Latest News

അബുദാബിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

മലപ്പുറം: [www.mnalabarflash.com] അബൂദാബിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തിങ്കളാഴ്ച കാലത്ത് നാട്ടില്‍ കൊണ്ടു വന്ന മൃതദേഹങ്ങള്‍ അതാത് മഹല്ല് ഖബര്‍സ്ഥാനുകളില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു.

അപകടത്തില്‍പ്പെട്ട ബസ്സിലെ ഡ്രൈവര്‍ ചങ്ങരംകുളം ചിയ്യാന്നൂര്‍ ഞാറക്കുന്ന് അത്താണിപ്പറമ്പില്‍ അബ്ദുല്ലത്തീഫ് (39), കോട്ടക്കല്‍ ആലച്ചുള്ളി ചോലക്കുണ്ട് സ്വദേശി കഴുങ്ങില്‍ അബൂബക്കര്‍ (45), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് മൗലവി എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.

മുഹമ്മദ് മൗലവി ആസ്പത്രിയില്‍ വെച്ചും മറ്റ് രണ്ട് പേരും അപകട സ്ഥലത്തുമാണ് മരണപ്പെട്ടത്. ഉംറ നിര്‍വഹിച്ച് മദീന സിയാറത്തും കഴിഞ്ഞ് മടങ്ങി വരവെയാണ് അപകടം. ശനിയാഴ്ച വൈകുന്നേരം 6.30ഓടെ അബൂദാബി താരിഫിന് സമീപമുള്ള അബു അല്‍ അബിയള് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ്സിന്റെ വലതുഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറില്‍ ഇടിച്ച് ബസ് മറിയുകയുമായിരുന്നു.

ലത്തീഫിന്റെ മയ്യിത്ത് കുഴിക്കര മഹല്ല് ഖബര്‍സ്ഥാനിലും അബൂബക്കറിന്റെ മയ്യിത്ത് പറപ്പൂര്‍ ആലച്ചുള്ളി ചോലക്കുണ്ട് പള്ളി ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്. അപകടമരണങ്ങള്‍ നാടിനെ ദു:ഖത്തിലാഴ്ത്തി.

ഒരുമാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ കാണാതെയാണ് അബ്ദുല്ലത്തീഫ് നിത്യമൗനത്തിലേക്ക് കടന്നത്. ചങ്ങരംകുളം ഞാറക്കുന്നില്‍ സ്വന്തമായ വീട് പൂര്‍ത്തിയായി അടുത്തമാസം ഗൃഹപ്രവേശം നടക്കാനിരിക്കെയായിരുന്നു അന്ത്യം.

15 വര്‍ഷമായി യു.എ.ഇയില്‍ ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുല്ലത്തീഫ് ഒരുവര്‍ഷം മുമ്പാണ് നാട്ടില്‍വന്നു പോയത്. വീടുപണിയുമായി ബന്ധപ്പെട്ട സ്വപ്‌നങ്ങളിലായിരുന്നു ലത്തീഫ്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ വരാമെന്നു പറഞ്ഞാണ് അന്ന് തിരിച്ചുപോയത്. അടുത്തമാസം 10നു നാട്ടില്‍ വരുമെന്ന് പറഞ്ഞിരുന്നു. മുഹമ്മദാണ് ലത്തീഫിന്റെ പിതാവ്. മാതാവ്: ബീവാത്തു. ഭാര്യ: നൗഷിജ. മക്കള്‍: ലിയാനയും ലിനാസും ഒരുമാസം പ്രായമായ പെണ്‍കുഞ്ഞുമാണ് മക്കള്‍. സഹോദരങ്ങള്‍: ഹസന്‍, കുഞ്ഞിപ്പ എന്ന വീരാവുണ്ണി, സൈനുദ്ദീന്‍ (ദുബൈ), അഷ്‌റഫ് (കുവൈത്ത്.).

ഒരുമാസം കഴിഞ്ഞ് നാട്ടില്‍ വരാനിരിക്കെയായിരുന്നു അബൂബക്കറിന്റെ അന്ത്യം. ദുബൈ എമിഗ്രേഷനിലായിരുന്നു ജോലി. കഴിഞ്ഞ ഏഴുവര്‍ഷമായി ദുബൈയില്‍ ജോലി നോക്കുന്ന അബൂബക്കര്‍ ഓരോവര്‍ഷവും നാട്ടില്‍ വരാറുണ്ടായിരുന്നു. എടരിക്കോട് യൂത്ത് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷ (യാക്ക) നില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. നല്ലൊരു ഫുട്‌ബോള്‍ താരവുമായിരുന്നു അബൂബക്കര്‍. ചെറുപ്പം മുതല്‍ സെവന്‍സ് ഫുട്‌ബോള്‍ മേളകളില്‍ കളിച്ചിരുന്നു.
ദുബൈയില്‍നിന്ന് ഉംറക്കുപോയ 60 അംഗ സംഘത്തിലെ കോ-ഓര്‍ഡിനേറ്ററായിരുന്നു അബൂബക്കര്‍. ചോലക്കുണ്ട് കഴുങ്ങില്‍ ഹുസൈന്റെയും ആമിയുടെയും മകനാണ്. ഭാര്യ: റഹ്മത്ത്. സൈഫുല്ല, അസദുല്ല, ഹിഷാമുല്ല, ജുമാന എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: ആബിദ, നജ്മുന്നീസ.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ ആറോളം പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്നത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി ഷാഫി, ഭാര്യ നൈമ, കാസര്‍കോട് പടന്ന സ്വദേശി ഇബ്രാഹിം, പാലക്കാട് പട്ടാമ്പി സ്വദേശി അബ്ദുല്‍റഷീദ്, ഭാര്യ സുഹ്‌റാബി, ഷംന, നസീമ, ഷാഹിദ, യാസീന തുടങ്ങിയവരാണ് മഫ്‌റഖ് ആസ്പത്രിയില്‍ കഴിയുന്നത്. എടപ്പാള്‍ തണ്ണീര്‍ക്കോട് സ്വദേശി നൗഫല്‍, സഹോദരങ്ങളായ അഷ്‌റഫ്, അലി, ഷഫീക്ക് എന്നിവരും ഇവരുടെ കുടുംബാംഗങ്ങളും മഫ്‌റഖ് ആസ്പത്രിയിലുണ്ട്.

തണ്ണീര്‍ക്കോട് തലവടപ്പറമ്പില്‍ കുടുംബത്തില്‍ നിന്നുള്ള 17 പേര്‍ ഉംറ സംഘത്തിലുണ്ടായിരുന്നു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍, തൃശൂര്‍ സ്വദേശി അസീബ് എന്നിവരാണ് ബദാസായിദ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച രാത്രി വൈകി മഫ്‌റഖ് ആസ്പത്രിയിലേക്ക് ഉംറ സംഘത്തിലുണ്ടായിരുന്ന 35 പേരെയാണ് എത്തിച്ചത്. ഇവരില്‍ 20 പേര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു. ബാക്കി 15 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ആറിന് ദുബൈയില്‍ നിന്ന് ഉംറക്ക് പുറപ്പെട്ട സംഘം ഉംറ പൂര്‍ത്തിയാക്കിയ ശേഷം മദീനയില്‍ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. െ്രെഡവര്‍ അടക്കം ബസിലുണ്ടായിരുന്ന 60 പേരും മലയാളികളായിരുന്നു. ഇതില്‍ പത്ത് പേര്‍ കുട്ടികളും. സംഘത്തില്‍ കൂടുതല്‍ പേരും കുടുംബങ്ങളോടൊപ്പമാണ് പോയിരുന്നത്.
Advertisement

Keywords: Malappuram, Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.