ചി സ്വദേശികളായ ചാമപ്പറന്‍പത്ത് ലനീഷ് (32), കൊള്ളിയേന്റവിട രാജീവന്‍ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.