Latest News

ചുവന്ന ബീക്കണ്‍ ലൈറ്റ് വച്ച് പാഞ്ഞ കാര്‍ പിടിയിലായി; ഓടിച്ചയാള്‍ രക്ഷപ്പെട്ടു

തിരുവല്ല: [www.malabarflash.com] മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പാഞ്ഞ ചുവന്ന ബീക്കണ്‍ ലൈറ്റ് വച്ച കാര്‍ പിന്തുടര്‍ന്ന് പിടികൂടി. വാഹനം നിര്‍ത്തി ഡ്രൈവര്‍ രക്ഷപ്പെട്ടു. രേഖകള്‍ കൃത്യമല്ലാത്ത കാര്‍ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. കെ.എല്‍-29, എഫ് 5707 രജിസ്റ്റര്‍ നമ്പരിലുള്ള കാറാണ് പിടിയിലായത്. ബുധനാഴ്ച പകല്‍ 12 മണിയോടെ എം.സി.റോഡില്‍ മഴുവങ്ങാട് ചിറയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം.

മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സമെന്റ് വാഹനത്തില്‍ പരിശോധനക്കിറങ്ങിയ ഉദ്യോഗസ്ഥര്‍ സംശയം തോന്നി ബീക്കണ്‍ ലൈറ്റുള്ള കാര്‍ നിര്‍ത്താന്‍ സിഗ്നല്‍ കാട്ടി. എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തെ മറികടന്ന് പാഞ്ഞ കാര്‍ തുകലശ്ശേരി ജങ്ഷനില്‍ ഇടത്തേക്ക് തിരിഞ്ഞു. അതിവേഗത്തില്‍ പാഞ്ഞ കാര്‍ കറ്റോട് വന്ന് ടി.കെ.റോഡില്‍ ഇറങ്ങി തിരുവല്ല ദിശയിലേക്ക് പോയി. കുറെ ദൂരം പോയശേഷം തിരികെ കോഴഞ്ചേരി ദിശയിലേക്ക് വാഹനം തിരിച്ചുകൊണ്ടുപോകുന്നതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനം കുറുകെയിട്ട് തടയാന്‍ നോക്കിയെങ്കിലും നടന്നില്ല. കറ്റോട് നിന്ന് ഇടത്തെ ഇടവഴിയിലേക്ക് കയറ്റിയ കാര്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം പോലീസ് സ്റ്റേഷന്‍ പരിസരത്ത് എത്തിച്ചു. എ.എം.വി.ഐ.മാരായ എം.മോഹന്‍ലാല്‍, ഷിബി പി.ജോണ്‍ എന്നിവരാണ് കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. കായംകുളം സ്വദേശിനി മായ എന്നയാളുടെ പേരിലാണ് നിലവിലുള്ള രജിസ്‌ട്രേഷന്‍. ടാക്‌സി രജിസ്‌ട്രേഷനിലുള്ള കാറില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബോര്‍ഡാണ് വച്ചിരുന്നത്. ടാക്‌സ് അടച്ചിരുന്നില്ല. ഫിറ്റ്‌നസ് രേഖകളും ഇല്ല.

അനുമതിയില്ലാതെ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനടക്കം മോട്ടോര്‍വാഹന വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജോയിന്റ് ആര്‍.ടി.ഒ. സജി പ്രസാദ് പറഞ്ഞു.

വാഹനത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, മുദ്രപ്പത്രങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവല്ലയില്‍ ആര്‍മി റിക്രൂട്ട്‌മെന്‍ര് റാലി നടക്കുന്നതിനിടെ സമാനമായ വാഹനം കണ്ടിരുന്നതായി പറയപ്പെടുന്നു. തട്ടിപ്പിന്റെ ഭാഗമായാണോ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതെന്ന് പോലീസ് പരിശോധിക്കും. പിടികൂടിയ കാര്‍ സംബന്ധിച്ച് മരട്, പള്ളുരുത്തി, തൊടുപുഴ പോലീസ് സ്റ്റേഷനുകളില്‍ പരാതിയുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.