Latest News

കൂട്ട മരണത്തിലെ ദുരൂഹത മാറാതെ കടലോരം

തൃക്കരിപ്പൂര്‍: [www.malabarflash.com] യുവതിയുടെയും മക്കളുടെയും മരണത്തിന്റെ ചുരുളഴിയാതെ കടലോരഗ്രാമം. സൗമ്യക്കും മക്കള്‍ക്കും വലിയപറമ്പിന്റെ അന്ത്യാഞ്ജലി. ഞായാറാഴ്ച പകല്‍ മൂന്നോടെ കിടപ്പുമുറിയില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ ചെറുകാനത്തെ ജയകുമാറിന്റെ ഭാര്യ സി സൗമ്യ (32), മക്കളായ യദുനന്ദ (7), ദേവാംഗന (4) എന്നിവരുടെ മൃതദേഹം തിങ്കളാഴ്ച പകല്‍ രണ്ടോടെ മാവിലാക്കടപ്പുറത്ത് സംസ്കരിച്ചു.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് സ്കൂട്ടറിലെത്തിയശേഷമാണ് രണ്ടു മക്കളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയശേഷം സൗമ്യയും ആത്മഹത്യ ചെയ്തത്. മരണത്തിന് പ്രേരിപ്പിച്ച ഗൗരവമായ വിഷയങ്ങളൊന്നുമില്ലെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. രണ്ട് വീട്ടുകാരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചാലേ വസ്തുത വെളിച്ചത്ത് കൊണ്ടുവരാനാകു.

ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള സൗമ്യയുടെ കുറിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് മാവിലാക്കടപ്പുറത്തെ വീട് പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. നീലേശ്വരം സിഐ പ്രേമരാജന്‍, എസ്ഐ രാജേഷ് എന്നിവര്‍ക്കാണ് അന്വേഷണച്ചുമതല.

ഭര്‍ത്താവ് ജയകുമാര്‍ സുഹൃത്തുക്കളോടൊപ്പം ഞായറാഴ്ച രാവിലെ കൊട്ടിയൂരിലേക്ക് പോയനേരത്താണ് സൗമ്യ മക്കളെയുംകൂട്ടി മാവിലാക്കടപ്പുറത്തേക്ക് പുറപ്പെട്ടത്. ഈ സമയം ജയകുമാറിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതും ചില വിഷയങ്ങളിലുള്ള അഭിപ്രായവ്യത്യാസവും നിലനില്‍ക്കുന്നതിനാലുണ്ടായ മനോവിഷമമാകാം കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം മാവിലാകടപ്പുറം എല്‍പി സ്കൂള്‍ പരിസരത്ത് പൊതുദര്‍ശനത്തിന് വച്ചു. നിറകണ്ണുകളോടെ നൂറുകണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ശ്യാമള, സിപിഐ എം ഏരിയാസെക്രട്ടറി ഇ കുഞ്ഞിരാമന്‍, സി വി കണ്ണന്‍, പി പി സുകുമാരന്‍, പി കുഞ്ഞിക്കണ്ണന്‍, പടന്ന പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പി സി സുബൈദ, കെ ശ്രീകാന്ത്, പി കോരന്‍, കെ കുഞ്ഞിരാമന്‍, പി കെ ഫൈസല്‍ തുടങ്ങി രാഷ്ടീയ- സാമൂഹ്യരംഗത്തെ നിരവധിയാളുകള്‍ അന്ത്യോപചാരമര്‍പിച്ചു. 

Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.