Latest News

പ്രണയ സ്വാതന്ത്ര്യത്തിനായി കൊച്ചിയില്‍ കെട്ടുത്താലി ചുട്ടെരിക്കല്‍ സമരം; സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: [www.malabarflash.com] പ്രണയ സ്വാതന്ത്ര്യത്തിനായി നടത്തുന്ന കെട്ടുത്താലി ചുട്ടെരിക്കല്‍ സമരം വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് റിപ്പോര്‍ട്ട്. ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 9ന് ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് നടക്കുന്ന സമരത്തിനെതിരെ രാഷ്ട്രീയ- മത വേര്‍തിരിവില്ലാതെ ജനങ്ങള്‍ സംഘടിക്കുമെന്നും അത് വലിയ രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമാവുമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘ആണ്‍- പെണ്‍ ബന്ധങ്ങള്‍ ദൈവീകവും പ്രകൃതിദത്തവുമായ ഒന്നാണെന്നും ജീവി വര്‍ഗത്തിന്റെ സൗന്ദര്യാത്മക പ്രണയസൗഹൃദങ്ങള്‍ രതിയിലേക്ക് ചുരുക്കി സദാചാരത്തിന്റെ പേരില്‍ ആക്രമിക്കുന്നത് യഥാര്‍ത്ഥ ജീവിതത്തിന്റെ ചലനാത്മക വികാസത്തിനും നിലനില്‍പ്പിനും ഭീഷണിയാണെന്നും’ ആരോപിച്ചാണ് കെട്ടുതാലി ചുട്ടെരിക്കല്‍ സമരം നടത്തുന്നത്.

പ്രണയത്തിനും ചുംബനത്തിനും ബലിത്തറകളൊരുക്കുന്ന സദാചാര കൊലയാളികള്‍ക്കെതിരെ ‘പ്രണയം സ്വതന്ത്ര്യം പ്രഖ്യാപിക്കുന്നു’ എന്ന് പ്രഖ്യാപിച്ച് മതാചാര ചിഹ്നമായ കെട്ടുതാലി ചുട്ടെരിച്ച് പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ അണിചേരാനാണ് ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തക സംഘം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്യുന്നത്.
പി.അംബികയാണ് ഈ പ്രകോപിത സമരത്തിന്റെ ഉദ്ഘാടക.

ചുംബന സമരവുമായി രംഗത്ത് വന്ന ന്യൂജനറേഷന്‍ സമരക്കാരെ ജനങ്ങള്‍ തെരുവിലിറങ്ങി കൈകാര്യം ചെയ്തതിന്റെ ചൂടാറും മുന്‍പാണ് സമൂഹത്തെ ഏറെ പ്രകോപിതമാക്കുന്ന സമരരീതിയുമായി ഞാറ്റുവേല സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഘം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

സ്വന്തം ജീവനേക്കാള്‍ വിലയേറിയതായി സമൂഹം കാണുന്ന കെട്ടുതാലി, ജാതി-മത വേര്‍തിരിവില്ലാതെ കുടുംബ ബന്ധങ്ങളുടെ ജീവന്റെ തുടിപ്പായി നിലകൊള്ളുന്ന സാഹചര്യത്തെ തച്ചുടക്കാനും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കി വഴി തെറ്റിക്കാനുമാണ് ഏതാനം ചിലര്‍ ആഭാസ സമരവുമായി രംഗത്ത് വന്നിരിക്കുന്നതെന്നാണ് പൊതു സമൂഹത്തിനിടയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായം.

കൊട്ടുതാലി, സമരക്കാരുടെ വീടുകളില്‍ ചുട്ടെരിക്കുന്നത് പോലും പാപമാണെന്നിരിക്കെ അതുമായി പൊതു സമൂഹത്തിനിടയില്‍ ഇറങ്ങി പരസ്യമായി ചുട്ടെരിക്കാന്‍ നോക്കിയാല്‍ വിവരമറിയുമെന്നാണ് കൊച്ചി നിവാസികളുടെ പ്രതികരണം.

ഈ പ്രകോപിത സമരത്തെ പൊലീസ് കര്‍ക്കശമായി നേരിട്ടില്ലെങ്കില്‍ ശക്തമായ പ്രതികരിക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച് കേട്ടറിഞ്ഞ ചെറുപ്പക്കാരും പ്രായമായവരും സ്ത്രീകളുമടക്കമുള്ള വലിയ വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിനോട് പോലും വൈകാരികമായി പ്രതികരിക്കുന്ന ജനങ്ങള്‍ സമരക്കാരോട് എങ്ങനെയാണ് പ്രതികരിക്കുക എന്നതാണ് ഇനി കണ്ടറിയേണ്ടത്.

അതേ സമയം സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് അനുകൂലികളാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടുതാലി ചുട്ടെരിക്കും മുന്‍പ് തന്നെ സമരക്കാരെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.