കാഞ്ഞങ്ങാട്: പരീക്ഷയ്ക്ക് ശേഷം അവധിക്കാലം അടിച്ച് പൊളിക്കേണ്ട കുട്ടികള്‍ പാഠപുസ്തകങ്ങളിലെ പാടിപ്പതിഞ്ഞ പാട്ടുകള്‍ക്ക് രംഗഭാഷ ഒരുക്കി അരയി ഗവ.യുപി സ്‌കൂള്‍ ശ്രദ്ധേയമാകുന്നു. ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലെ കേരള പാഠാവലിയിലെ കവിതകളുടെയും കഥകളുടെയും ദൃശ്യാവിഷ്‌കാരം - മണിത്താലി - ഞായറാഴ്ച അരങ്ങിലെത്തും. സ്‌കൂള്‍ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കുന്ന പൂക്കാലം പരിപാടിയിലാണ് മുഴുവന്‍ കുട്ടികളും വേഷമിടുന്ന കലാവിരുന്നൊരുക്കുന്നത്.
അഞ്ചാംതരത്തിലെ മലയാള നാടേ നിന്‍ മാറിലാരോ എന്ന കവിതയ്ക്ക് തിരുവാതിര താളമേകിയാണ് തുടക്കം. ആറാംതരത്തിലെ ജി.ശങ്കരക്കുറുപ്പിന്റെ തൂപ്പുകാരി ഒരുക്കുന്ന ദൃശ്യാവിഷ്‌കാരത്തില്‍ ആറാം ക്ലാസ്സിലെ 27 കുട്ടികളും പങ്കെടുക്കുന്നു. മൂന്നാംതരത്തിലെ മാരിമലകള്‍ നനഞ്ചേ, രാഗങ്ങള്‍ ഓരോന്നേ ഗോകുലനായകന്‍ എന്നീ കവിതകള്‍ യഥാക്രമം നാടോടി നൃത്തമായും, ആലാമിക്കളിയായും രംഗത്തെത്തും.
വിവിധ ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ഒപ്പന, ദഫ്മുട്ട്, പൂരക്കളി, ഓട്ടന്‍തുള്ളല്‍ എന്നീ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയാണ് അവതരിപ്പിക്കുന്നത്. മടിക്കൈ അടുക്കത്ത് പറമ്പിലെ ഫയര്‍ഫോഴ്‌സ് ജീവനക്കാരനായ എം.വി.കുഞ്ഞിക്കൃഷ്ണനാണ് ഒരു മണിക്കൂര്‍ നീളുന്ന മണിത്താലിക്ക് രംഗഭാഷ ഒരുക്കുന്നത്.
ഞായറാഴ്ച രാവിലെ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ വാര്‍ഷിക ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. മികവുല്‍സവം, പുസ്തക പ്രകാശനം, വല്‍സന്‍ പിലിക്കോടിന്റെ പ്രഭാഷണം, ബാചന്ദ്രന്‍ കൊട്ടോടിയുടെ ഇന്ദ്രജാലം, സി.ഡി.പ്രദര്‍ശനം എന്നീ പരിപാടിക്ക് ശേഷം രാത്രി എട്ട് മണിക്കാണ് മണിത്താലി അരങ്ങിലെത്തുന്നത്.
No comments:
Post a Comment