Latest News

ഇംഗ്ലീഷിനെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ല: ഡോ.ഷീന ഷുക്കൂര്‍

മനാമ: [www.malabarflash.com] ഇംഗ്ലീഷ് പഠനത്തിന് മതിയായ പ്രാധാന്യം നല്‍കാന്‍ ഇനിയെങ്കിലും കേരളീയ സമൂഹം തയാറാകണമെന്ന് മഹാത്മാഗാന്ധി പ്രോ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍ പറഞ്ഞു. മനാമയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അവര്‍. 

ഉന്നത വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം ശാക്തീകരണമാണ്. സമകാലീന സാഹചര്യത്തില്‍ ഇതിന് ഇംഗ്ലീഷ്് അനിവാര്യമാണ്. ഇത് അംഗീകരിക്കാതിരിക്കുന്നതില്‍ കാര്യമില്ല. പാഠ്യവിഷയങ്ങളെല്ലാം ഇംഗ്ലീഷില്‍ നിലനില്‍ക്കെ, എല്ലാ കോഴ്‌സുകളിലും ഇംഗ്ലീഷ് ഒരു പേപ്പറായി ഉള്‍പ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
യൂറോപ്പിലെയും അമേരിക്കയിലെയും പ്രവാസി സമൂഹത്തില്‍ കുട്ടികള്‍ക്ക് കിട്ടുന്ന പല അവസരങ്ങളും ഗള്‍ഫില്‍ ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകവിദ്യാഭ്യാസത്തിലേക്കുള്ള ഒരു കാഴ്ചപ്പാട് ഇവിടെ നിന്ന് ലഭിക്കുന്നില്ല. മാതാപിതാക്കള്‍ വലിയ വിലക്കുകളോടെയാണ് കുട്ടികളെ വളര്‍ത്തുന്നത്. അവര്‍ക്ക് പൊതുസമൂഹവുമായി ഇടപഴകാനുള്ള അവസരം കുറവാണ്. ആധുനിക സമൂഹത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള മാതാപിതാക്കളുടെ ഭയപ്പാടുകളാകാം ഈ നിയന്ത്രണത്തിന് കാരണം. 

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. എന്നാല്‍ നാട്ടിലുള്ളതിന് സമാനമായ ഒരു അന്തരീക്ഷം ഇവിടുത്തെ സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇവിടുത്തെ പ്രവാസിസമൂഹം വളരെ സംഘടിതരാണ്. കാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റുമാണ് അതിന്റെ അടിസ്ഥാനം.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം വളരെ മോശം അവസ്ഥയിലാണ്. കാലത്തിനനുസരിച്ച് അധ്യാപകരിലും നോണ്‍ ടീച്ചിങ് സ്റ്റാഫിലുമുള്ള ഒരു വിഭാഗം ഇന്നും മാറാന്‍ തയാറല്ല. ഓട്ടോമേഷനിലും മറ്റും വലിയ വിശ്വാസരാഹിത്യമാണ് നിലനില്‍ക്കുന്നത്. പുതിയ സംവിധാനങ്ങളെ സ്വീകരിക്കാന്‍ പലരും തയാറാവുന്നില്ല. പഴയ പേപ്പര്‍ ഫയല്‍ സമ്പ്രദായമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇത് കാര്യങ്ങളെ മന്ദഗതിയിലാക്കുന്നു.
പി.എസ്.സി പരീക്ഷയും അഭിമുഖവും കഴിഞ്ഞാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അധ്യാപകരായി യുവതലമുറ ചേരുന്നത്. അവര്‍ അതാത് വിഷയങ്ങളില്‍ മികവ് തെളിയിച്ചവരാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വ്യവസ്ഥക്കുള്ളിലേക്ക് വരുന്നതോടെ പലരുടെയും കാര്യക്ഷമത കുറയുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അധ്യാപകരെ പല രീതിയിലും വിലയിരുത്താനുള്ള അളവുകോലുകളുണ്ട്. അതില്‍ വിദ്യാര്‍ഥികള്‍ ഒരു പ്രധാനപങ്കാണ് വഹിക്കുന്നത്. കാര്യക്ഷമത തെളിയിക്കുന്നതില്‍ നിരന്തരം പരാജയപ്പെടുന്നവരെ അവര്‍ സ്ഥാപനങ്ങളില്‍ നിലനിര്‍ത്താറില്ല. 

അധ്യാപനം അവിടെ അളരെ ചിട്ടയായ രീതിയിലാണ് നടക്കുന്നത്. പഠനഭാഗങ്ങള്‍ ഓരോ ക്ലാസ് തുടങ്ങുന്നതിനും ഒരാഴ്ച മുമ്പെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കും. അവര്‍ക്ക് അത് പരിശോധിക്കുന്നതോടെ, സിലബസിനെയും എടുക്കാന്‍ പോകുന്ന പാഠഭാഗങ്ങളെയും കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും. തുടര്‍ന്ന് ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് .ക്ലാസില്‍ നടക്കുക. 

അധ്യാപകര്‍ക്ക് യോഗ്യത മാത്രം പോര. ഗുണനിലവാരവും വേണം.കുട്ടികളെ ലാളിച്ച് വഷളാക്കുന്ന സമ്പ്രദായമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത് എന്ന് പറയാന്‍ സാധിക്കില്ല. ഒരു തരത്തിലുമുള്ള പ്രോത്സാഹനവും ലഭിക്കാതെ ആകെ തകര്‍ന്ന രൂപത്തിലാണ് പ്‌ളസ്ടു വരെ പഠിച്ച കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വരുന്നത്. ഇതില്‍ മാറ്റം വരേണ്ടതുണ്ട്. 

വിദൂര വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ സംശയത്തോടെ കാണേണ്ടതില്ല. ഇതില്‍ സത്യസന്ധത വേണം എന്നുമാത്രം. സാങ്കേതിക വിദ്യയും മറ്റും വിദൂരവിദ്യാഭ്യാസം വഴി പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് യുക്തിഭദ്രമല്ല. എന്നാല്‍ ഇന്ന രീതിയില്‍ മാത്രമേ അറിവിന്റെ വ്യാപനം പാടുള്ളൂ എന്ന് പറയാനാകില്ല. 

ഒട്ടും പ്രായോഗികപരnതയില്ലാത്ത അധ്യാപനം, സാങ്കേതിക വിദ്യയോടുള്ള പുഛം, ഗുണനിലവാരമില്ലായ്മ, സ്ഥാപിത താല്‍പര്യക്കാരുടെ ഇടപെടലുകള്‍ എന്നിവയാണ് താന്‍ പ്രോ.വി.സി പദവിയില്‍ എത്തിയ ശേഷം കണ്ട പ്രധാന പ്രശ്‌നങ്ങള്‍ എന്നും അവര്‍ പറഞ്ഞു.
Advertisement

Keywords: gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.