കാഞ്ഞങ്ങാട്: ജുമഅ നമസ്‌കാരം കഴിഞ്ഞിറങ്ങിയവര്‍ക്കു മുമ്പില്‍ അനുഗ്രഹം ചൊരിഞ്ഞ് നെരോത്തച്ചനും തിരുവായുധക്കാരും. പിന്നെ മഖാംതുറന്ന് കാണിക്കയര്‍പ്പിക്കല്‍. പ്രാര്‍ഥനയും ഉപചാരസ്വീകരണവും. കമ്മാടം വലിയുള്ളാഹി നഗറില്‍ വെള്ളിയാഴ്ച വേറിട്ട കാഴ്ചകളായിരുന്നു.
കമ്മാടം ഉറൂസില്‍ നൂറ്റാണ്ടുകളായി തുടരുന്നതാണ് ഈ അനുഷ്ഠാനങ്ങള്‍. ഇടയ്ക്കു മുടങ്ങിയത് ഏതാനും വര്‍ഷം മുമ്പാണ് പുനരാരംഭിച്ചത്. നെരോത്ത് പെരട്ടൂര്‍ കോവിലകം ഭഗവതിക്ഷേത്രം മുഖ്യസ്ഥാനികന്‍ നെരോത്തച്ചന്റെ നേതൃത്വത്തിലാണ് സംഘം മഖാം സന്ദര്‍ശിക്കാനെത്തിയത്. . ക്ഷേത്രംഭാരവാഹികളും നാട്ടുകാരും അനുഗമിച്ചു .
മഖാമിനുപുറത്ത് ജമാഅത്ത് കമ്മറ്റി ഭാരവാഹികള്‍ സംഘത്തെ സ്വീകരിച്ചു. നെരോത്തച്ചന്‍ താക്കോല്‍ വാങ്ങി മഖാം തുറന്ന് അകത്തുകയറി. സ്ഥാനികരും പരിവാരവും അനുഗമിച്ചു. കാണിക്കയിട്ടു പ്രാര്‍ഥിച്ചു. പിന്നീട് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ ക്ഷേത്രസംഘത്തെ ആനയിച്ച് വേദിയിലിരുത്തി ഇളനീരുനല്‍കി ഉപചാരം ചൊല്ലി. ജുമാ മസ്ജിദ് മുത്തവല്ലി കെ.പി.അബ്ദുറഹിമാന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിലെ ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി.സിദ്ദിഖ്, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി.പി.പി.മുസ്തഫ, ബഷീര്‍ ആറങ്ങാടി, പ്രൊഫ. പി.രഘുനാഥ്, കെ.ബാലന്‍ പരപ്പ, ചന്ദ്രന്‍ പണിക്കര്‍, ഹക്കിം കുന്നില്‍, കെ.പി.അബ്ദുറഹിമാന്‍ പെരുമ്പട്ട, പി.കുഞ്ഞമ്പു നായര്‍, ദിവാകരന്‍ നമ്പ്യാര്‍ വട്ടിപ്പുന്ന, എ.സി.എ. ലത്തീഫ്, മുസ്തഫ തായന്നൂര്‍, ഗഫൂര്‍ എടത്തോട്, താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹുസൈന്‍ പുല്ലടി സ്വാഗതവും ഷെറീഫ് കമ്മാടം നന്ദിയും പറഞ്ഞു.
പൂരംകുളിനാളില്‍ പള്ളി ഭാരവാഹികള്‍ നെരോത്ത് ക്ഷേത്രത്തിലെത്തി ഉറൂസിനു ക്ഷണിക്കുന്ന ചടങ്ങുണ്ട്. അരിക്കിഴിയും കോഴിയും പണവും നല്‍കിയാണു ക്ഷേത്രഭാരവാഹികള്‍ കമ്മാടം കാരെ യാത്രയാക്കുന്നത്.
No comments:
Post a Comment