Latest News

തൃശ്ശൂരില്‍ സദാചാര കൊലപാതകം; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ചാവക്കാട്: (www.malabarflash.com) അവിഹിതബന്ധം ആരോപിച്ചു യുവാവിനെ സദാചാര ഗുണ്ടകള്‍ അടിച്ചു കൊന്നു. കടപ്പുറം ആശുപത്രിപ്പടി പുതിയകത്ത് സവാഹിറാണ് (28) മരിച്ചത്. നാലംഗ സംഘത്തെ പൊലീസ് തിരയുന്നു. വ്യാഴാഴ്ച രാത്രി 11നു കടപ്പുറം മൂസാ റോഡിലാണു സംഭവം. മര്‍ദിച്ച് അവശനാക്കിയശേഷം സവാഹിറിനെ പ്രതികള്‍ പെട്ടി ഓട്ടോറിക്ഷയില്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ ഉപേക്ഷിച്ചു മുങ്ങി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സവാഹിര്‍ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രദേശത്തെ ഒരു വീട്ടിലെ യുവതിയുമായി ബന്ധപ്പെടുത്തി സവാഹിറുമായി ചിലര്‍ തര്‍ക്കിച്ചിരുന്നു. ഇതു പിന്നീട് ഇരു വീട്ടുകാരും ഇടപെട്ടു പറഞ്ഞു തീര്‍ത്തതായി പറയുന്നു. കുറച്ചു നാളുകളായി സവാഹിര്‍ എടക്കഴിയൂരിലുള്ള ഭാര്യവീട്ടിലാണു താമസം. ഇവിടെനിന്നു കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനു കൂട്ടുകാര്‍ ഉള്‍പ്പെട്ട സംഘം കടല്‍ത്തീരത്തേക്കു വിളിച്ചുവരുത്തുകയായിരുന്നത്രെ. രാത്രി 10.45 വരെ ഇവര്‍ ഇവിടെ ഉണ്ടായിരുന്നു. പിന്നീടു സവാഹിറിനെ കൊല നടന്ന വീടിന്റെ പിന്നിലാണു കണ്ടത്.

ചതിയില്‍പ്പെടുത്തി ഈ വീട്ടുപരിസരത്തു കൊണ്ടുവന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ പരാതി. ഇവിടെവച്ചു തലയ്ക്ക് അടിയേറ്റ സവാഹിര്‍ രക്തം വാര്‍ന്നൊലിച്ചു കമഴ്ന്നു വീണതായി പറയുന്നു. തുടര്‍ന്നു സംഘം പെട്ടിഓട്ടോറിക്ഷ വിളിച്ചുവരുത്തി സവാഹിറിനെ ആശുപത്രിയിലെത്തിച്ചു മുങ്ങുകയായിരുന്നുവത്രെ. വീട്ടുപറമ്പില്‍നിന്നു കിട്ടിയ മുളവടിയിലും പുല്ലുമാന്താന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടിയിലും രക്തക്കറ കണ്ടെത്തി. സവാഹിറിനെ ആശുപത്രിയിലെത്തിച്ച പെട്ടിഓട്ടോ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓട്ടോ ഉടമയുടെ ബന്ധുവും മര്‍ദിച്ച സംഘത്തില്‍ ഉണ്ടെന്നാണു സൂചന.

രണ്ടു വര്‍ഷം മുന്‍പ് ഓട്ടോ ഡ്രൈവറെ തടഞ്ഞു നിര്‍ത്തി പണം തട്ടിയ കേസിലെ പ്രതിയാണു സവാഹിര്‍. തന്റെ സഹോദരനെ ഭാര്യവീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്നു സവാഹിറിന്റെ സഹോദരന്‍ ഷക്കീര്‍ പറഞ്ഞു. കബറടക്കം നടത്തി. ഭാര്യ: ഷാജിത. മകള്‍: സഹല (നാലു മാസം).

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.