Latest News

ഗോവയിലെ തുണിക്കടയില്‍ ഒളിക്യാമറ; ഇരകളില്‍ മന്ത്രി സ്മൃതി ഇറാനിയും

പനജി:(www.malabarflash.com)വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വസ്ത്രം മാറ്റാനുള്ള മുറിയെ ലക്ഷ്യമാക്കി ഒളിക്യാമറ വച്ചിരുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിടികൂടി. കാന്‍ഡോലിമിലെ ഫാബ്ഇന്ത്യ ഷോറൂമില്‍ വസ്ത്രം മാറ്റാനുള്ള മുറിയില്‍ പുതിയവസ്ത്രം ധരിച്ചുനോക്കുന്നതിനിടയിലാണു സ്മൃതി ഒളിക്യാമറ ശ്രദ്ധിച്ചത്. ഉടന്‍ തന്നെ സ്ഥലം എംഎല്‍എ മൈക്കിള്‍ ലോബോയെ വിളിച്ചുവരുത്തി സംഭവം അറിയിച്ചു.

ലോബോ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണവും തുടങ്ങി. ഇതുസംബന്ധിച്ചു നാലുപേരെ പിടികൂടിയിട്ടുണ്ട്. അവധി ആഘോഷിക്കുന്നതിനിടെ വസ്ത്രം വാങ്ങാനാണ് സ്മൃതി തുണിക്കടയിലെത്തിയത്.

ഒളിക്യാമറയിലെ റിക്കോര്‍ഡിങ് പരിശോധിച്ചപ്പോള്‍ പലരും വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതായി കണ്ടെത്തി. ദൃശ്യങ്ങള്‍ ആരോ തല്‍സമയം കണ്ടുകൊണ്ടിരുന്നതായും സംശയമുണ്ട്. ഷോറൂം മാനേജര്‍ അവധിയിലുമായിരുന്നു. സ്മൃതി ഇറാനി പൊലീസ് സ്‌റ്റേഷനില്‍ ചെന്നു മൊഴി നല്‍കിയിട്ടുണ്ട്.

നാലുമാസം മുന്‍പാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാനേജരുടെ ഓഫിസിലെ കംപ്യൂട്ടറില്‍ റിക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ട്രയല്‍ റൂമില്‍ പലരും വസ്ത്രം മാറ്റുന്ന ദൃശ്യങ്ങള്‍ ഇങ്ങനെ റിക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എസ്പി (നോര്‍ത്ത്) ഉമേഷ് ഗാവോണ്‍കര്‍ പറഞ്ഞു. ക്യാമറ പരിശോധിച്ചപ്പോള്‍ ഇത്തരം ദൃശ്യങ്ങള്‍ കണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് വസ്ത്രവ്യാപാരസ്ഥാപനം മുദ്രവച്ചു. ക്യാമറ നിരീക്ഷിക്കുന്ന ചുമതലയിലുള്ളവര്‍ക്കെതിരെ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബെംഗളൂരുവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുക്കുന്ന ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ പറഞ്ഞു.

എന്നാല്‍ വസ്ത്രം മാറുന്ന മുറിയിലല്ല ക്യാമറ ഉണ്ടായിരുന്നതെന്നും വസ്ത്രം മാറുന്ന മുറിയിലുള്ള ദൃശ്യങ്ങള്‍ ക്യാമറയ്ക്കു പകര്‍ത്താനാവില്ലെന്നും ഫാബ്ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വില്യം ബിസെല്‍ പറഞ്ഞു. വസ്ത്രങ്ങളുടെ മോഷണം തടയാനായി കടയ്ക്കുള്ളില്‍ ക്യാമറ വയ്ക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

സ്മൃതി ഇറാനി അസാന്നിധ്യത്തിലും ബിജെപി നിര്‍വാഹക സമിതി വേളയില്‍ ചര്‍ച്ചാവിഷയമായി. നിര്‍വാഹക സമിതി അംഗമല്ലാത്തതിനാല്‍ യോഗത്തില്‍ പങ്കെടുക്കാതെ ഗോവയില്‍ അവധിയാഘോഷിക്കുമ്പോഴാണ് വസ്ത്രവ്യാപാരസ്ഥാപനത്തിലെ ഒളിക്യാമറ പിടികൂടി സ്മൃതി വാര്‍ത്തയില്‍ നിറഞ്ഞത്. മുന്‍ നടിയും മോഡലുമായ സ്മൃതി, 1998ലെ മിസ് ഇന്ത്യ മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

Keywords:  National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.