Latest News

വിവാദം ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും മാത്രം; ജീവിതം സന്തോഷകരമെന്ന് ‘പൂജാരി’യും ഭാര്യയും

പയ്യന്നൂര്‍:[www.malabarflash.com] ‘പൂജാരിയോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി പീഡനം മൂലം വീട് വിട്ട് ഇറങ്ങി. തെരുവില്‍ പട്ടിയുടെ കടിയേറ്റ പെണ്‍കുട്ടിക്ക് അമ്മാവന്‍ അഭയം നല്‍കി.’ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്ന ഒരു വാര്‍ത്തയാണ് ഇത്.

വിവാഹത്തിന് രണ്ടുനാള്‍ മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ കുഞ്ഞിമംഗലത്തെ അബ്ദുള്‍ ലത്തീഫിന്റെ മകള്‍ മുബഷിറ(21)യെക്കുറിച്ചുള്ളതാണ് വാര്‍ത്ത. സോഷ്യല്‍ മീഡിയയിലെ ചില ഗ്രൂപ്പുകള്‍ മുസ്ലീം പെണ്‍കുട്ടി അന്യമതസ്ഥന്റെ കൂടി ഒളിച്ചോടിയതുമുതല്‍ അവര്‍ക്കെതിരെ അശ്ലീല തെറിവിളികളുമായി സജീവമാണ്. ഇവര്‍തന്നെയാണ് വിവാഹശേഷവും പെണ്‍കുട്ടിയെ വേട്ടയാടുന്നത്.

പെണ്‍കുട്ടിയുടെ സമുദായം അവരെ വേട്ടയാടുമ്പോള്‍ യുവാവിന്റെ സമുദാത്തില്‍പ്പെട്ട വര്‍ഗീയവാദികള്‍ സംരക്ഷകരെന്ന പേരില്‍ ഫേസ്ബുക്കില്‍ തിരിച്ചും പ്രതികരിക്കുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള വര്‍ഗീയ വാക്കേറ്റത്തിന് കാരണമായിരിക്കുന്നവരാകട്ടെ സന്തോഷകരമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്.

ഫേസ്ബുക്കിലെ വിവാദങ്ങളെക്കുറിച്ചൊന്നും തങ്ങള്‍ ചിന്തിക്കാറില്ലെന്ന് മുബഷിറയെ വിവാഹം ചെയ്ത രാഹുല്‍ ഒരു ഓണ്‍ലൈന്‍ പത്രത്തോട് പറഞ്ഞു . താന്‍ പൂജാരിയല്ലെന്നും അലൂമിനിയനം ഫാബ്രിക്കേഷന്‍ ജോലി ചെയ്താണ് ജീവിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ഏതെങ്കിലും അമ്പലത്തില്‍ താന്‍ പൂജ ചെയ്തിട്ടില്ല. തന്റെ ജാതി പൂജ ചെയ്യുന്നവരുടേതല്ലെന്നും രാഹുല്‍ പറയുന്നു.

വിവാഹശേഷം പെണ്‍വീട്ടുകാരില്‍ നിന്നും ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതില്‍ക്കവിഞ്ഞ് നാട്ടുകാരില്‍ നിന്നോ മത രാഷ്ട്രീയ സംഘടനകളില്‍ നിന്നോ ഭീഷണിയോ എതിര്‍പ്പോ ഉണ്ടായിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

മുബഷീറ വീട്ടില്‍ നിന്നും ഇറങ്ങിവന്നതിനുശേഷം രണ്ടുദിവസം മാറി താമസിച്ചിരുന്നു. പിന്നീട് പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. പോലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അവിടെവെച്ചാണ് വിവാഹം നടന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്ന നിലയിലല്ലാതെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല. തന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നുമില്ലാത്തതിനാല്‍ വീട്ടില്‍ത്തന്നെയാണ് താമസം. ജീവിതം സുഖകരമായാണ് മുന്നോട്ടു പോകുന്നത്. ആരും ഇറങ്ങിപ്പോവുകയോ പട്ടി കടിക്കുകയോ ചെയ്തിട്ടില്ല. വേര്‍പിരിയാനായല്ല തങ്ങള്‍ ഇഷ്ടപ്പെട്ടതും വിവാഹം ചെയ്തതുമെന്നും രാഹുല്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.