Latest News

യുവതിയെ ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും ബെല്‍റ്റ് കൊണ്ട് അടിച്ച് അവശയാക്കി

കാഞ്ഞങ്ങാട്: [www.malabarflash.com] കൊവ്വല്‍പ്പള്ളി സ്വദേശിനിയായ യുവതിക്ക് ചിത്താരി കൂളിക്കാടിലെ ഭര്‍തൃഗൃഹത്തില്‍ ക്രൂരമായ പീഡനം. കൊവ്വല്‍പ്പള്ളിയിലെ ഹനീഫ-ഫൗസിയ ദമ്പതികളുടെ മകളും ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ഫര്‍സാന(21)ക്കാണ് ഭര്‍തൃഗൃഹത്തില്‍ ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്.

കുവൈത്തില്‍ ഡ്രൈവറായ ഭര്‍ത്താവ് റഷീദും റഷീദിന്റെ മാതാവ് കുഞ്ഞിപാത്തുമ്മയും റഷീദിന്റെ സഹോദരി അഫ്‌സത്തും സഹോദരി ഭര്‍ത്താവ് ഖാലിദും ചേര്‍ന്നാണ് കഴിഞ്ഞ ദിവസം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ക്രൂരമായി തല്ലിച്ചതച്ചത്. 

ഫര്‍സാനക്ക് ഭര്‍തൃ വീട്ടുകാര്‍ അവരുടെ വീട്ടില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫര്‍സാന ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് സംരക്ഷണം ആവശ്യപ്പെട്ട് അനുകൂല വിധി നേടിയിരുന്നു. 

മെയ് 12 നാണ് ഫര്‍സാന ഭര്‍തൃ ഗൃഹത്തിലെത്തിയത്. ആദ്യ ദിവസങ്ങളിലൊന്നും കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ശനിയാഴ്ച വൈകിട്ട് അകാരണമായി റഷീദിന്റെ സഹോദരി ഭര്‍ത്താവ് ഖാലിദ് ഫര്‍സാനയെ തല്ലിച്ചതച്ചിരുന്നു. തൊട്ടുപിന്നാലെ വീട്ടിലെത്തിയ റഷീദും ഫര്‍സാനക്ക് നേരെ പീഡനം തുടര്‍ന്നു. റഷീദിന്റെ മാതാവ് കുഞ്ഞിപാത്തുമ്മയും അഫ്‌സത്തും യുവതിയുടെ രണ്ട് കൈകളും പിറകോട്ട് വലിച്ച് പിടിക്കുകയും റഷീദ് ബെല്‍റ്റ് കൊണ്ട് തലക്കും മുഖത്തും തുടരെ തുടരെ അടിക്കുകയുമായിരുന്നു. 

ഓരോ തവണയും ബെല്‍ട്ടിന്റെ അടി ഫര്‍സാനയുടെ ദേഹത്ത് പതിക്കുമ്പോള്‍ അത് എണ്ണി ചിരിക്കുകയായിരുന്നു സഹോദരി ഭര്‍ത്താവ് ഖാലിദ്. 24 തവണ ബെല്‍റ്റ് കൊണ്ട് അടിയേറ്റ് അവശയായ ഫര്‍സാനയെ വിവരമറിഞ്ഞ് വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ ഭര്‍തൃഗൃഹത്തില്‍ നിന്ന് മോചിപ്പിച്ച് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

തലക്ക് സാരമായി ക്ഷതമേറ്റ ഫര്‍സാനയെ തിങ്കളാഴ്ച രാവിലെയോടെ വിദഗ്ധ ചികിത്സക്കായി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഖാലിദ് ഇടക്കിടെ ഫര്‍സാനയെ ദ്രോഹിക്കുകയും മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് അനാവശ്യമായി സംസാരിക്കുകയും പതിവായിരുന്നുവത്രെ. ഇത് യുവതി ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. 

റഷീദ് സ്ത്രീധനത്തുക കൂടുതല്‍ ആവശ്യപ്പെട്ട് പീഡിപ്പിക്കുകയും പതിവായിരുന്നു. വിവാഹ സമയത്ത് 50 പവന്‍ സ്വര്‍ണ്ണം സ്ത്രീധനമായി നല്‍കിയിരുന്നു. അതൊക്കെ പിന്നീട് റഷീദ് കൈക്കലാക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതും പഠിക്കുന്നതും റഷീദ് പലപ്പോഴും വിലക്കിയിരുന്നു. എതിര്‍പ്പുകളുണ്ടായിട്ടും ഇത് വകവെക്കാതെ ഫര്‍സാന ഡിഗ്രി പരീക്ഷ എഴുതി. ഇതും റഷീദിനെ പ്രകോപിപ്പിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഫര്‍സാനക്ക് ഒന്നര വയസ്സുള്ള മകളുണ്ട്.

ഫര്‍സാനയുടെ പരാതിയില്‍ ഭര്‍ത്താവ് റഷീദ്, ഭര്‍തൃ ബന്ധുക്കളായ കുഞ്ഞിപ്പാത്തു, അഫ്‌സത്ത്, ഖാലിദ് എന്നിവര്‍ക്കുമെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.