Latest News

മത്സ്യ തൊഴിലാളികളെ മോഡി സര്‍ക്കാര്‍ കടലില്‍ മുക്കികൊല്ലുന്നു: എ.അബ്ദുല്‍ റഹ്മാന്‍

മഞ്ചേശ്വരം: രാജ്യത്തെ മത്സ്യ തൊഴിലാളികളെ മോഡി സര്‍ക്കാര്‍ കടലില്‍ മുക്കികൊല്ലുകയാണെന്ന് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. മത്സ്യ തൊഴിലാളി ഫെഡറേഷന്‍(എസ്.ടി.യു) ജില്ലാ കമ്മിറ്റി മഞ്ചേശ്വരം റെയില്‍വേസ്റ്റേഷനിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഡോ.മീനകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ടും പുതിയ മറൈന്‍ മാനേജ്‌മെന്റ് ആക്ടും സൈതാറാവു കമ്മിറ്റി റിപ്പോര്‍ട്ടും നടപ്പിലാക്കുന്നതോടെ ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങള്‍ മുഴു പട്ടിണിയാലവുകയും ചെയ്യും.
അതിര്‍ത്തി സുരക്ഷയുടെ ഭാഗമായി മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികള്‍ പാസ്‌പോര്‍ട്ട് കരുതണമെന്ന നിബന്ധനം കടലിന്റെ മക്കളെ സംശയത്തിന്റെ നിഴലിലേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ മത്സ്യ സമ്പത്ത് പ്രധാനം ചെയ്യുന്ന തൊഴിലാളികളുടെ പൗരത്വത്തെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുന്നത് അവരെ കടലില്‍ മുക്കികൊല്ലുന്നതിന് തുല്ല്യമാണ്. 

മത്സ്യതൊഴിലാളികള്‍ക്ക് മാന്യമായി ജോലി ചെയ്യാന്‍ പോലും മോഡി സര്‍ക്കാര്‍ നയം അവസരം നല്‍കുന്നില്ല. തലചായ്ക്കാന്‍ വീടവെക്കാന്‍പോലും നിയമങ്ങളും നിബന്ധനകളും അനുകൂലമല്ല. ഇതിനെല്ലാം പുറമെയാണ് രാജ്യത്തെ മത്സ്യതൊഴിലാളികള്‍ ഇന്ത്യക്കാരാണോ എന്ന് തെളിയിക്കാന്‍ പാസ്‌പോര്‍ട്ടുമായി കടലിലിറങ്ങേണ്ട ഗതികേട് കൂടി വന്നുചേര്‍ന്നിരിക്കുന്നത്. 

വിദേശ കുത്തകകള്‍ക്ക് കടലും കടല്‍ തീരവും പതിച്ചുനല്‍കാനുള്ള മോഡി സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമാണ് മത്സ്യ തൊഴിലാളികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളും തൊഴിലാളി ദ്രോഹ നടപടികളുമെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
പി.എച്ച്.അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.എ.മുസ്തഫ സ്വാഗതം പറഞ്ഞു. എ.കെ.എം.അഷറഫ്, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, ഉമ്മര്‍ അപ്പോളോ, അബ്ദുല്ല കജ, ബി.എം.അസീസ് ഹാജി, യു.എ.ഖാദര്‍, കെ.എം.കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി, ബി.എം.അബ്ദുല്ല പ്രസംഗിച്ചു. ബി.എം.അഷറഫ്,ബി.എം.അബൂബക്കര്‍, കെ.എം.കെ.മൊയ്തീന്‍കുഞ്ഞി ഹാജി, അബ്ദുല്ല ഗുഡ്ഡഗേരി, ബി.എം.അബ്ദുല്‍ ലത്തീഫ്, ബി.എം.ഹസ്സന്‍ അബ്ബ നേതൃത്വം നല്‍കി.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്ന ഡോക്ടര്‍ മീനകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക, പന്ത്രണ് നോട്ടിക്കല്‍ മൈല്‍ അപ്പുറം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നിരോധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും പൊതു നോട്ടീസും റദ്ദു ചെയ്യുക, പന്ത്രണ്ട് നോട്ടിക്കല്‍ മൈലിനപ്പുറം കടന്നാല്‍ മത്സ്യതൊഴിലാളികള്‍ക്ക് പിഴ ചുമത്താനുള്ള കേന്ദ്ര സമുദ്ര മത്സ്യ ബന്ധന നിയമം ഉപേക്ഷിക്കുക, തീരപരിപാലന നിമയത്തില്‍ മത്സ്യ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് അനുമതി ലഭിക്കാന്‍ നിയമം ഭേദഗതി ചെയ്യുക, ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31വരെ 61 ദിവസം എഞ്ചിന്‍ ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യ ബന്ധനം നിരോധിക്കാന്‍ ശുപാര്‍ശ ചെയ്യുന്ന സൈത റാവു കമ്മിറ്റി റിപ്പോര്‍ട്ട് തള്ളുക, മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ കോട്ട അനുവദിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്.

Keywords: kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.