Latest News

കാബൂള്‍ ആക്രമണം: കൊല്ലപ്പെട്ടവരില്‍ കൊച്ചി സ്വദേശിയും

കൊച്ചി: [www.malabarflash.com] കാബൂളില്‍ ഗസ്റ്റ്ഹൗസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊച്ചി സ്വദേശിയും. കൊച്ചി കത്രിക്കടവ് കുമാരനാശാന്‍ നഗറില്‍ താമസിക്കുന്ന മാത്യു ജോര്‍ജ് വെള്ളാത്തോട്ടം (69) ആണ് മരിച്ചത്. പാല കിഴത്തടിയൂര്‍ സ്വദേശിയാണ്. ദീര്‍ഘനാളായി കൊച്ചിയിലാണ് താമസം.

അഫ്ഗാനിസ്താന്‍ സര്‍ക്കാരിന്റെ ഇന്റേണല്‍ ഓഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ആക്രമണം നടന്ന കൊലോല പുഷ്ത പ്രദേശത്തെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഇന്ന് കാലത്ത് പത്തരയോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം ശനിയാഴ്ച നാട്ടിലേയ്ക്ക് കൊണ്ടുവരും. ഞായറാഴ്ചയായിരിക്കും സംസ്‌കാരം.

ഭാര്യ: ഫിലോ. മക്കള്‍: ദീപു (എഞ്ചിനീയര്‍, പുണെ), അനിത (എഞ്ചിനീയര്‍, ബാംഗ്ലൂര്‍), വിനു (എഞ്ചിനീയര്‍, അമേരിക്ക).

ആക്രമണത്തില്‍ മാത്യു ജോര്‍ജ് അടക്കം നാല് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മൊത്തം പതിനാല് പേരാണ് മരിച്ചത്.

പ്രാദേശിക സമയം ബുധനാഴ്ച രാത്രി 8.30 ഓടെയാണ് ഭീകരര്‍ വെടിവെപ്പ് നടത്തിയത്. ആക്രമണം ഉണ്ടായ സമയത്ത് ആറ് ഇന്ത്യക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനവും വെടിവെപ്പും ഉണ്ടായ സമയത്ത് ഗസ്റ്റ് ഹൗസില്‍ കുടുങ്ങിയ 44 പേരെ രക്ഷപെടുത്തിയതായി കാബൂള്‍ പോലീസ് മേധാവി അബ്ദുള്‍ റഹ്മാന്‍ റഹിമി മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്താന്‍ ആഭ്യന്തര മന്ത്രാലയ ഓഫീസിനും ഇന്ത്യന്‍ എംബസിക്കും സമീപമാണ് ഭീകരാക്രമണം നടന്ന ഗസ്റ്റ് ഹൗസ്.

അഫ്ഗാനിസ്താനിലെ പ്രശസ്ത സംഗീതജ്ഞന്‍ അല്‍ത്താഫ് ഹുസൈന്റെ സംഗീതക്കച്ചേരി നടക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. നിരവധി പ്രമുഖ വ്യക്തികള്‍ ഈ സമയം ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കാബൂള്‍ സന്ദര്‍ശിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഭീകരാക്രമണം. താലിബാന്‍ തീവ്രവാദികള്‍ക്കെതിരായ സൈനിക നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും, അഫ്ഗാനിസ്താന്റെ ശത്രുക്കള്‍ പാകിസ്താന്റെ മിത്രങ്ങളല്ലെന്നും ഷെരീഫ് പറഞ്ഞിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.