Latest News

കോഴിക്കോട് നടുവണ്ണൂരില്‍ വാഹനാപകടം: ഖാസിയും മരുമകനും മരിച്ചു

കോഴിക്കോട്: [www.malabarflash.com]ഉള്ളിയേരി -കുറ്റിയാടി സംസ്ഥാന പാതയില്‍ തെരുവത്തുകടവ് പാലത്തിനു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ടു പേര്‍ മരിച്ചു. കുമ്മങ്കോട്, കല്ലാച്ചി മഹല്ല് ഖാസി കുമ്മങ്കോട് പുത്തന്‍വീട്ടില്‍ മസ്ഹൂദ് മുസല്യാര്‍ (65), മരുമകന്‍ നാദാപുരം മേനക്കോത്ത് മുഹമ്മദ് ഖൈസ് (36) എന്നിവരാണു മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 നാണ് അപകടം. കോഴിക്കോട്ടു നിന്നു കുറ്റിയാടിയിലേക്കു വരികയായിരുന്ന ടൂവിങ്‌സ് ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം നിശ്ശേഷം തകര്‍ന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന ഖൈസിന്റെ മക്കളായ ആയിശ റിദ (ഒന്‍പത്), മുഹമ്മദ് റിഫാന്‍ (നാല്) എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഹമ്മദ് ഖൈസാണു കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശവും പാടെ തകര്‍ന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് അര മണിക്കൂറിലധികം റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. ബാലുശ്ശേരി സിഐ കെ.കെ. വിനോദിന്റെ നേതൃത്വത്തില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പേരാമ്പ്രയില്‍ നിന്നു ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

അപകടത്തില്‍ മരിച്ച ഖാസി മസ്ഹൂദ് മുസല്യാര്‍ കുമ്മങ്കോട് സ്വലാഹിയതു സിബിയാന്‍ മദ്രസ അധ്യാപകനുമാണ്. കുമ്മങ്കോട് ബദ്‌രിയ മസ്ജിദ് സ്ഥാപിച്ചതു മുതല്‍ ഖാസിയാണ്. പ്രമുഖ പണ്ഡിതനായിരുന്ന പരേതനായ പുത്തന്‍വീട്ടില്‍ കുഞ്ഞബ്ദുല്ല മുസല്യാരുടെ മകനും സുന്നി യുവജന ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ഭാര്യ: ജമീല (കായക്കൊടി). മക്കള്‍: ത്വാഹിറ, ഉവൈസ് കുമ്മങ്കോട് (ജാതിയേരി ഇര്‍ഷാദിയ മദ്രസ അധ്യാപകന്‍), ഉബൈദ് (ഖത്തര്‍), ഉനൈസ് ( വിദ്യാര്‍ഥി). മരുമകള്‍: ബറീറ. സഹോദരങ്ങള്‍: പി.വി. മുഹമ്മദ് മുസല്യാര്‍ (ഖത്തര്‍), സഹദ്, ആയിശക്കുട്ടി, സുമയ്യ, സൗദ, സഫിയ, മൈമൂന, ഹഫ്‌സ.

മസ്ഹൂദ് മുസല്യാരുടെ മകള്‍ ത്വാഹിറയുടെ ഭര്‍ത്താവാണു മരിച്ച മുഹമ്മദ് ഖൈസ്. നാദാപുരം ഖാസി മേനക്കോത്ത് പി. അഹമദ് മൗലവിയുടെ മകനാണ്. നാലു ദിവസം മുന്‍പാണു ഖത്തറില്‍ നിന്നെത്തിയത്. ഖത്തര്‍ ഐസിഎസ് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ്. മാതാവ്: സൈനബ. സഹോദരങ്ങള്‍: റൈഹാനത്ത്, ഹഫ്‌സത്ത്.

രോഗാവസ്ഥയില്‍ കൊടുവള്ളിയിലെ വീട്ടില്‍ കഴിയുന്ന സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് രാമന്തളി മുഹമ്മദ്‌കോയ തങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ടതായിരുന്നു ഖത്തറില്‍ നിന്നെത്തിയ മുഹമ്മദ് ഖൈസ്. ഭാര്യാപിതാവായ മസ്ഹൂദ് മുസല്യാരെയും ഖൈസിന്റെ മക്കളായ ആയിശ റിദയെയും മുഹമ്മദ് റിഫാനെയും ഒപ്പം കൂട്ടുകയായിരുന്നു. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാറില്‍ നിന്നു രണ്ടു കുട്ടികളും രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടാണ്.


Keywords:Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.