Latest News

കൊണ്ടുപോയത് കെട്ടിടം പണിക്ക്, പിന്നെ കേട്ടത് നടുക്കുന്ന വാര്‍ത്ത

ന്യൂഡല്‍ഹി:[www.malabarflash.com]പൗരന്മാരുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തേണ്ട നിയമപാലകരുടെ കൊലത്തോക്കിനു മുന്നില്‍നിന്ന് തലനാരിഴക്കു രക്ഷപ്പെട്ട സേഖറും (54) ബാലചന്ദ്രനും (29) തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലിരുന്നു വിറച്ചു. ചന്ദനക്കൊള്ളക്കാരെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ആന്ധ്രയിലെ സേഷാചലം വനമേഖലയില്‍ പൊലീസ് കൊന്നുതള്ളിയവരില്‍ ഇവരുടെ ഉറ്റവരും നാട്ടുകാരുമുണ്ട്.

ബാലചന്ദ്രന് നഷ്ടപ്പെട്ടത് സ്വന്തം പിതാവിനെ. കൂട്ടക്കൊലക്കിരയില്ലെങ്കിലും തങ്ങളോടു ചെയ്ത കൊടിയ അരുതായ്മക്കെതിരെ നീതിതേടി ദേശീയ മനുഷ്യാവകാശ കമീഷനില്‍ മൊഴി നല്‍കാനത്തെിയതിന്‍െറ പേരില്‍ ഏതുസമയവും വേട്ടയാടപ്പെടുമെന്ന ഭയം ആവോളമുണ്ട് അവര്‍ക്ക്.

നിര്‍മാണ ജോലിക്ക് ആളെ വേണമെന്ന് ബന്ധുവും അയല്‍ക്കാരനുമായ മഹേന്ദ്രന്‍ പറയുന്നതു കേട്ടാണ് തിരുവണ്ണാമല ജില്ലയിലെ പുദൂര്‍ കൊല്ലമേട് ഗ്രാമത്തില്‍നിന്ന് സേഖര്‍ ചെന്നൈക്ക് വണ്ടികയറിയത്. കൂടെ മഹേന്ദ്രന്‍, മൂര്‍ത്തി, മുനിസ്വാമി എന്നിവരുമുണ്ടായിരുന്നു.
യാത്രക്കിടെ ബസ് ആര്‍ക്കോട് ബസ്സ്റ്റാന്‍ഡ് പിന്നിട്ടതോടെ കട്ടിമീശയും ഒത്ത ശരീരവുമുള്ള ഒരാള്‍ ബസില്‍ കയറി മഹേന്ദ്രനെ പിടിച്ചിറക്കി. പിന്നീട് മൂര്‍ത്തിയേയും മുനിസ്വാമിയേയും ബസില്‍ കാണാനില്ലെന്നറിഞ്ഞതോടെ പരിഭ്രാന്തനായ സേഖര്‍ വണ്ടിയിറങ്ങി നാട്ടിലേക്കു മടങ്ങി. പിറ്റേന്ന് വൈകുന്നേരം ഗ്രാമത്തിലത്തെിയ പൊലീസുകാരാണ് മഹേന്ദ്രനും സുഹൃത്തുക്കളും വെടിയേറ്റു മരിച്ചത് അറിയിച്ചത്. 

എം.എസ്സിക്കു പഠിക്കുന്ന മകളുടെയും ഡിപ്ളോമ കഴിഞ്ഞുനില്‍ക്കുന്ന മകന്‍െറയും നല്ലഭാവിക്കു വേണ്ടി അധ്വാനിക്കാന്‍ ആഗ്രഹിക്കുന്ന താന്‍ വനംകൊള്ളക്കാരനല്ലെന്നും അത്തരം നീക്കത്തെക്കുറിച്ച് അറിയുകപോലുമില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
പോണ്ടിച്ചേരിയില്‍ ജോലിയുണ്ടെന്നറിയിച്ച് പളനി എന്നൊരു ഏജന്‍റാണ് ബാലചന്ദ്രന്‍, പിതാവ് ഹരികൃഷ്ന്‍ എന്നിവരുള്‍പ്പെടെ ഒമ്പതുപേരെ കൊണ്ടുപോയത്.

യാത്രക്കിടെ പളനിക്കു പരിചയമുള്ള ഒരാള്‍കൂടി ഒപ്പം ചേര്‍ന്നു. ആര്‍കോട്ട് സ്റ്റാന്‍ഡില്‍ വെച്ച് മദ്യം വാങ്ങാന്‍ പോയ ബാലചന്ദ്രനും സുഹൃത്തും സംഘത്തില്‍നിന്ന് വേറിട്ടുപോയി. ഫോണില്‍ വിളിച്ചപ്പോള്‍ മറ്റൊരിടത്തേക്കു ചെല്ലാന്‍ നിര്‍ദേശം കിട്ടി. പിന്നീട് പളനി അറസ്റ്റിലായെന്നും മടങ്ങിപ്പോയില്ലെങ്കില്‍ നിങ്ങളും പിടിയിലാകുമെന്നും പളനിക്കൊപ്പം എത്തിയയാള്‍ ഫോണില്‍ പറഞ്ഞു. വീട്ടിലേക്ക് മടങ്ങവെ ടി.വിയില്‍നിന്നാണ് തിരുപ്പതിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട വിവരം അറിയുന്നത്. അതില്‍ തന്‍െറ പിതാവും ബന്ധുക്കളും ഉണ്ടെന്ന വിവരവും വൈകാതെ എത്തി.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.