Latest News

കാസര്‍കോട് ജില്ലയ്ക്ക് ഒമ്പതിന പദ്ധതികള്‍

കാസര്‍കോട്: [www.malabarflash.com]കാസര്‍കോട് തുടങ്ങുന്ന മെഡിക്കല്‍ കോളേജ് സംബന്ധിച്ച് ആശങ്കയൊന്നും വേണ്ടെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കകം നിര്‍മ്മാണം തുടങ്ങുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ അടിയന്തിര ശ്രദ്ധ ആവശ്യമായ 10 പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുളള സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ പരിഹാരമായി. 68 കോടി രൂപ നബാഡ് വായ്പയും 25 കോടി പ്രഭാകരന്‍ കമ്മീഷന്‍ വിഹിതവും കാസര്‍കോട് മെഡിക്കല്‍ കോളേജിനായി ലഭ്യമാക്കിയിട്ടുണ്ട്. 

ടെണ്ടര്‍ നടപടികള്‍ക്ക് ചീഫ് സെക്രട്ടറി തല സമിതിയുടെ അംഗീകാരം ഒരാഴ്ചയ്ക്കകം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കാരുണ്യ ബനവലന്റ് ഫണ്ടിന്റെ പ്രയോജനം കാസര്‍കോട് ജില്ലക്കാര്‍ക്ക് ലഭിക്കുന്നതിനുവേണ്ടി മംഗലാപുരത്തെ ആശുപത്രികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 
 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 100 പേര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാന്‍ സാഫല്യം എന്ന പ്രത്യേക പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 25 ശതമാനം തുക അതത് പഞ്ചായത്തും 25 ശതമാനം സര്‍ക്കാരും മുതല്‍മുടക്കും. ബാക്കി തുക സന്നദ്ധസംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് സ്വരൂപിക്കും. ദുരിതബാധിതരില്‍ വീടില്ലാത്തവരുടെയും ഭൂമിയില്ലാത്തവരുടെയും സ്ഥിതി വിവ രം ശേഖരിച്ച് പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. 
 
ദുരിതബാധിതരുടെ കടബാധ്യതകള്‍ക്ക് ആശ്വാസമാകുന്ന പ്രത്യേക പദ്ധതി ബാങ്കുകളും സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കും. രണ്ടുലക്ഷം രൂപ വരെയുളള കടങ്ങളാണ് ഇപ്പോല്‍ തിട്ടപ്പെടുത്തിയിട്ടുളളത്. അതിനു മുകളിലുളളവ തിട്ടപ്പെടുത്തി വരികയാണ്. വായ്പാസംഖ്യ സര്‍ക്കാര്‍ അടച്ചുതീര്‍ക്കും. പലിശയുള്‍പ്പെടെയുളളവ ബാങ്കുകള്‍ അവരുടെ സാമൂഹ്യ പ്രതിബന്ധത നിധി ഉപയോഗിച്ച് തീര്‍ക്കുന്ന തരത്തിലാകും പദ്ധതി. ഇതുമായി ബാങ്കുകള്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 
 
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആധുനികസൗകര്യത്തോടെയുളള പുനരധിവാസഗ്രാമം തുടങ്ങുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഉടന്‍ നല്‍കും. 25 കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. നേരത്തെ കണ്ടെത്തിയ സ്ഥലം മാറ്റണമെന്ന ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.പി മോഹനന്‍, സാമൂഹ്യനീതി, ആരോഗ്യ റവന്യു മന്തിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ യോഗം വിളിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

മഞ്ചേശ്വരം , വെളളരിക്കുണ്ട് താലൂക്ക് ആശുപത്രികള്‍ ഉടന്‍ തുടങ്ങുവാന്‍ നടപടിയുണ്ടാകും. ആശുപത്രികള്‍ എവിടെ വേണമെന്നതു സംബന്ധിച്ച് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഗവ. കോളേജില്‍ അനുവദിച്ച നിര്‍ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിനുളള തടസം നീക്കി ഉടന്‍ പണി തുടങ്ങും. മുടങ്ങിയ ബാവിക്കര തടയണ പദ്ധതി ഉടന്‍ പൂനരാരംഭിക്കാന്‍ നടപടി എടുത്തതായും അദ്ദേഹം അറിയിച്ചു.
ദേശീയ പാതയില്‍ റയില്‍വേ മേല്‍പ്പാലം ഇല്ലാതിരുന്ന നീലേശ്വരം- പളളിക്കര റയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം ഉടനേറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. രണ്ടുവരി മേല്‍പ്പാലത്തിനായി മൂന്ന് ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരുന്നെങ്കിലും നാലു വരി പാത വേണമെന്ന നിര്‍ദ്ദേശം വന്നതോടെ പണി തുടങ്ങാനായില്ല. സംസ്ഥാന സര്‍ക്കാര്‍ ഇവിടെ രണ്ടുവരി പാലം നിര്‍മ്മിക്കുന്നതിന് നടപടിയെടുക്കും. പിന്നീട് നാലുവരിയാക്കാന്‍ പാകത്തിലായിരിക്കും ആദ്യഘട്ട നിര്‍മ്മാണം നടത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൃഷിമന്ത്രി കെ.പി മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാംസ്‌ക്കാരിക മന്ത്രി കെ.സി ജോസഫ്, എംഎല്‍എ മാരായ എന്‍.എ നെല്ലിക്കുന്ന്, പിബി അബ്ദുള്‍ റസാഖ്, മുന്‍ മന്ത്രിമാരായ സി.ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുളള, നഗരസഭാ അധ്യക്ഷന്‍ ടി.ഇ അബ്ദുളള, അഡ്വ. സി.കെ ശ്രീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 


കാരുണ്യ ഗുണഭോക്താക്കള്‍ക്കിനി മംഗലാപുരത്തും ചികിത്സിക്കാം
കാസര്‍കോട് : ജില്ലയിലെ കാരുണ്യഗുണഭോക്താക്കളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന് അംഗീകാരമായി. ഇനി മുതല്‍ മംഗലാപുരത്തെ ആശുപത്രികളില്‍ ചികിത്സയ്ക്കുന്നവര്‍ക്ക് കൂടി കാരുണ്യ പദ്ധതിയുടെ ഗുണഫലം ലഭിക്കും.
കേരളത്തിന് പുറത്തുള്ള ആശുപത്രികളില്‍ ചികിത്സിക്കാന്‍ കാരുണ്യ പദ്ധതി പ്രകാരം കഴിയില്ലെന്ന പരാതിക്കാണ് മുഖ്യമന്ത്രി പരിഹാരം പ്രഖ്യാപിച്ചത്. കാരുണ്യ പദ്ധതിയില്‍ കേരളത്തിന് പുറത്തുള്ള ആശുപത്രികളെയും ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്.
മംഗലാപുരത്തെ പ്രത്യേകസൗകര്യങ്ങളുള്ള ആശുപത്രികളും ഇനി കാരുണ്യപദ്ധതിയില്‍പെടുമെന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ തീരുമാനം ഏറെ ആശ്വാസം പകരുന്നു.


ചീമേനിയിലെ പട്ടയപ്രശ്‌നത്തിന് പരിഹാരമായി 
കാസര്‍കോട് : ഹോസ്ദുര്‍ഗ് താലൂക്കിലെ ചീമേനിയിലെ 115 കുടുംബങ്ങളുടെ ഭൂനികുതി, പട്ടയപ്രശ്‌നങ്ങള്‍ക്ക് കരുതല്‍ വേദിയില്‍ ശാശ്വതപരിഹാരമായി. നാലു വിഭാഗങ്ങളിലായാണ് ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ വര്‍ഷങ്ങളായി ഇത്രയും കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നത്തിനാണ് പരിഹാരമായത്.
ആദ്യവിഭാഗം പട്ടയം കിട്ടിയ 25 പേരാണ്. ഇവരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുന്നില്ലെന്നതാണ് പരാതി. ഉടന്‍ നികുതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പട്ടയവും നികുതിയുമില്ലാത്ത 54 പേര്‍ക്ക് അനുകൂലമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവര്‍ക്ക് പട്ടയം നല്‍കുകയും നികുതി സ്വീകരിക്കുകയും ചെയ്യും. 36 പേര്‍ക്ക് ഇനിയും പട്ടയം നല്‍കിയിട്ടില്ല. ഇവരുടെ കാര്യം പ്രത്യേകം പരിഗണിക്കും.



ഉച്ചവരെ അനുവദിച്ചത് 43.30 ലക്ഷം രൂപ
കാസര്‍കോട്: കരുതല്‍ 2015 ഉച്ചയ്ക്കു ശേഷം രണ്ടു മണിവരെ അനുവദിച്ചത് 33.30 ലക്ഷം രൂപയുടെ ധനസഹായം. 110 പേരെയാണ് മുഖ്യമന്ത്രി നേരില്‍ കാണാന്‍ ക്ഷണിച്ചിട്ടുളളത്. ഇതില്‍ ഉച്ചവരെ 63 പേരെ കണ്ടപ്പോഴാണ് ഈ തുക അനുവദിച്ചത്. നേരത്തെ ജില്ലയിലെ കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുളളവരെ സന്ദര്‍ശിച്ച മെഡിക്കല്‍ സംഘം ശിപാര്‍ശ ചെയ്തതനുസരിച്ച് 81 പേര്‍ക്കായി 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു. പുതുതായി 3618 പരാതികളാണ് ഉച്ചവരെ സ്വീകരിച്ചത്.


Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.