കാഞ്ഞങ്ങാട്: [www.malabarflash.com] ഭര്‍തൃപിതാവിന്റെ ലൈംഗിക പീഡനത്തിനിരയായി ഗര്‍ഭിണിയായ യുവതി കോടതിയില്‍ രഹസ്യ മൊഴി നല്കി. കാസര്‍കോട് മുട്ടത്തൊടി സ്വദേശിനിയായ 25 കാരിയുടെ രഹസ്യമൊഴിയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വ്യാഴാഴ്ച വൈകിട്ട് രേഖപ്പെടുത്തിയത്. അടച്ചിട്ട കോടതി മുറിയില്‍ വീഡിയോ ക്യാമറ സജീകരിച്ചാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്.
യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവായ സീതിക്കെതിരെയാണ് പോലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ആറു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ അഞ്ച് വയസ്സുള്ള മകനുണ്ട്. ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവ് ഗള്‍ഫില്‍ പോയത്.
ബേളയിലെ ഭര്‍തൃവീട്ടില്‍ താമസിച്ചു വരുന്നതിനിടെ 2015 ഫെബ്രുവരി ആദ്യ വാരത്തിലെ ഒരു ദിവസമാണ് യുവതി ഭര്‍തൃപിതാവിന്റെ പീഡനത്തിനിരയായത്. ഭര്‍തൃ മാതാവും കുട്ടിയും തല്‍സമയം വീട്ടിലുണ്ടായിരുന്നില്ല. യുവതിയെ സീതി വീട്ടിലെ കിടപ്പുമുറിയിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇക്കാര്യം പുറത്തു പറയരുതെന്ന് സീതി ഭീഷണിപ്പെടുത്തിയതിനാല്‍ യുവതി വിവരം പുറത്തു വിട്ടിരുന്നില്ല.
കഴിഞ്ഞ മാസം 27 ന് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പരിശോധനക്ക് വിധേയമാക്കിയതോടെ മൂന്നു മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ഇതോടെയാണ് തന്നെ ഭര്‍തൃപിതാവ് പീഡിപ്പിച്ച കാര്യം യുവതി ഡോക്ടറോട് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് സുഖം പ്രാപിച്ച ശേഷം ഭര്‍തൃ വീട്ടില്‍ പോകാതെ യുവതി മുട്ടത്തൊടിയിലെ സ്വന്തം വീട്ടിലേക്ക് വരുകയും കഴിഞ്ഞ ദിവസം സീതിക്കെതിരെ ബദിയഡുക്ക പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പോലീസ് കേസെടുത്തതോടെ അന്വേഷണ ചുമതല കാസര്‍കോട് സി ഐ പി കെ സുധാകരന് ഏറ്റെടുത്തു. അന്വേഷണം ഊര്‍ജിതമാക്കിയതോടെ സീതി ഒളിവില്‍ പോയിരിക്കുകയാണ്.
No comments:
Post a Comment