ചെറുവത്തൂര്‍: വീട്ടമ്മയെ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അച്ചാംതുരുത്തി ഈച്ചരമാടിലെ വി.കെ.കുഞ്ഞിരാമന്റെ ഭാര്യ മീത്തലെ വീട്ടില്‍ മാധവി (58) യാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് മാധവി അടുക്കളയില്‍ നിന്ന് ദേഹത്ത് മണ്ണെണ്ണെയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഭര്‍ത്താവ് കുഞ്ഞിരാമന്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെയും പിറകുവശത്തെയും വാതിലുകള്‍ അടച്ചിട്ട നിലയിലായിരുന്നു. കുഞ്ഞിരാമന്‍ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് മാധവിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ അടുക്കളയില്‍ കണ്ടെത്തിയത്.
കുഞ്ഞിരാമന്റെ നിലവിളികേട്ട് പരിസരവാസികള്‍ എത്തുകയും വിവരം ഉടന്‍ തന്നെ ചന്തേര പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം രാവിലെ വീട്ടിലെത്തിക്കുകയും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോട്ടപ്പുറം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു.
മാധവിയുടെ ഭര്‍ത്താവ് കുഞ്ഞിരാമന്‍ ചെറുവത്തൂര്‍ ട്രെയിനിംഗ് സ്‌കൂളിലെ ക്ലര്‍ക്കായിരുന്നു. ദിനേശ് ബീഡി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാധവി ഇവിടെ നിന്നും വിരമിച്ച ശേഷം വീട്ടില്‍ തന്നെ കഴിയുകയായിരുന്നു.
മകള്‍: മിനി (ജില്ലാ ബേങ്ക് കാസര്‍കോട്) മരുമകന്‍: ദിനേശന്‍ (ജില്ലാ പഞ്ചായത്ത് കാസര്‍കോട്). സഹോദരങ്ങള്‍: ജാനകി, ലീല.
No comments:
Post a Comment