Latest News

ആതിരയുടെ ദുരൂഹ മരണം; അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍

തൃക്കരിപ്പൂര്‍: ഉദിനൂര്‍ തെക്കുപുറത്തെ ഉപേന്ദ്രന്‍-പത്മിനി ദമ്പതികളുടെ മകള്‍ ആതിര(20)യുടെ മരണം ദുരൂഹമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്ത് വന്നു.[www.malabarflash.com]

ചെറുവത്തൂര്‍ കാരി പതിക്കാലിലെ തേപ്പ് തൊഴിലാളി വി വി രതീഷിന്റെ ഭാര്യയായ ആതിര ജനുവരി 6ന് ഉച്ചയോടെയാണ് ഭര്‍തൃ വീട്ടില്‍ തീ പൊള്ളലേറ്റ് മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ജില്ലാ പോലീസ് സൂപ്രണ്ട്, വനിതാ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. 

ഭര്‍തൃവീട്ടിലെ ചിലരുടെ പീഡനത്തെ തുടര്‍ന്നാണ് മകള്‍ മരിക്കാന്‍ ഇടയായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉപേന്ദ്രനും പത്മാവതിയും പരാതിയില്‍ ആവശ്യപ്പെടുന്നു. 

കഴിഞ്ഞ വര്‍ഷം മെയ് 29 നായിരുന്നു രതീഷും ആതിരയും തമ്മിലുള്ള വിവാഹം നടന്നത്. മരിക്കുമ്പോള്‍ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണെങ്കിലും ഭര്‍തൃവീട്ടിലെ ചിലര്‍ ആതിരയെ പീഡിപ്പിച്ചുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. 

ആതിരയുടെ മരണത്തിന് ഏതാനും ദിവസം മുമ്പ് അമ്മയുടെ അമ്മാവന്‍ അമ്പു അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് തറവാട്ട് വീട്ടിലായിരുന്ന ആതിര മരണപ്പെടുന്നതിന് തലേ ദിവസമാണ് ഭര്‍തൃവീട്ടിലേക്കെത്തിയത്.
സംഭവ ദിവസം രാവിലെ രതീഷും അമ്മ നാരായണിയും പതിവ് പോലെ ജോലിക്ക് പോയിരുന്നു. ഉച്ചയോടെ നാരായണി തിരിച്ചെത്തിയപ്പോഴാണ് കിടപ്പ് മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആതിരയുടെ മൃതദേഹം കാണപ്പെട്ടത്. 

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആതിരയുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.