Latest News

ഷാഹുല്‍ ഹമീദിന്റെ കൊല; വിറങ്ങലിച്ച് ഉദുമ

ഉദുമ: [www.malabarflash.com] രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കെട്ടടങ്ങാത്ത ഉദുമയില്‍ ഒരു നിരപാരാധിയുടെ ജീവനെടുത്തതോടെ ജനങ്ങള്‍ ഭീതിയില്‍.

രാഷ്ട്രീയക്കാരുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ രാത്രികാലങ്ങളില്‍ നിരപരാധികള്‍ക്ക് നേരെ അക്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രാത്രി കാലങ്ങളില്‍ വാഹനങ്ങളിലും നടന്നും പോകുന്നവരെ പേര് ചോദിച്ചും, വസ്ത്രധാരണ നോക്കിയും അക്രമിക്കുന്നത് സാധാരണ സംഭവമാണ്. മുഖമൂടി അണിഞ്ഞാണ് ഈ അക്രമി സംഘങ്ങളുടെ വിളയാട്ടം.

ഇത്തരം സംഘത്തിന്റെ മര്‍ദ്ദനമേററാണ് തിങ്കളാഴ്ച രാത്രി മുക്കൂട് സ്വദേശിയും കണ്ണംകുളം ക്വട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദ് മരണപ്പെട്ടത്. ഉദുമ പടിഞ്ഞാറിലെ ബന്ധുവിന്റെ മരണ വിവരമറിഞ്ഞ് സഹോദരന്‍ ബാദുഷയോടൊപ്പം ബൈക്കില്‍ പോവുന്നതിനിടയിലാണ് കരിപ്പോടി ഗ്രീന്‍വുഡ്‌സ് സ്‌കൂളിന് സമീപത്തെ റോഡില്‍ ഒളിച്ചിരുന്ന അക്രമി സംഘം ഷാഹുല്‍ ഹമീദിനെയും ബാദുഷയെയും ക്രൂരമായി അക്രമിച്ചത്. സ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നുണ്ട്‌. [www.malabarflash.com] 

പാക്യാര ബദരിയ്യ നഗറിലേക്കുളള ഈ മണ്ണിട്ട റോഡ് തൊട്ടടുത്ത മതിലിന്റെ കല്ലുകള്‍ ഇളക്കിയെടുത്ത് തടസ്സമുണ്ടാക്കിയതിന് ശേഷമായിരുന്നു അക്രമം. സംഘര്‍ഷമേഖലയായ ഈ പ്രദേശത്ത് കൂടി രാത്രി നിരന്തരം പോലീസ് പെട്രോളിംങ്ങ് നടത്താറുണ്ട്. ഈ വഴിയിലൂടെ പോലീസ് വരാതിരിക്കാനാണ് റോഡിന് കല്ല് വെച്ച് അടച്ചതെന്നാണ് കരുതുന്നത്.

ഞായറാഴ്ച ആറാട്ടുകടവില്‍ വെച്ച് ഉദുമ നാലാംവാതുക്കലിലെ സിദ്ധീഖിനെ ഒരു സംഘം ആളുകള്‍ തടഞ്ഞു നിര്‍ത്തി ബ്ലൈഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയും കുപ്പികൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.അടുത്തിടെ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ സിദ്ധീഖ് സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടയിലാണ് അക്രമം. 

ഇതിന് പ്രതികാരം ചെയ്യാനെത്തിയവരാണ് ആളുമാറി ഷാഹുല്‍ ഹമീദിനെയും സഹോദരനെയും അക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിദ്ദീഖിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു

മുസ്‌ലിം ലീഗ്, സി.പി.എം, കോണ്‍ഗ്രസ്സ് സംഘര്‍ഷങ്ങളുടെ മറവില്‍ ഉദുമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിരപരാധികളെ അക്രമിക്കുന്നതും, വാഹനങ്ങളും, വീടുകളും, സ്ഥാപനങ്ങളും തകര്‍ക്കുന്നതും സ്ഥിരം സംഭവമാണ്. അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്താന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട് മോചിപ്പിക്കുന്നത് ഈ ക്രമിനല്‍ സംഘങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നു.

അതേ സമയം ഷാഹുല്‍ ഹമീദിനെ അക്രമിച്ച പത്തംഗ സംഘത്തെകുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അക്രമികളില്‍ ചിലരെ ബാദുഷയ്ക്ക് അറിയുന്നവരാണ്. ഇവരുടെ പേരുകള്‍ മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് ബാദുഷ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമനും സംഘവും ഉച്ചയോടെ മംഗലാപുരം ആശുപത്രിയിലെത്തി ഹമീദിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യത്ത് രാത്രിയോടെ മുക്കൂട് ജമാഅത്ത് പള്ളി പരിസരത്ത് ഖബറടക്കും.

അതേ സമയം ഉദുമ പഞ്ചായത്തിലെ സംഘര്‍ഷ മേഖലകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Advertisement

Keywords: Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.