Latest News

അരുവിക്കരയില്‍ കെ.എസ് ശബരിനാഥനിലൂടെ യു.ഡി.എഫിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം: [www.malabarflash.com] രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥനിലൂടെ യു.ഡി.എഫിന് ഉജ്ജ്വല വിജയം. 10128 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് ത്രികോണമത്സരം നടന്ന മണ്ഡലം ശബരിനാഥ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ജി.കാര്‍ത്തികേയന് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ വെറും 546 വോട്ടിന്റെ മാത്രം കുറവ്. 

34,145 വോട്ട് നേടിയ ബി.ജെ.പി അരുവിക്കരയില്‍ ചരിത്രം സൃഷ്ടിച്ചു. എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് എട്ടില്‍ ഏഴ് പഞ്ചായത്തുകളിലും ലീഡ് നേടിയാണ് ശബരിനാഥ് ജയിച്ചുകയറിയത്. ആറ് പോസ്റ്റല്‍ വോട്ടുകളില്‍ രണ്ട് വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്ന സി.പി.എമ്മിന്റെ എം.വിജയകുമാറിന് പിന്നീട് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല. യു.ഡി.എഫ് പ്രതീക്ഷ അര്‍പ്പിച്ചിരുന്ന തൊളിക്കോട് പഞ്ചായത്താണ് ആദ്യം എണ്ണിയത്. ആദ്യം 73 വോട്ടിന്റെ ലീഡ്. പിന്നെ ശബരി അത് ക്രമേണ ലീഡ് ഉയര്‍ത്തിക്കൊണ്ടിരുന്നു. 
തൊളിക്കോട് എണ്ണിക്കഴിഞ്ഞപ്പോള്‍ 1422 വോട്ടിന് ശബരിനാഥ് മുന്നിലെത്തി. എല്‍.ഡി.എഫ് പ്രതീക്ഷ വച്ച വിതുര എണ്ണിയപ്പോഴും ശബരിനാഥിന്റെ ലീഡ് ഉയര്‍ന്നതോടെ ഇടത് ക്യാമ്പ് അപകടം മണത്തു. വിതുരയില്‍ 1052 വോട്ടിന് മുന്നിലെത്തിയതോടെ വിജയകുമാറിന്റെ പ്രതീക്ഷകള്‍ മങ്ങി. അടുത്തതായി എല്‍.ഡി.എഫ് ഏറ്റവും മുന്നേറ്റം പ്രതീക്ഷിച്ച ആര്യനാട് എണ്ണുന്നു. അവിടവും വിജയകുമാറിനെ കൈവിട്ടു. അതോടെ തോല്‍വി മണത്തു. 

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഉഴമലയ്ക്കലിലും 368 വോട്ടിന്റെ ലീഡ് യു.ഡി.എഫ് പിടിച്ചതോടെ അവര്‍ വിജയം ഉറപ്പിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ആകെ ആശ്വാസം അരുവിക്കര പഞ്ചായത്തില്‍ 133 വോട്ട് ലീഡ് നേടാനായത് മാത്രമാണ്. യു.ഡി.എഫ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഉമ്മന്‍ ചാണ്ടിക്കും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ചേരുന്ന ത്രീമൂര്‍ത്തികളുടെ വിജയമായി ഫലം.
മറുവശത്ത് വി.എസ് മുന്നില്‍ നിന്ന് പടനയിച്ച് ആളെക്കൂട്ടിയിട്ടും അതൊന്നും വോട്ടായില്ല. പിണറായി വിജയന്‍ വോട്ട് ചോര്‍ച്ചതടയാന്‍ തന്ത്രങ്ങള്‍ മെനെഞ്ഞെങ്കിലും കൊഴിഞ്ഞുപോക്ക് തടയാനായില്ല. സംസ്ഥാന സെക്രട്ടറിയായി ആദ്യ ആങ്കത്തില്‍ നയിച്ച കോടിയേരിക്കും തിരിച്ചടിയായി. എവിടെ മത്സരിച്ചാലും വന്‍തോതില്‍ വോട്ട് നേടുന്ന ഒ.രാജഗോപാല്‍ ആ ചരിത്രം അരുവിക്കരയിലും ആവര്‍ത്തിച്ചു. 



Keywords: Kerala News,  Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.