Latest News

മാന്ത്രികന്റെ സാഹസികപ്രകടനം വിജയം കണ്ടില്ല; ക്ഷുഭിതരായി ജനം

കോഴിക്കോട്: [www.malabarflash.com] ജന്‍മനാട്ടില്‍ പ്രശസ്ത മാന്ത്രികന് സംഭവിച്ച കൈപ്പിഴയില്‍ പണി പതിനെട്ടും പാളി. ഇന്ദ്രജാലപ്രകടനം കാണാന്‍ തടിച്ചുകൂടിയ ജനം രോഷാകുലരുമായി. സമ്മാനമായി ഇവര്‍ നല്‍കിയതാവട്ടെ അസഭ്യവര്‍ഷവും കൂവലും. ശനിയാഴ്ച രാവിലെ ബേപ്പൂര്‍ തുറമുഖത്ത് ചാലിയാറിനെയും അറബിക്കടലിനെയും സാക്ഷിയാക്കി മജീഷ്യന്‍ പ്രദീപ് ഹുഡിനോ അവതരിപ്പിച്ച ദി ഗ്രേറ്റ് അട്ടര്‍ വാട്ടര്‍ മിസ്റ്ററി എന്ന പേരിലുള്ള ജാലവിദ്യയാണു വിജയം കാണാതെ പോയത്.

പെട്ടിയിലാക്കി പിന്നീട് ഇരുമ്പുകൂട്ടില്‍ അടക്കംചെയ്ത് ബേപ്പൂര്‍ തുറമുഖത്തുവച്ച് അറബിക്കടലിന്റെ അഗാധതയിലേക്ക് ആഴ്ത്തപ്പെടുന്ന മാന്ത്രികന്‍ ബന്ധനങ്ങളില്‍ നിന്നു രക്ഷപ്പെട്ട് പുറത്തെത്തുന്ന വിദ്യയാണിത്. ബേപ്പൂര്‍ തുറമുഖത്തെ വേദിയില്‍ എം കെ രാഘവന്‍ എം.പി, കോര്‍പറേഷന്‍ മേയര്‍ പ്രഫ. എ കെ പ്രേമജം, സി.പി.എം. ജില്ലാ സെക്രട്ടറി പി മോഹനന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, എം എന്‍ കാരശ്ശേരി, പോള്‍ കല്ലാനോട്, അഡ്വ. എം രാജന്‍ എന്നിവര്‍ ചേര്‍ന്ന് പ്രദീപ് ഹുഡിനോയെ ബന്ധനസ്ഥനാക്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.

വലുതും ചെറുതുമായ ചങ്ങലകള്‍കൊണ്ട് കൈകാലുകളും ദേഹവും വരിഞ്ഞുമുറുക്കി. ഇതിനുമേല്‍ മൂന്ന് ഡസന്‍ പൂട്ടുകളിട്ടു. ഓരോ പൂട്ടും അതിഥികളായി എത്തിയവരുടെ കൈകളാല്‍ ആയിരുന്നു പൂട്ടിയത്.

ഒന്നനങ്ങാന്‍പോലും ആവാത്തവിധം പ്രദീപ് ഹുഡിനോ നിലകൊണ്ടു. പിന്നെ തുറമുഖവകുപ്പിന്റെ വലിയ ക്രെയിനെത്തി. വലിയ തുണിയില്‍ കെട്ടിയ പ്രദീപിന്റെ ശരീരം തലകീഴായി ക്രെയിനിന്റെ ഹുക്കുകളില്‍ കൊളുത്തി മിനിറ്റുകളോളം വായുവില്‍ കിടന്നാടി. ക്രെയിന്‍ മെല്ലെ താഴ്ത്തി. പ്രത്യേകം തയ്യാറാക്കിയ ഇരുമ്പുപെട്ടിയിലേക്ക് പ്രദീപിനെ ഇറക്കി. കണ്ടുനിന്നവരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന കാഴ്ച.

ഈ പെട്ടി പിന്നെയും ക്രെയിനുപയോഗിച്ച് ഇരുമ്പഴികളുള്ള കൂട്ടിലേക്ക് എടുത്തുവച്ചു. ഇരുമ്പുകൂടിന് പുറത്ത് വലിയ ആനച്ചങ്ങലകൊണ്ട് കെട്ടി. ഇതിന്റെ ഓരോ കണ്ണികളും കൂടിനോടു ചേര്‍ത്ത് വെല്‍ഡിങ് മെഷീന്‍കൊണ്ട് വിളക്കി കൂട്ടിയോജിപ്പിച്ചു. ഈ പേടകം ബേപ്പൂര്‍ അങ്ങാടിയിലൂടെ ബാന്റ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ബേപ്പൂര്‍-ചാലിയം കടവിലെത്തിച്ചു.

ജങ്കാറില്‍ കയറ്റിയ ശേഷം കടലിന്റെയും ചാലിയാര്‍ പുഴയുടെയും സംഗമത്തില്‍ പേടകം നിക്ഷേപിച്ചു. പേടകത്തില്‍നിന്നു ചങ്ങലക്കെട്ടുകള്‍ അഴിച്ചുമാറ്റി മാന്ത്രികന്‍ പുറത്തുവരുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാന്ത്രികന്‍ അവിടെയെങ്ങും പൊങ്ങിയില്ല.

ഇതിനിടെ പ്രദീപ് ഹുഡിനോ വലിയ ഇരുമ്പ് പെട്ടിക്കകത്തേക്ക് ഇറക്കിയ വേളയില്‍ അപ്രത്യക്ഷനായെന്ന വാര്‍ത്ത പുറത്തുവന്നു. മാന്ത്രികന്‍ പെട്ടിക്കകത്ത് കയറാതെ തൊട്ടടുത്ത വേദിയുടെ പുറത്തേക്കു പോവുന്നത് അവിടെ നിന്നിരുന്ന കുട്ടികള്‍ കണ്ടതാണ് ഇന്ദ്രജാലം പൊളിയാന്‍ കാരണം. ജില്ലാ ടൂറിസം വകുപ്പാണ് പരിപാടിയുടെ സംഘാടകര്‍.

അപകടസാധ്യത മുന്നില്‍ക്കണ്ട് മുങ്ങല്‍വിദഗ്ധര്‍, ബേപ്പൂര്‍ ഖലാസികള്‍, യന്ത്രവല്‍കൃത ബോട്ടുകള്‍ എന്നിയടക്കം സര്‍വസന്നാഹങ്ങളും ഒരുക്കിയിരുന്നു. സംഘാടകരും പ്രദീപ് ഹുഡിനോയും പരസ്യമായി മാപ്പുപറയണമെന്ന ആവശ്യവുമായി ക്ഷുഭിതരായ നാട്ടുകാര്‍ കടല്‍ത്തീരത്ത് തമ്പടിച്ചിരുന്നു. പോലിസ് ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.