Latest News

കുഞ്ഞനുജത്തിയുടെ കരളലയിക്കുന്ന വാര്‍ത്ത:കൂട്ടുകാരുടെ കൂട്ടായ്മയ്ക്ക് കരുത്തായി

കാഞ്ഞങ്ങാട്:(www.malabarflash.com) ദുരിതവഴിയില്‍ മറുകര താണ്ടാന്‍ കഴിയാതെ പകച്ച് നില്‍ക്കുന്ന കുഞ്ഞനുജത്തിയെക്കുറിച്ചുള്ള പത്രവാര്‍ത്ത കലാലയക്കൂട്ടായ്മയ്ക്ക് കരുത്തായി. അരയി തെക്കുപുറത്തെ വാടകവീട്ടില്‍ താമസിക്കുന്ന ഹരിദാസിന്റെ മകള്‍ ശ്രേയാദാസിനെക്കുറിച്ചുള്ള പത്രവാര്‍ത്തയാണ് ചീമേനി എന്‍ജിനീയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള സംഘടനയ്ക്ക് ശക്തി പകര്‍ന്നത്.

 
എസ്.ക്യൂബ് (സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി) എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം ശ്രേയാദാസ് ചികില്‍സാനിധിയിലേക്ക് 24350 രൂപ നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചത് സാന്ത്വനവഴിയിലെ വേറിട്ട അധ്യായമായി.
വെള്ളിയാഴ്ച തോറും കൂട്ടുകാരില്‍ നിന്നും ഒരു രൂപ നാണയത്തുട്ട് ശേഖരിച്ച് സ്വരുക്കൂട്ടിയ തുകയോടൊപ്പം സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങളുടെ സംഭാവനകളും കൂട്ടിച്ചേര്‍ത്താണ് കുഞ്ഞനുജത്തിയുടെ ചികില്‍സയ്ക്കായി കലാലയ വിദ്യാര്‍ത്ഥികള്‍ പണം കണ്ടെത്തിയത്. 

ശ്രേയയെക്കുറിച്ച് മലയാളദിനപത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ വേദനാജനകമായിരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ കണ്ണടക്കാന്‍ കഴിയില്ലെന്നും എസ്.ക്യൂബ് ഭാരവാഹികള്‍ പറഞ്ഞു.
ചീമേനി എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.ആര്‍.ബിജുകുമാര്‍ തുക ചികില്‍സാ സഹായനിധി സമാഹരണ സമിതി കണ്‍വീനര്‍ കൊടക്കാട് നാരായണന് കൈമാറി. പ്രൊഫ.പി.കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. 

കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ സി.കെ.വല്‍സലന്‍, പ്രൊഫ.എ.കുഞ്ഞിരാമന്‍, ജിഷ്ണു ഗോപി, നിഖില്‍ ജോസഫ്, കെ.അമ്പാടി, കെ.നാരായണന്‍, ഖമറുദ്ദീന്‍ പാലക്കാല്‍, ടി.വി.ഷൈനി, കെ.ഷീന, അനീഷ്‌കുമാര്‍, വി.എന്‍.സിന്ധു, ബി.വിസ്മയ, മെര്‍ലിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod-news News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.