Latest News

വ്യാജരേഖ ചമച്ച് കടത്തിയ ആഡംബര ബൈക്കുകള്‍ കസ്റ്റംസ് പിടികൂടി

കൊച്ചി: വ്യാജരേഖ ചമച്ച് ഇന്ത്യയിലേക്കു കടത്തിക്കൊണ്ടുവന്ന അഞ്ച് ആഡംബര ബൈക്കുകള്‍ കൊച്ചി കസ്റ്റംസ് പിടികൂടി. പെരുമ്പാവൂരിലെ ബാര്‍ ഉടമയുടെ മകന്‍ കടത്തിക്കൊണ്ടുവന്ന 15 ലക്ഷം രൂപയുടെ ബൈക്കാണ് ബുധനാഴ്ച പൊലീസ് സഹായത്തോടെ പിടിച്ചത്. അഞ്ചുമാസം മുന്‍പ് കടത്തിക്കൊണ്ടുവന്ന 10 ബൈക്കുകളില്‍ അഞ്ചാമത്തേതാണ് ഇത്.

ബോളിവുഡ് നടന്‍മാരും രാജ്യാന്തര കായിക താരങ്ങളും ഉപയോഗിക്കുന്ന ബൈക്കുകള്‍ പോലും തീരുവ അടയ്ക്കാതെ കടത്തിക്കൊണ്ടുവരുന്നതു കൊച്ചിയിലൂടെയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ നിരീക്ഷണത്തിലാണു ബൈക്കുകള്‍ കണ്ടെത്തിയത്. 

കസ്റ്റംസ് പിന്‍തുടരുന്ന വിവരം അറിഞ്ഞ ബാറുടമയുടെ മകന്‍, ബൈക്ക് വൈറ്റിലയിലെ വിദേശബൈക്ക് ഷോറൂമിന്റെ സര്‍വീസ് സെന്ററില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. വാഹനം പിടിച്ചെടുക്കാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ കായികമായി നേരിട്ട യുവാവിനെ കടവന്ത്ര പൊലീസിന്റെ സഹായത്തോടെയാണു കസ്റ്റംസ് കീഴ്‌പ്പെടുത്തിയത്. ബൈക്ക് ഒളിപ്പിക്കാന്‍ സഹായിച്ച ഷോറും ഉടമകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കു തുകല്‍ കടത്തിക്കൊണ്ടു വന്നതിന്റെ ബില്ല് ബൈക്കിന്റേതാക്കി മാറ്റിയാണു തട്ടിപ്പു നടത്തിയത്. കസ്റ്റംസ് സീനിയര്‍ സൂപ്രണ്ട് സയീദ് മുഹമ്മദ്, സൂപ്രണ്ട് ജയിംസ്, ഇന്‍സ്‌പെക്ടര്‍മാരായ രഘുരാജ് മേനോന്‍, രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് ആഡംബര ബൈക്കുകള്‍ പിടികൂടിയത്. പതിനഞ്ചു ലക്ഷം രൂപയില്‍ കൂടുതല്‍ വിലമതിക്കുന്നവയാണ് ബൈക്കുകളെല്ലാം. നേരത്തെ പിടികൂടിയ രണ്ടു ബൈക്കുകളുടെ ഉടമകള്‍ പിഴയടക്കം തീരുവ അടച്ചിരുന്നു.

ബൈക്ക് അഴിച്ച് പല ഭാഗങ്ങളാക്കി കൊണ്ടു വന്നു വീണ്ടും കൂട്ടിയോജിപ്പിച്ചാണ് കള്ളക്കടത്ത്. ഇതിനു സഹായിക്കുന്ന വലിയ സംഘം തന്നെ കൊച്ചിയിലുണ്ട്. കസ്റ്റംസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയും സിനിമാനിര്‍മാതാവിന്റെയും മക്കളുടെ കൈവശമാണ് ഇത്തരം രണ്ട് ആഡംബര ബൈക്കുകള്‍ കണ്ടെത്തിയത്. ഇത്തരം ബൈക്കുകള്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലേക്കാണു വില്‍പ്പനയ്ക്കായി കൊച്ചിയില്‍ നിന്നു കൊണ്ടുപോകുന്നത്. മണിക്കൂറില്‍ 200-300 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയുന്ന ബൈക്കുകളാണ് പിടിച്ചെടുത്തവയെല്ലാം.

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.