Latest News

മകന്റെ കുത്തേറ്റു വീട്ടമ്മ മരിച്ച കേസ്:കുത്തിയ കത്തി അകത്തുവച്ചു തുന്നിക്കെട്ടിയെന്നു റിപ്പോര്‍ട്ട്

കാസര്‍കോട്: [www.malabarflash.com] കുമ്പളയില്‍ ബദിയടുക്ക റോഡിലെ ബസ് സ്റ്റാന്‍ഡില്‍ കുത്തേറ്റ വീട്ടമ്മയുടെ മരണം ചികിത്സ നല്‍കിയ ഡോക്ടറുടെ പിഴവിനെത്തുടര്‍ന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

തിങ്കളാഴ്ച മകന്റെ കുത്തേറ്റ ചൗക്കി ആസാദ് നഗറിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതി(60)യെ നാട്ടുകാര്‍ ഉടനെ കുമ്പളയിലെ സഹകരണ ആശുപത്രിയിലും തുടര്‍ന്നു കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാല്‍, മുറിവു തുന്നിക്കെട്ടിയ ഡോക്ടറുടെ അനാസ്ഥമൂലമാണു മരണം സംഭവിച്ചതെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

മകന്‍ അനില്‍ കുമാര്‍ കുത്തിയ കത്തി ഡോക്ടര്‍ ശരീരത്തിനകത്തുവച്ചു തുന്നിക്കെട്ടുകയായിരുന്നുവെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴത്തില്‍ ഉണ്ടായ മുറിവാണു മരണത്തിനു കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലിലേക്കു താഴ്ന്ന നിലയിലാണു കത്തി കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണു കത്തി കണ്ടെടുക്കാനായത്. കുത്തിയപ്പോള്‍ പിടി ഊരിപ്പോവുകയായിരുന്നെന്നു കരുതുന്നു.

കത്തിയുടെ പിടിഭാഗം മാത്രമാണു പ്രതി ഉപേക്ഷിച്ചത്. കത്തി കണ്ടെത്താന്‍ സംഭവം നടന്ന സ്ഥലത്തും പരിസരത്തും പോലിസ് പരിശോധന നടത്തിയിരുന്നു. കുത്തേറ്റ പത്മാവതിയെ ആദ്യം കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നു കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.