Latest News

ഉദുമ പഞ്ചായത്ത് വിഭജിക്കുന്നതിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം

കാസര്‍കോട്: [www.malabarflash.com] ഉദുമ പഞ്ചായത്തിനെ ജനാധിപത്യ വിരുദ്ധമായി വിഭജിക്കുന്നതിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും. പഞ്ചായത്തിലെ ബാര, എരോല്‍, നാലാംവാതുക്കല്‍, ആറാടുകടവ്, മുതിയക്കാല്‍, അങ്കക്കളരി വാര്‍ഡുകളില്‍ ചില പ്രദേശം പൂര്‍ണമായും ചിലത് ഭാഗികമായും മുറിച്ചുമാറ്റി പനയാല്‍ പഞ്ചായത്ത് രൂപീകരിക്കാനാണ് നിര്‍ദേശം.

പള്ളിക്കര പഞ്ചായത്തിലെ ലീഗിന് സ്വാധീനമില്ലാത്ത പ്രദേശങ്ങളും പനയാലില്‍ ഉള്‍പ്പെടുത്തുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ അധികാരം പിടിക്കാനാണ് മുസ്ലിംലീഗ് നീക്കം. ഇത് നിലവിലുള്ള ഹിന്ദു, മുസ്ലീം മതവിഭാഗങ്ങളുടെ മതേതരമായ സഹവര്‍ത്തിത്വം തകര്‍ത്ത് വര്‍ഗീയ ചേരിത്തിരിവിന് വഴിവെക്കും. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വവും പ്രതിഷേധിക്കുന്നുണ്ട്. 

23.5 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള ജില്ലയിലെ ചെറിയ പഞ്ചായത്താണ് ഉദുമ. വിഭജനം ആവശ്യമായ ജില്ലയിലെ ലീഗ് ഭരിക്കുന്ന ചെങ്കള, ബദിയടുക്ക തുടങ്ങിയ പഞ്ചായത്തുകളെ ഒഴിവാക്കിയാണ് ഉദുമയില്‍ അധികാരത്തിലെത്താമെന്ന് വ്യാമോഹിച്ച് മുറിക്കുന്നത്. പുതിയ പനയാല്‍ പഞ്ചായത്തിന്റെ ആസ്ഥാനം വരിക പെരിയാട്ടടുക്കത്താണ്. മലാംകുന്ന്, മുതിയക്കാല്‍, ആറാട്ടുകടവ്, എരോല്‍ എന്നിവിടങ്ങളില്‍നിന്ന് എട്ടുമുതല്‍ ഒമ്പത് കിലോമീറ്റര്‍ വരെ അകലെയാണിത്. 

പാലക്കുന്ന്, ചട്ടഞ്ചാല്‍, പെരിയാട്ടടുക്കം എന്നിവിടങ്ങളില്‍ മൂന്ന് ബസ് കയറിയിറങ്ങി 21 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം പഞ്ചായത്ത് ആസ്ഥാനത്തെത്താന്‍.പെരിയാട്ടടുക്കം ടൗണിനോട് ചേര്‍ന്ന് 400 മീറ്റര്‍ മാറിയാണ് പുല്ലൂര്‍- പെരിയ പഞ്ചായത്ത് അതിര്‍ത്തി. കുണിയ ഉള്‍പ്പെടെയുള്ള രണ്ടോ മൂന്നോ വാര്‍ഡുകളെ പനയാല്‍ പഞ്ചായത്തിലാക്കുകയെന്നതായിരുന്നു പ്രായോഗികം. ബാര, ഉദുമ, പള്ളിക്കര രണ്ട്, പനയാല്‍, കീക്കാനം എന്നീ വില്ലേജുകളെ മാനദണ്ഡമില്ലാതെ മുറിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കും. 

അശാസ്ത്രീയമായ പഞ്ചായത്ത് വിഭജനത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ 25ന് ഉദുമ പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. 31, 1 തിയതികളില്‍ പഞ്ചായത്തില്‍ കാല്‍നട പ്രചാരണ ജാഥ സംഘടിപ്പിക്കും. 

വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ കെ സന്തോഷ്കുമാര്‍, കെ വി ബാലകൃഷ്ണന്‍, പി വി ഭാസ്കരന്‍, എം കെ വിജയന്‍ എന്നിവര്‍ പങ്കെടുത്തു. 
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.