Latest News

മുഖ്യമന്ത്രി, അങ്ങ് വാക്ക് പാലിച്ചില്ല; തീ തിന്നുകയാണ് കുഞ്ഞിരാമനും കുടുംബവും

കാഞ്ഞങ്ങാട്: [www.malabarflash.com] മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി 14 ന് വ്യാഴാഴ്ച കാസര്‍കോട് നടക്കാനിരിക്കെ രണ്ട് വര്‍ഷം മുമ്പ് 2013 ല്‍ കാസര്‍കോട്ടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ക്ക് വേണ്ടി ഒരു നിര്‍ധന കുടുംബം മുട്ടാത്ത വാതിലുകളില്ല.
കയറിയിറങ്ങാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുമില്ല.

പക്ഷാഘാതം വന്ന് തളര്‍ന്ന് പോയ ചെമ്മട്ടംവയല്‍ ബല്ലയിലെ കുറ്റിക്കാലില്‍ കുഞ്ഞിരാമന്‍ എന്ന നിര്‍ധന കുടുംബനാഥന്റെയും ജന്മനാ മന്ദബുദ്ധികളും ഇരട്ട മക്കളുമായ നിതിന്റെയും നിതീഷിന്റെയും ദുരിതം നേരിട്ട് കണ്ടറിഞ്ഞാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ കുടുംബത്തിന് ഒട്ടേറെ സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്.

അഞ്ച് ലക്ഷം രൂപ വീട് നിര്‍മ്മാണത്തിനും അരലക്ഷം രൂപ അടിയന്തര സാമ്പത്തിക സഹായമായും നല്‍കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി കുഞ്ഞിരാമന് പെന്‍ഷന് കുടുംബത്തിന് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്യാനും മറന്നില്ല.

ഈ ഉത്തരവുകളൊക്കെ ജനസമ്പര്‍ക്ക പരിപാടി 2013 എന്ന പേരില്‍ കെ ജി സി ഡി 103899 നമ്പറില്‍ ഗവണ്‍മെന്റ് ഓര്‍ഡറായി പുറത്തിറങ്ങുകയും ചെയ്തു. അടിയന്തിര സഹായമെന്നോണം അനുവദിച്ച അരലക്ഷം രൂപ ലഭിച്ചതല്ലാതെ മറ്റൊരു ആനുകൂല്യവും നാളിതുവരെയായി ഈ കുടുംബത്തിന് ലഭിച്ചില്ല.

പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷമായി തീര്‍ത്തും കിടപ്പിലായ കുഞ്ഞിരാമനും ജന്മനാ മന്ദബുദ്ധികളായ ഇരട്ട മക്കള്‍ക്കും കാവലായി കണ്ണീരൊഴുക്കി കൂടെ കഴിയുന്ന കുഞ്ഞിരാമന്റെ ഭാര്യ ലക്ഷ്മി എന്ന 55 കാരി നിര്‍ധന സ്ത്രീ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യത്തിന് വേണ്ടി ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ മേധാവികളുടെ ഓഫീസുകളില്‍ ഒട്ടേറെ തവണ കയറിയിറങ്ങിയെങ്കിലും ഫലം കണ്ടില്ല.

വീണ്ടുമൊരു 'ജനസമ്പര്‍ക്കം' പടി വാതില്‍ക്കല്‍ എത്തിയിട്ട് പോലും ഈ നിര്‍ധന കുടുംബത്തിന്റെ കരളലിയിക്കുന്ന അവസ്ഥ കണ്‍തുറന്ന് കാണാന്‍ ജനപ്രതിനിധികള്‍ക്കും കഴിഞ്ഞില്ല. ഓലക്കൂരയില്‍ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ സഹായ വാഗ്ദാനം വിശ്വസിച്ച് വീട് പണി തുടങ്ങി. കിട്ടാവുന്നിടത്തൊക്കെ കടം വാങ്ങിച്ചും ബാങ്ക് വായ്പ സംഘടിപ്പിച്ചും വീട്ടിന്റെ തറയും ചുമരുകളും മേല്‍ക്കൂരയും നിര്‍മ്മിച്ചതോടെ കുടുംബം കടക്കെണിയില്‍ വീണു. എന്നിട്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ വീട് നിര്‍മ്മാണ സഹായം ഈ കുടുംബത്തെ തേടിയെത്തിയില്ല.

ദുരിത മഴയില്‍ പിറന്ന മക്കള്‍ക്കും നിനച്ചിരിക്കാതെ പക്ഷാഘാതത്തില്‍ തളര്‍ന്നുപോയ ഭര്‍ത്താവിനും കൂലിപ്പണിയെടുത്താണ് ലക്ഷ്മി അന്നം നല്‍കി വരുന്നത്. ആറുമാസം മുമ്പ് ലക്ഷ്മിയും കാല്‍തെറ്റി വീണു കിടപ്പിലായതോടെ കുടുംബം മുഴു പട്ടിണിയിലുമായി. വലതുകാലിന്റെ എല്ലുപൊട്ടിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയയില്‍ സ്റ്റീല്‍ദണ്ഡ് ഘടിപ്പിച്ചാണ് ലക്ഷ്മി ഇപ്പോള്‍ കഴിയുന്നത്. ആശ്വാസത്തിന്റെ കരുതല്‍ തേടി കുഞ്ഞിരാമനും കുടുംബവും വ്യാഴാഴ്ച വീണ്ടും മുഖ്യമന്ത്രിയുടെ മുന്നിലെത്തും.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.