Latest News

മാനസിക വിഭ്രാന്തിയില്‍ യുവാവ് ഏഴുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പഴയങ്ങാടി: [www.malabarflash.com] മാനസിക വിഭ്രാന്തിയില്‍ യുവാവ് ഏഴുപേരെ വെട്ടിപ്പരിക്കേല്‍പിച്ചു. കടകളും വീടും ഓട്ടോറിക്ഷയും തകര്‍ത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പുതിയങ്ങാടിയിലായിരുന്നു സംഭവം.

കോഴിബസാര്‍ പാലത്തിനു സമീപത്തെ മൊയ്തുവെന്ന മുപ്പത്തിയെട്ടുകാരനാണ് അതിക്രമങ്ങള്‍ കാട്ടിയത്. മാനസിക രോഗത്തിനു ചികിത്സയിലുള്ള മൊയ്തു ഏതാനും ദിവസമായി അക്രമസ്വഭാവം കാണിച്ചിരുന്നതായി പറയുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ബന്ധുക്കള്‍ തിങ്കളാഴ്ച രാവിലെ പോലീസ് സഹായം തേടിയിരുന്നു. പോലീസിനെ കണ്ട മൊയ്തു വീട്ടില്‍ നിന്നിറങ്ങി ഓടുകയും ഒരു കിലോമീറ്റര്‍ അകലെയുള്ള പുതിയങ്ങാടി അമീന്‍ പള്ളിയില്‍ കയറി ആചാരവാള്‍ കൈക്കലാക്കി പള്ളി ഇമാം മൊയ്തു മുസ്‌ല്യാരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് അവിടെ നിന്നിറങ്ങി വീട്ടിലേക്കു തിരിച്ചോടുകയും കടകളിലും വഴിയിലും കണ്ടവരെയൊക്കെ വെട്ടുകയുമായിരുന്നു. ഗുരുതരമായി വെട്ടേറ്റ കോഴിബസാറിലെ സ്റ്റേഷനറി കടയുടമ കുതിരക്കാരന്‍ നാരായണന്‍ (56), നിര്‍മാണ തൊഴിലാളികളായ റാഷിദ് (23), സാലി (24) എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതിയങ്ങാടിയിലെ ഷഹാദ് (38), അബ്ബാസ്, ഓട്ടോഡ്രൈവറായ മുട്ടം സ്വദേശി മുത്തലിബ് എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മുക്കാലക്കല്‍ മൊയ്തീന്റെ വീടിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. കെ.പി. സിദ്ദീഖ്, അബൂബക്കര്‍ എന്നിവരുടെ കടകള്‍ക്കു നേരെയും ആക്രമണമുണ്ടായി. കെ.പി. ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസുകളും തകര്‍ത്തു.

വിവരമറിഞ്ഞെത്തിയ പഴയങ്ങാടി എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ പണിപ്പെട്ട് കോഴിബസാറിനു സമീപത്തുനിന്നാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. മൊയ്തുവിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Advertisement

Keywords: Kannur News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.