Latest News

വിവാഹത്തലേന്ന് വധുവിന്റെ വീട്ടില്‍നിന്നു കൊണ്ടുവന്ന സമ്മാനം തുറന്നപ്പോള്‍ അതിഥികള്‍ ഞെട്ടി

അകോള: [www.malabarflash.com] വീട്ടിലില്ലാത്ത ശോചനാലയം ചോദിച്ച മരുമകളോട് പ്രാഥമിക കാര്യങ്ങള്‍ക്കു വീടിനു പുറത്തേക്കു പോകാന്‍ നിര്‍ദേശിക്കുന്ന ഭര്‍തൃമാതാവിനെ പരസ്യങ്ങളിലൂടെയാണ് ബഹുഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും പരിചയം. ശോചനാലയമില്ലാത്ത വീട്ടിലേക്ക് മകളെ വിവാഹം ചെയ്തയക്കുമ്പോള്‍ എന്തുചെയ്യണമെന്ന് അല്‍പം പരിഹാസത്തോടെ പറയുകയാണ് മഹാരാഷ്ട്രയിലെ ഒരു കുടുംബം. മകളുടെ ഭര്‍തൃവീട്ടിലേക്ക് സ്ത്രീധനമായി ഒരു റെഡിമെയ്ഡ് കക്കൂസും കുളിമുറിയും തന്നെ സമ്മാനിച്ചാണ് ഈ കുടുംബം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്.

അകോളയിലെ ചൈതലി ഡി ഗലാഖേയുടെ വിവാഹത്തിനാണ് സവിശേഷമായ സമ്മാനം നല്‍കിയത്. ഏതാനും ആഴ്ച മുമ്പായിരുന്നു യവാത്മലിലെ ദേവേന്ദ്ര മഖോഡെയുമായി വിവാഹനിശ്ചയം. വിവാഹമുറപ്പിച്ച സമയത്ത് വിവാഹം കഴിച്ചുകൊണ്ടു പോകുന്ന വീട്ടില്‍ ശോചനാലയമില്ലെന്ന് ചൈതലി അറിഞ്ഞിരുന്നില്ല. പിന്നീട് ഇക്കാര്യം അറിഞ്ഞപ്പോള്‍ ചൈതലി അത് മാതാപിതാക്കളുമായി പങ്കുവച്ചു.

തുടര്‍ന്ന് റെഡിമെയ്ഡ് ശോചനാലയം നിര്‍മിച്ചു വിവാഹദിവസം ഭര്‍തൃവീട്ടിലെത്തിക്കാന്‍ ചൈതലിയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു വിവാഹം. 18000 രൂപ ചെലവിട്ടു നിര്‍മിച്ച റെഡിമെയ്ഡ് ശോചനാലയം വിവാഹത്തലേന്ന് ഭര്‍തൃവീട്ടിലെത്തിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍വച്ചുതന്നെ പ്രവര്‍ത്തനവും വിശദീകരിച്ചു.

സാധാരണ ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനുമൊക്കെയാണ് വിവാഹത്തിന്റെ ഭാഗമായി വധൂവീട്ടുകാര്‍ വരന്റെ വീട്ടിലേക്കു നല്‍കുക. ഇതിലൊന്നും തനിക്കു താല്‍പര്യം തോന്നിയില്ലെന്നും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സാഹചര്യമാണ് പ്രധാനമെന്നും കരുതി. തുടര്‍ന്നാണ് റെഡിമെയ്ഡ് ശോചനാലയം നല്‍കുന്നതിനെക്കുറിച്ച് മാതാപിതാക്കളോടു സംസാരിച്ചതെന്നു ചൈതലി പറഞ്ഞു.

ചൈതലിയുടെ ആവശ്യം ആദ്യം അംഗീകരിക്കാന്‍ പിതാവ് തയാറായിരുന്നില്ല. പിന്നീട് മകള്‍ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അതുതന്നെയാണ് ശരിയെന്നു തോന്നിയെന്നും പിതാവ് ദിലീപ് ഗലാഖേ പറഞ്ഞു. റെഡിമെയ്ഡ് ശോചനാലയം നിര്‍മിച്ചയാളും ചൈതലിയുടെ ആവശ്യം കേട്ട് അമ്പരന്നു. ക്ലോസറ്റ്, വാഷ് ബേസിന്‍, ഒരു കണ്ണാടി, കുളിമുറി എന്നിവ അടങ്ങുന്നതാണ് നിര്‍മിച്ചു നല്‍കിയ ശോചനാലയം.

വിവാഹത്തലേന്ന് വധുവിന്റെ വീട്ടില്‍നിന്നു കൊണ്ടുവന്ന സമ്മാനം തുറന്നപ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ ആദ്യമൊന്നു ഞെട്ടി. പിന്നീട് അകത്തുകയറി പരിശോധിച്ചു പുറത്തുവന്നവര്‍ തീരുമാനത്തെ പ്രശംസിച്ചു. ചൈതലിയുടെ തീരുമാനം തങ്ങള്‍ക്കു പ്രചോദനമായെന്നായിരുന്നു വിവാഹച്ചടങ്ങിനെത്തിയ മറ്റു സ്ത്രീകളുടെ അഭിപ്രായം. തന്റെ വിവാഹം നിശ്ചയിക്കുമ്പോള്‍ വരന്റെ വീട്ടില്‍ ശോചനാലയം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും ഇല്ലെങ്കില്‍ വിവാഹസമ്മാനമായി ഇത്തരത്തില്‍ ഒന്നു നിര്‍മിച്ചു നല്‍കുമെന്നാണ് ഒരു പെണ്‍കുട്ടി പ്രതികരിച്ചത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.